വെല്ലുവിളിയെ നേരിടുന്ന നീതിപീഠം
നമ്മുടെ ഭരണഘടനയില്‍ നിയമനിര്‍മാണസഭയ്ക്കും എക്‌സിക്യുട്ടീവിനും ജ്യുഡീഷ്യറിക്കും തുല്യസ്ഥാനമാണു നല്‍കപ്പെട്ടിട്ടുള്ളത്. ഭരണഘടനയെ താങ്ങിനിര്‍ത്തുന്ന ഈ നെടുംതൂണുകളില്‍ അതിപ്രധാനമാണു ജ്യുഡീഷ്യറി.
'നീതിന്യായപരിപാലനമാണു ഭരണകൂടത്തിന്റെ മുഖ്യചുമതല. അതു കരഗതമാക്കുന്നതുവരെയോ കരഗതമാക്കാനുള്ള ശ്രമത്തില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു പോകുന്നതുവരെയോ അതിനുവേണ്ടി എക്കാലത്തും തേടി നടന്നിട്ടുണ്ട്. ഇനിയും നടക്കുകയും ചെയ്യും.' എന്നാണു സുപ്രസിദ്ധമായ 'ഫെഡറലിസ്റ്റ് ' എന്ന ലേഖനപരമ്പരയില്‍ പ്രമുഖരായ അമേരിക്കന്‍ ഭരണഘടനാനിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടത്.
നീതിന്യായപരിപാലനം അതിസൂക്ഷ്മമായി കൈകാര്യം ചെയ്യപ്പെടേണ്ടതും വിഷമം പിടിച്ചതുമായ ചുമതലയാണ്. പരസ്പരം തര്‍ക്കിക്കുന്ന വ്യക്തികള്‍ തമ്മിലുള്ള വിവാദപ്രശ്‌നം ന്യായമായി തീരുമാനിക്കപ്പെടുകയെന്ന പ്രക്രിയയാണ് അതിലടിങ്ങിയിട്ടുള്ളത്. കക്ഷികള്‍ക്കു നീതിന്യായവ്യവസ്ഥയുടെ നിഷ്പക്ഷതയില്‍ വിശ്വാസമില്ലെങ്കില്‍ നീതിന്യായപരിപാലനം നിരര്‍ത്ഥകമാകും.
ഏതെങ്കിലും ആളുകളുടെ ഭരണത്തിന്‍കീഴിലില്ല, നിയമത്തിന്റെ ഭരണത്തിന്‍കീഴില്‍ കഴിയാനാണ് മനുഷ്യന്‍ ദീര്‍ഘകാലമായി സമരം ചെയ്തുപോന്നത്. ഒരേ നിയമം എല്ലാവര്‍ക്കും ബാധകമാകലാണത്. വാദിയുടെയോ പ്രതിയുടെയോ രാഷ്ടീയാഭിപ്രായം, മതവിശ്വാസം എന്നിവ നോക്കിയോ ഭരിക്കുന്നവരുടെ മനസ്സിനൊത്തോ (അ)നീതി പരിപാലിച്ച വ്യവസ്ഥയോടു പടപൊരുതിയാണു നീതിന്യായപരിപാലനം സ്വതന്ത്രവും നിഷ്പക്ഷമാവുമാകണമെന്ന അവസ്ഥ അംഗീകരിക്കപ്പെട്ടത്.
ഇന്ത്യന്‍ നീതിപീഠത്തിന്റെ നിഷ്പക്ഷതയെക്കുറിച്ചു ഗുരുതരമായി ചോദ്യങ്ങളുയര്‍ത്തി സുപ്രിംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ 'കലാപ'ത്തിന്റെ പശ്ചാത്തലത്തിലാണു രാജ്യം. ഇന്ത്യാചിരിത്രത്തിലിന്നുവരെ ഇല്ലാത്ത ഗുരുതരസംഭവമാണ് അത്യുന്നതനീതിപീഠത്തിലെ ന്യായാധിപന്മാര്‍ കോടതി വിട്ടിറങ്ങി ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്താസമ്മേളനം നടത്തുകയെന്നത്. അത്തരമൊരു വലിയ പൊട്ടിത്തെറിയുടെ നടുക്കത്തിലാണു നിയമലോകവും രാജ്യവും.
ഏതാനും മാസങ്ങളായി സുപ്രിംകോടതിയുടെ ഭരണം ശരിയായ രീതിയിലല്ലെന്നും അക്കാര്യം ജനങ്ങളെ അറിയിക്കേണ്ട ഉത്തരാവദിത്വം നിറവേറ്റുകയാണെന്നുമാണു ജഡ്ജിമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഏതൊക്കെ ജഡ്ജിമാര്‍ ഏതൊക്കെ കേസുപരിഗണിക്കണമെന്നു തീരുമാനിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരം ജസ്റ്റിസ് ദീപക് മിശ്ര ദുരുപയോഗിക്കുന്നുവെന്നാണ് കുറ്റാരോപണം. മാസങ്ങള്‍ക്കു മുമ്പ് ഇക്കാര്യം വ്യക്തമാക്കി തങ്ങള്‍ ചീഫ് ജസ്റ്റിസിനു നല്‍കിയ പരാതിയുടെ പകര്‍പ്പും അവര്‍ പുറത്തുവിട്ടു.
പ്രശ്‌നം വഷളാക്കാതെ രമ്യമായി പരിഹരിക്കാന്‍ മാസങ്ങള്‍ക്കു മുമ്പ് ചീഫ് ജസ്റ്റിസിന് അവസരം നല്‍കിയിരുന്നെന്ന് അര്‍ത്ഥം. അതു നടക്കാതെ നിവൃത്തികെട്ടാണ് ഇത്തരമൊരു നടപടിക്കു മുതിര്‍ന്നതെന്നാണു ജസ്റ്റിസ് ചെലമേശ്വര്‍ വിശദീകരിച്ചത്. ജനാധിപത്യം കാത്തുസൂക്ഷിക്കണമെങ്കില്‍ പരമോന്നത നീതിപീത്തെ തെറ്റായ മാര്‍ഗത്തില്‍ നിന്നു സംരക്ഷിക്കണം. അതിനുള്ള മാര്‍ഗമായാണു ജനകീയ കോടതിയിലെത്തുന്നത്. കേസ് പരിഗണിക്കുന്ന ബെഞ്ച് തീരുമാനിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടലും പിന്നാമ്പുറനീക്കങ്ങളും ഉണ്ടെന്നു കുറച്ചുകാലമായി പുറത്തുകേള്‍ക്കുന്ന ആരോപണങ്ങള്‍ ശരിയായിരുന്നുവെന്നു തെളിയിക്കുന്നതാണ് ജഡ്ജിമാരുടെ പ്രതിഷേധവാക്കുകളിലെ കാതല്‍.
ഹൈക്കോടതി, സുപ്രിംകോടതി ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന അഞ്ചംഗ കൊളീജിയത്തില്‍ മുമ്പും ഭിന്നതയുണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം കൊളീജിയത്തിനുള്ളില്‍ പരിഹരിക്കപ്പെടുന്നതായിരുന്നു കീഴ് വഴക്കം. ചരിത്രത്തിലാദ്യമായാണു ചീഫ് ജസ്റ്റിസില്‍ അവിശ്വാസം പ്രകടിപ്പിച്ചു കൊളീജിയത്തിലെ അംഗങ്ങളായ നാലു ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവരുന്നത്.
സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ജഡ്ജിമാര്‍ വിവിധ ബെഞ്ചുകളെ നയിക്കുന്നതാണു സുപ്രിംകോടതിയിലെ കീഴ്‌വഴക്കം. ബി.ജെ.പി ദേശീയപ്രസിഡന്റും പ്രധാനമന്ത്രിയുടെ വത്സലശിഷ്യനുമായ അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ കേസ് കേട്ട സി.ബി.ഐ ജഡ്ജി വി.എച്ച്.ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട ഹര്‍ജി ഈ കീഴ്്‌വഴക്കം അവഗണിച്ചു സീനിയോറിറ്റിയില്‍ പത്താമനായ ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടതാണു മുതിര്‍ന്ന നാലു ജഡ്ജിമാരെ ഒടുവിലായി പ്രകോപിച്ചത്.
കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും താല്‍പ്പര്യമുള്ള പല കേസുകളും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കേള്‍ക്കുകയോ അതല്ലെങ്കില്‍ അരുണ്‍മിശ്രയുടെ ബെഞ്ചിലേയ്ക്കു വിടുകയോ ചെയ്യുകയാണെന്ന ആക്ഷേപമുണ്ട്. നരേന്ദ്രമോദിയടക്കമുള്ള പല ബി.ജെ.പി നേതാക്കളുമുള്‍പ്പെട്ട സഹാറാ-ബിര്‍ള ഡയറി കേസ്, ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായി പരോക്ഷ ആരോപണമുള്ള മെഡിക്കല്‍ കോഴകേസ്, ആധാര്‍ കേസ്, അയോധ്യ കേസ് എന്നിവ ഉദാഹരണങ്ങളാണ്. സഹാറ, ബിര്‍ള ഡയറിക്കുറിപ്പുകളില്‍ കോപ്പറേറ്റുകള്‍ പണം നല്‍കിയവരുടെ പട്ടികയില്‍ മോദിയുടെയും ശിവരാജ്‌സിങ് ചൗഹാന്റെയുമൊക്കെ പേരുണ്ട്. അന്വേഷണത്തിനുപോലും ഉത്തരവിടാതെ ജസ്റ്റിസ് അരുണ്‍മിശ്ര ആ കേസ് തള്ളി.
വിഷയം സുപ്രിംകോടതിയിലെ ആഭ്യന്തരപ്രശ്‌നമാണെന്നും അവിടെത്തന്നെ പരിഹരിക്കണമെന്നുമുള്ള നിലപാടിലാണു കേന്ദ്രസര്‍ക്കാര്‍. അതേസമയം, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്രമിശ്രയെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗികവസതിയിലേയ്ക്ക് അയച്ചു. അതെന്തിനായിരുന്നുവെന്ന ചോദ്യം ഉത്തരം കിട്ടാതെ നില്‍ക്കുകയാണ്. മുന്‍കൂട്ടി അറിയിച്ചില്ലെന്ന കാരണത്താല്‍ മിശ്രയെക്കാണാന്‍ ചീഫ് ജസ്റ്റിസ് തയാറായില്ലെന്നതു യാഥാര്‍ത്ഥ്യം. കേന്ദ്രസര്‍ക്കാരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നു നിയമലോകത്തെ ധരിപ്പിക്കാനായിരിക്കാം അങ്ങനെ ചെയ്തത്.
പ്രധാന കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ കേള്‍ക്കണമെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി മുന്‍ ജഡ്ജി പി.വി സാവന്ത്, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.പി ഷാ, മദ്രാസ്-ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായിരുന്ന കെ.ചന്ദ്ര, എച്ച്.സുരേഷ് എന്നിവര്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരണത്തിനു നല്‍കിയ തുറന്ന കത്ത് പ്രാധാന്യമര്‍ഹിക്കുന്നതാണ്. കേസുകള്‍ വീതിച്ചുനല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെങ്കിലും അതു മറ്റു ജഡ്ജിമാരുടെ മേലുള്ള പരമാധികാരമല്ലെന്നു ആ കത്തില്‍ പറയുന്നു.
ചീഫ് ജസ്റ്റിസിന്റെ നടപടിയോടു ശക്തമായ വിയോജിപ്പു രേഖപ്പെടുത്തി നാലു മുതിര്‍ന്ന ന്യായാധിപന്മാര്‍ നടത്തിയ പത്രസമ്മേളനം ഇന്ത്യന്‍ ജ്യുഡീഷ്യറിയെ വലിയൊരു പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണെന്നതില്‍ തര്‍ക്കമില്ല. ജ്യുഡീഷ്യറിയിലെ കൊള്ളരുതായ്മകള്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ഈ പരസ്യ വെളിപ്പെടുത്തലുകള്‍. ജുഡീഷ്യറി നിലനില്‍ക്കുകയും ശക്തിപ്പെടുകയും വേണം. അതിനുള്ള ശ്രമമാണ് ഇനി അടിയന്തിരമായി വേണ്ടത്.
പത്രസമ്മേളനം നടത്തിയ ജഡ്ജിമാരുമായി ചര്‍ച്ച ചെയ്യാനോ ഫുള്‍കോര്‍ട്ട് വിളിച്ചുകൂട്ടാനോ ചീഫ് ജസ്റ്റിസ് തയാറായേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. ഫുള്‍കോര്‍ട്ട് വിളിച്ചുകൂട്ടി പ്രശ്‌നം പരിഹാരിക്കാനാകുമെങ്കില്‍ അതാണു നല്ലത്.
ഉന്നത ജുഡീഷ്യല്‍ മേധാവികള്‍ പത്രലേഖകരെ കണ്ടതിന്റെ അഭംഗി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ നാലാമത്തെ നെടുംതൂണാണു മാധ്യമങ്ങളെന്ന വസ്തുത ഇക്കൂട്ടര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്.
ജനാധിപത്യവ്യവസ്ഥയില്‍ നിയമനിര്‍മാണസഭയെയും എക്‌സിക്യുട്ടീവിനെയും നേര്‍വഴിക്കു നയിക്കാനുള്ള ചുമതല പോലെ ജ്യൂഡീഷ്യറിയെ കുറ്റമറ്റതാക്കാനുള്ള വിമര്‍ശനം നടത്താനും ബാധ്യതയുണ്ട് മാധ്യമങ്ങള്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."