ഗതാഗത പരിഷ്‌കരണം ട്രാഫിക് ഐലന്റ് പരിസരത്ത് ഗതാഗതത്തെ താളം തെറ്റിക്കുന്നു
ചാവക്കാട്: അടിസ്ഥാന സജീകരണമൊരുക്കാതെ ആരംഭിച്ച ഗതാഗത പരിഷ്‌ക്കരണം ട്രാഫിക് ഐലന്റ് പരിസരത്ത് ഗതാഗതത്തെ താളം തെറ്റിക്കുന്നു. പൊലീസ് നോക്കി നില്‍ക്കെ വാഹനങ്ങള്‍ ഒരേ സമയം മത്സരിച്ച് നേര്‍ക്ക് നേരെ കയറി വന്നുള്ള അപകടങ്ങള്‍ പതിവാകുന്നു.
നഗരത്തില്‍ ട്രാഫിക് ഐലന്റ് ജംങ്ഷനില്‍ ചേറ്റുവ ഭാഗത്ത് നിന്ന് നേരെ കുന്നംകുളം ഭാഗത്തേക്കും ഏനാമാവ് റോഡില്‍ നിന്ന് നേരെ ബീച്ച് റോഡിലേക്കും വരുന്ന വാഹനങ്ങളാണ് പതിവായി അപകടത്തിലാകുന്നത്. ട്രാഫിക് ഐലന്റ് പരിസരത്തെ നാല് കൂടിയ റോഡിലത്തെുമ്പോള്‍ ഇടത് ഭാഗമായ ചേറ്റുവ റോഡില്‍ നിന്ന് വരുന്ന വാഹനങ്ങളെ ഏനാമാവ് റോഡിലൂടെ വരുന്നവരും വലത് ഭാഗമായ ഏനാമാവ് റോഡില്‍ നിന്ന് വരുന്ന വാഹനങ്ങളെ ചേറ്റുവ ഭാഗത്ത് നിന്ന് വരുന്നവരും ഗൗനിക്കാതെയാണ് അതിവേഗത്തില്‍ കടന്നു പോകുന്നത്. ഗതാഗത നിയമത്തിനു വിപരീതമായി ഏനാമാവ് റോഡില്‍ നിന്നുള്ളവരെ ചേറ്റുവ റോഡിലേക്കും ചേറ്റുവ റോഡില്‍ നിന്നുള്ളവരെ തിരിച്ചും കയറ്റാതെ വണ്‍വെ സംവിധാനം തെറ്റിക്കാതെ നോക്കി നിയന്ത്രിക്കാന്‍ മാത്രമാണ് ഇവിടെ ഹോം ഗാര്‍ഡുകള്‍ നില്‍ക്കുന്നത്. ഇവര്‍ നോക്കി നില്‍ക്കുമ്പോഴാണ് പലപ്പോഴും അപകടം നടക്കുന്നതും. ഞായറാഴ്ച്ച ഒരു വനിത അതിവേഗം വാഹനമോടിച്ച് മുമ്പില്‍ പോയ കാറ് മറ്റൊരു കാറിന്റെ പുറകിലിടിച്ചിരുന്നു. നിസാര പരിക്കുകളോടെയാണ് അവര്‍ രക്ഷപെട്ടത്. ഈ സമയം ഏനാമാവ് റോഡില്‍ നിന്ന് കയറി വന്ന ഇതര സംസ്ഥാനത്ത് നിന്നുള്ള ടൂറിസ്റ്റ് ബസ് കയറിപ്പോകാതിരിക്കാനാണ് ഈ സ്ത്രീ അതിവേഗത്തില്‍ വാഹനമോടിച്ചത്. ഇടത് ഭാഗം നോക്കുന്ന തത്രപ്പാടില്‍ മുന്‍ഭാഗത്തെ ബസിലിടിക്കുകയായിരുന്നു. പകല്‍ ഇതാണ് ഇവിടെ അവസ്ഥയെങ്കില്‍ രാത്രിയിലെ കാര്യം ഭയാനകമാണ്. ഒരു നിയന്ത്രണവുമില്ലാതെയാണ് നാല് ഭാഗത്ത് നിന്നുള്ള വാഹനങ്ങളും തലങ്ങും വിലങ്ങും ഇവിടെ ചീറിപ്പായുന്നത്. ട്രാഫിക് ഐലന്റ് മൂടിക്കെട്ടി ഉയരം കൂടിയ സിഗ്‌നല്‍ ബോര്‍ഡുകള്‍ വെച്ചിരിക്കുന്നതിനാല്‍ എതിര്‍ഭാഗത്തെ വാഹനങ്ങള്‍ ചെറിയ വാഹനങ്ങളിലുള്ളവര്‍ക്ക് കാണാനാകുന്നില്ല. അതിവേഗം വരുന്ന വാഹനങ്ങള്‍ മുന്നിലത്തെുമ്പോഴാണ് മറ്റുവാഹനങ്ങള്‍ കാണുന്നത്. അതിനാല്‍ രാത്രിയും ഇവിടെ അപകടങ്ങള്‍ പതിവാകുകയാണ്. ഒരു മാറ്റവും വരുത്തിയില്ലെങ്കിലും ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച സമരപരിപാടികള്‍ നയിക്കാനാളില്ലാതെ കെട്ടടങ്ങിയതായും ആരോപണമുണ്ട്. കച്ചവടം കുറയുന്നുവെന്ന് പരാതി പെട്ടവരുടെ രോധനവും അവസാനിച്ചു. അതേ സമയം നഗരത്തിലെ വന്‍ അപകടസാധ്യത കണക്കിലെടുത്തുള്ള നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെയും പരിസരത്തെ വ്യാപാരികളുടേയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."