ശ്രീജിത്തിന്റെ സമരം: ചെന്നിത്തലക്കെതിരായ പ്രതിഷേധത്തില്‍ വാക്പയറ്റ്
തിരുവനന്തപുരം: ശ്രീജിത്തിനെ സെക്രട്ടേറിയറ്റിന് മുന്നില്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേയുണ്ടായ പ്രതിഷേധത്തെ ചൊല്ലി സാമൂഹിക മാധ്യമത്തില്‍ വാക്പയറ്റ്. പ്രതിഷേധം ആസൂത്രിതമാണെന്ന് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ ആരോപിച്ചു. പ്രതിഷേധ സ്വരമുയര്‍ത്തിയ യുവാവിനെതിരേ ആക്ഷേപവുമായി ചെന്നിത്തലയും രംഗത്തെത്തി. തനിക്കെതിരേ സംസാരിച്ച ശ്രീജിത്തിന്റെ സുഹൃത്ത് സി.പി.എം ഇറക്കിയ കൂലിത്തല്ലുകാരനാണെന്നും കൂടുതല്‍ ഡെക്കറേഷന്‍ വേണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം, യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ ജിതിന്‍ദാസ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് താഴെ ചെന്നിത്തല കമന്റിടുകയായിരുന്നു. പിന്നാലെ ഫേസ്ബുക്കില്‍ വാഗ്വാദങ്ങള്‍ ഉടലെടുത്തു. പ്രതിഷേധിച്ച യുവാവിന് ചെന്നിത്തലയോട് വ്യക്തിപരമായി വിദ്വേഷം ഉണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. മുന്‍പ് ഒരു കേസില്‍ പെട്ടപ്പോള്‍, അത് ഒഴിവാക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല വഴങ്ങിയില്ലെന്നായിരുന്നു പ്രധാന ആരോപണം. ഇതിനു മറുപടിയുമായി യുവാവ് തന്നെ രംഗത്തെത്തി. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തന്നെ വിദ്യാര്‍ഥി സംഘടനയിലൂടെ വളര്‍ന്നുവന്ന ആളാണെന്നും സമരങ്ങളില്‍ പങ്കെടുത്ത് പൊലിസ് മര്‍ദനമേറ്റിട്ടുണ്ടെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ പിതാവ് കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്നും താന്‍ കേസുകള്‍ നേരിട്ടത് കോണ്‍ഗ്രസിനും കെ.എസ്.യുവിനും വേണ്ടിയായിരുന്നുവെന്നും യുവാവ് എഴുതി. ഇതിനുപുറമേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.എസ്.യു മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന്റെ ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് പക്ഷം പിടിച്ചുള്ള വാഗ്വാദം ഫേസ്ബുക്കില്‍ തുടരുകയാണ്.
ഇന്നലെ ശ്രീജിത്തിനെ സമരസ്ഥലത്ത് സന്ദര്‍ശിച്ച ചെന്നിത്തലയോട് ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു യുവാവ് പ്രതിഷേധിച്ചത്. 'താങ്കള്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ സംഭവിച്ച കേസാണിത്. അന്നു ശ്രീജിത്ത് താങ്കളെ വന്നുകണ്ടിരുന്നു. റോഡരികില്‍ സമരം ചെയ്താല്‍ പൊടിയടിക്കും കൊതുക് കടിക്കും എന്നൊക്കെയാണ് താങ്കള്‍ പറഞ്ഞത്. ഇതാണോ സാറേ സഹായം..? ' ഇതൊക്കെ ചോദിക്കാന്‍ നിങ്ങള്‍ക്ക് എന്തു അധികാരമെന്ന് തിരിച്ചു ചോദിച്ച ചെന്നിത്തലയോട് 'പൊതുജനമാണ് സാര്‍' എന്നായിരുന്നു യുവാവിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."