കുരിശുപള്ളി കവലയിലെ വളവ് അപകട ഭീഷണിയാകുന്നു
പാലാ: പാലാ ടൗണിലെ റോഡ് വികസനത്തിന്റെ ഭാഗമായി ടാറിംഗ് നടത്തിയിട്ടും വളരെ തിരക്കേറിയ കുരിശുപള്ളി കവലയിലെ വളവ് പഴയ നിലയിലായതിനാല്‍ കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയും ഈ ഭാഗത്ത് നിരവധി അപകടങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
ടൗണിന്റെ വികസനത്തിനായി 2005-ല്‍ ഇട്ടിരുന്ന സര്‍വ്വേകല്ലിന്റെ ഭാഗംവരെ തീര്‍ത്ത് എടുക്കാത്തതുമൂലമാണ് വളവ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഓരോ കിലോമീറ്ററിലും കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്നും ചിലവഴിച്ച് കെ.എസ്.ടി.പി. മുഖേന നടത്തുന്ന പണികള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നടക്കുന്നത്.
ടൗണ്‍ ഏരിയകളില്‍ റോഡ് വികസനത്തിന്റെ ഭാഗമായി കാല്‍നടക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഫുട്പാത്തുകള്‍ ഇല്ലാത്തിടത്ത് ഫുട്പാത്തുകള്‍ നിര്‍മ്മിക്കണമെന്നും വളവുകള്‍ നിവര്‍ത്തണം, കയറ്റിറക്കങ്ങള്‍ കുറയ്ക്കണമെന്നും, വരുന്ന 30 വര്‍ഷത്തെ വികസനത്തെ മുന്നില്‍കണ്ടുവേണം കഴിവതും നേര്‍ദിശയില്‍ റോഡുകള്‍ തീര്‍ക്കണമെന്നുമുള്ളതാണ്. എന്നാല്‍ സ്ഥാപിത താത്പര്യാര്‍ത്ഥം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലയിടത്തും പണികള്‍ നടക്കുന്നത്. ളാലം പാലം കവലയില്‍ നിന്നും കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലൂടെയുള്ള റോഡില്‍ ഫുട്പാത്ത് ഇല്ലാത്തതുകൊണ്ട് നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ വളരെ ദുരിതത്തിലാണ് യാത്രചെയ്യുന്നത്. ടൗണിന്റെ പലഭാഗത്തും ഈ അവസ്ഥയുണ്ട്.
സര്‍വ്വേക്കല്ലിട്ടിരിക്കുന്ന ഭാഗം വരെയെടുത്ത് റോഡ് വികസനം നടത്തണമെന്നും ഫുട്പാത്തുകള്‍ ഇല്ലാത്തിടത്ത് അവ നിര്‍മ്മിക്കണമെന്നും പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍, രക്ഷാധികാരി അഡ്വ. സിറിയക് ജയിംസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."