സഫാരി സമ്മേളനവും മത്സ്യഭക്ഷ്യകാര്‍ഷിക മേളയും ഇന്ന് തുടങ്ങും
കൊച്ചി: മത്സ്യമേഖലയില്‍ ഉപഗ്രഹവിദ്യകള്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര സഫാരി (സൊസൈറ്റല്‍ ആപ്ലിക്കേഷന്‍സ് ഇന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ യൂസിങ് റിമോട്ട് സെന്‍സിങ് ഇമേജറി) സമ്മേളനം ഇന്ന് തുടങ്ങും. മൂന്ന് ദിവസം നീളുന്ന സമ്മേളനത്തില്‍ മത്സ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ഉപഗ്രഹ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള രൂപരേഖ തയാറാക്കും. രാവിലെ 10ന് കേന്ദ്ര കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ദേശീയ കാര്‍ഷിക ഗവേഷണ സമിതിയുടെ (ഐ.സി.എ.ആര്‍) ഡയറക്ടര്‍ ജനറലുമായ ഡോ. ത്രിലോചന്‍ മൊഹാപത്ര സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച്, പൊതുജനങ്ങള്‍ക്കായി മത്സ്യ-ഭക്ഷ്യ-കാര്‍ഷിക മേളയും ഒരുക്കിയിട്ടുണ്ട്. കൂടുകൃഷിയില്‍ വിളവെടുത്ത ജീവനുള്ള കാളാഞ്ചി, കരിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍, പൊക്കാളി അരി, പൊക്കാളി പുട്ടുപൊടി, വിവിധയിനം സുഗന്ധവ്യഞ്ജനങ്ങള്‍, ട്യൂണ ഓയില്‍, സംസ്‌കരിച്ച ട്യൂണ, ട്യൂണ അച്ചാര്‍, ശീതീകരിച്ച ചെമ്മീന്‍, ഓയിസ്റ്റര്‍ വിഭവങ്ങള്‍, ജൈവ പച്ചക്കറി തുടങ്ങി അനേകം ഉല്‍പ്പങ്ങള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സ്വയം സഹായക സംഘങ്ങളുടെയും സ്റ്റാളുകളില്‍ ലഭ്യമാകും. ഐ.എസ്.ആര്‍.ഒ, ഇന്‍കോയിസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകളില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കും. സമുദ്ര അലങ്കാര മത്സ്യങ്ങളുടെ ശേഖരങ്ങളുള്ള മറൈന്‍ അക്വേറിയവും കാണാം. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമുദ്രശാസ്ത്രജ്ഞര്‍, ഉപഗ്രഹസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍, നയതന്ത്രജ്ഞര്‍, ഗവേഷകര്‍ തുടങ്ങിയവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തില്‍ പ്രത്യേക ചര്‍ച്ച 17ന് നടക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പുറമെ, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കേരള ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരും പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുക്കും. ഐക്യരാഷ്ട്രസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഗവേഷണ പരിപാടിയാണ് സഫാരി. ഉപഗ്രഹ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ത്രിദിന പരിശീലന പരിപാടി സമാപിച്ചു. മത്സ്യബന്ധന മേഖലയില്‍ ഉപകരിക്കാവുന്ന യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏറ്റവും പുതിയ ഉപഗ്രഹ വിവര വിശകലന സോഫ്റ്റവെയറുകളെക്കുറിച്ചായിരുന്നു പരിശീലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."