വലപ്പാട് സി.ഐക്ക് സഹകരണ വകുപ്പ് മന്ത്രിയുടെ പരസ്യ ശാസന
വാടാനപ്പള്ളി: വലപ്പാട് സി.ഐ ആര്‍.രതീഷ്‌കുമാറിന് സഹകരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്റെ പരസ്യ ശാസന.
പാര്‍ട്ടി നേതാക്കള്‍ക്കു മുന്നില്‍ വെച്ചായിരുന്നു സി.ഐയെ മന്ത്രി ശാസിച്ചത്. സി.എന്‍.ജയദേവന്‍ എം.പിയോടൊപ്പമാണ് മന്ത്രി എ.സി.മൊയ്തീന്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ചെമ്പന്‍ ശശികുമാറിന്റെ വീട്ടിലെത്തിയത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം മന്ത്രി വീട്ടുകാരില്‍നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.
ശശികുമാറിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ പ്രമുഖനെയും, സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് മാറി നില്‍ക്കുന്നയാളെക്കുറിച്ചും സി.പി.എം ഏരിയാ സെക്രട്ടറി പി.എം അഹമ്മദ് മന്ത്രിയെ ധരിപ്പിച്ചു. കൊലപാതകത്തില്‍ അറസ്റ്റിലായ 6 ബി.ജെ.പി പ്രവര്‍ത്തകര്‍ നേരത്തെ സി.പി.എമ്മിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു.
ഇതിനിടെ പ്രതികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സി.ഐ രതീഷ്‌കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വിശദാംശങ്ങള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മൊബൈല്‍ ഫോണില്‍ മന്ത്രിയെ കാണിച്ചു.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത മുഴുവനും മന്ത്രി പരിശോധിച്ചു. വാടാനപ്പള്ളി ബീച്ചില്‍ പട്ടികജാതി പെണ്‍കുട്ടിയെ കൈക്ക് പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെ പരാതി നല്‍കിയിട്ടും 6 ദിവസമായി പൊലിസ് കേസ് എടുക്കുന്നില്ലെന്നും സി.പി.എം നേതാക്കള്‍ പരാതിപ്പെട്ടു.
തുടര്‍ന്ന് യാത്ര പറഞ്ഞിറങ്ങി കാറില്‍ കയറിയ മന്ത്രി എ.സി.മൊയ്തീന്‍ സി.ഐരതീഷ്‌കുമാറിനെ അടുത്തേയ്ക്ക് വിളിച്ച് ശകാരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സി.പി .എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനാണ് സി.ഐയെ മന്ത്രിക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തത്.
കേസ് എങ്ങനെ തെളിയിച്ചുവെന്ന് കാണിച്ചാണ് താങ്കള്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നായിരുന്നു മന്ത്രി സി.ഐയോട് ചോദിച്ചത്. പൊലിസ് ഞങ്ങളെ സംരക്ഷിക്കേണ്ട.
സര്‍ക്കാരിന്റെ നയം നടപ്പിലാക്കിയാല്‍ മതി. വാര്‍ത്താസമ്മേളനം നടത്തി ഷൈന്‍ ചെയ്യാനാണ് നിങ്ങളുടെ ശ്രമമെങ്കില്‍, കുറ്റകൃത്യം എങ്ങിനെ നടന്നുവെന്നതിന് എന്ത് തെളിവാണ് നിങ്ങളുടെ കയ്യിലുള്ളതെന്നും മന്ത്രി ചോദിച്ചു. എന്ത് താല്‍പര്യത്തിന്റെ പുറത്തായാലും ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്നും മന്ത്രി സി.ഐയ്ക്ക് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."