ഐ ലീഗ്: ഗോകുലം പൊരുതിത്തോറ്റു ഗോകുലം
കോഴിക്കോട്: ആറാമത്തെ ഹോം മാച്ചിലും സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയിക്കാനാകാതെ ഗോകുലം. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ഇറങ്ങിയ ഗോകുലം സുന്ദരമായ ഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും ഭാഗ്യം മാത്രം കൂടെ നിന്നില്ല.
ചര്‍ച്ചില്‍ ബ്രദേഴ്‌സുമായുള്ള മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം പരാജയപ്പെട്ടത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരമാണ് കോഴിക്കോട്ട് അരങ്ങേറിയത്.
കളി തുടങ്ങി 11ാം മിനുട്ടില്‍ ബോക്‌സിന്റെ പുറത്ത് നിന്ന് ലഭിച്ച ത്രോ ബോളാണ് ഗോളില്‍ കലാശിച്ചത്. ചര്‍ച്ചിലിന് ലഭിച്ച ത്രോ ബോള്‍ ബോക്‌സിലേക്കെറിഞ്ഞെങ്കിലും ഗോകുലം പ്രതിരോധ താരങ്ങള്‍ പന്ത് തട്ടിയകറ്റുകയായിരുന്നു. എന്നാല്‍ പോസ്റ്റിന് 35 വാര അകലെ നിന്ന് ചര്‍ച്ചില്‍ താരം കാലു തൊടുത്ത ഷോട്ട് ഗോകുലം ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയിലെത്തി. തിരിച്ചടിക്കാനായി ഗോകുലം പൊരുതിക്കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. ആദ്യ പകുതിയില്‍ തന്നെ ഗോകുലം മുന്നേറ്റ നിരയില്‍ നിന്ന് ലാല്‍ ദാംപുയിയേ പിന്‍വലിച്ച് ഫ്രാന്‍സിസിനെ കളത്തിലിറക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഒഡാഫ ഒക്കോലിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
സമനില ഗോളെങ്കിലും നേടണമെന്ന ലക്ഷ്യമിട്ട് മികച്ച മുന്നേറ്റത്തോടെ തുടങ്ങിയ ഗോകുലത്തിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മികച്ച അവസരങ്ങല്‍ ലഭിച്ചു.
കൂടുതല്‍ സമയവും പന്ത് കൈവശം വച്ച് ഗോകുലം കളംവാണ് കളിച്ചു. 58ാം മിനുട്ടില്‍ ബോക്‌സിന്റെ വലത് ഭാഗത്ത് നിന്ന് ഗോകുലം താരം സന്തു സിങ് ഉയര്‍ത്തിയ നല്‍കിയ പന്ത് ഗോകുലത്തിന്റെ പ്രതിരോധ നിര താരം ഡാനിയേല്‍ അഡു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. 60ാം മിനുട്ടില്‍ മൈതാന മധ്യത്ത് നിന്ന് ഒഡാഫയുടെ സുന്ദരമായ ലോങ് റേഞ്ചര്‍ ചര്‍ച്ചില്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയതോടെ ഗോളുന്നറച്ച അവസരം നഷ്ടമായി.
69ാം മിനുട്ടില്‍ ബോക്‌സിന്റെ തൊട്ടു മുന്നില്‍ നിന്നെടുത്ത ഫ്രീ കിക്ക് ചര്‍ച്ചില്‍ താരങ്ങളില്‍ തട്ടി റീ ബൗണ്ടായി വന്ന പന്തിനെ സുന്ദരന്‍ ഷോട്ടിലൂടെ ഇമ്മാനുവല്‍ വലയിലെത്തിച്ചതോടെ ഗോകുലം ഒരു ഗോളിന്റെ ലീഡ് നേടി. 71ാം മിനുട്ടില്‍ ചര്‍ച്ചിലിന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് കാലുവിന്റെ വക രണ്ടാം ഗോള്‍ കൂടി വന്നതോടെ കളി സമനിലയിലായി. 90ാം മിനുട്ടില്‍ ബ്രിട്ടോയെ ഫൗള്‍ ചെയ്തതിന് ചര്‍ച്ചിലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി എടുത്ത കോഫി പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ 3-2ന് കളി ജയിച്ച് ചര്‍ച്ചിലും കൈയിലുണ്ടായിരുന്ന വിജയം വഴുതിപ്പോയ നിരാശയില്‍ ഗോകുലം താരങ്ങളും കളം വിട്ടു. ഈ മാസം 20ന് ഈസ്റ്റ്
ബംഗാളിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. 28ന് ഷില്ലോങ് ലജോങിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത ഹോം മത്സരം. ഒന്‍പത് മത്സരം കളിച്ച ഗോകുലത്തിന് ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് വിജയിക്കാനായത്. ഒറ്റ ഹോം മത്സരത്തിലും ഗോകുലത്തിന് ഇതുവരെ വിജയിച്ചിട്ടുമില്ല. തോല്‍വിയോടെ ഗോകുലം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."