ലോറിയില്‍ കയറ്റവേ ചില്ല് തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ക്ക് പരുക്ക്
കണ്ണൂര്‍: കെട്ടിട നിര്‍മാണ സ്ഥലത്തു നിന്നു ലോറിയില്‍ കയറ്റവെ ചില്ല് തകര്‍ന്നു വീണ് മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റ രണ്ടു തൊഴിലാളികളെ എ.കെ.ജി ആശുപത്രിയിലും ഒരാളെ പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് കക്കട്ടിലെ തോമസ് കുട്ടിയുടെ മകന് റോബിന്(20), കോഴിക്കോട് സ്വദേശി മിഥുന് (22), കണ്ണൂരിലെ നിഥിന്(25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ മിഥുനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ കണ്ണൂര്‍ ഗാന്ധിസര്‍ക്കിളില്‍ നിന്ന് ശിക്ഷക് സദനിലേക്കുള്ള റോഡരികിലെ നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ നിന്നു മറ്റൊരു സ്ഥലത്തേക്ക് വലിയ ചില്ലുകള്‍ മാറ്റുമ്പോഴാണ് അപകടം. കുറച്ച് ചില്ലുകള്‍ കെട്ടിടത്തിനകത്തും നിന്നും എടുത്ത് ലോറികളില്‍ കയറ്റിയിരുന്നു. ഒരു ചില്ല് എടുത്ത് ലോറിയില്‍ കയറ്റുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ടാണ് ലോറിയില്‍ തകര്‍ന്നു വീണത്. പൊട്ടിതകര്‍ന്ന ചില്ല് തൊഴിലാളികളുടെ ശരീരത്തിലേക്ക് വീണാണ് മൂന്നു പേര്‍ക്കും പരുക്കേറ്റത്. തലക്കും ശരീരത്തിലും മൂന്നുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത്. ആറു പേരാണ് ഗ്ലാസ് കയറ്റാനുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."