ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് മലയാളത്തില്‍ ആക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പരിശോധനാ നിഗമനങ്ങളും ലാബുകളിലെ പരിശോധനാഫലവും മലയാളത്തിലാക്കിയാല്‍ രോഗിയും ഡോക്ടറും തമ്മിലുള്ള ആശയവിനിമയം സുതാര്യമാകുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പാലക്കാട് പാറശേരി സേതുമാധവന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്.
പരാതിക്കാരന്റെ ഗര്‍ഭിണിയായ ഭാര്യ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ ആയിരുന്നെന്നും ഗര്‍ഭപാത്രത്തിന് വികാസമില്ലാത്തതിനാല്‍ ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ചതായും ഡോക്ടര്‍ അറിയിച്ചു. ഇരട്ടക്കുട്ടികള്‍ അണെന്നത് തന്നെ യഥാ സമയം അറിയിച്ചിരുന്നില്ലെന്നും സംഭവത്തിന് ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളാണെന്നും ചൂണ്ടിക്കാട്ടിയാണ് സേതുമാധവന്‍ കമ്മിഷനെ സമീപിച്ചത്.
പരാതിക്കാരന്റെ ഭാര്യക്ക് ഗര്‍ഭാവസ്ഥയിലുള്ളത് ഇരട്ടക്കുട്ടികളാണെന്ന് ഒ.പി ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതായി ആശുപത്രി നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
ഒ.പി ടിക്കറ്റിലുള്ളത് ഇംഗ്ലീഷിലുള്ള കുറിപ്പുകളും വിദഗ്ധര്‍ക്ക് മാത്രം മനസിലാകുന്ന സൂചകങ്ങളുമാണെന്ന് കമ്മിഷന്‍ കണ്ടെത്തി. ഒ.പി ടിക്കറ്റിലെ ഡോക്ടറുടെ കുറിപ്പ് മലയാളത്തിലായിരുന്നെങ്കില്‍ പരാതിക്കാരന് മനസിലാക്കാമായിരുന്നു. ആശുപത്രിയും ഡോക്ടര്‍മാരും തന്റെ ഇരട്ടക്കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന പരാതിക്കാരന്റെ വാദം തെറ്റല്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."