കരാറുകാരനുമായി ഒത്തുകളിച്ചു
തിരുവനന്തപുരം: കോടതിയില്‍ കരാറുകാരന് അനുകൂലമായി നിലപാടെടുത്ത് സര്‍ക്കാരിന്റെ ഏഴുകോടി 67 ലക്ഷം രൂപ തട്ടിയെടുക്കാന്‍ കൂട്ടുനിന്നതിന് ഒന്‍പത് ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് അന്വേഷണം. ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ പരാതിയില്‍ വിജിലന്‍സ് ഡയരക്ടര്‍ ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റാണ് അന്വേഷണം നടത്തുക. എറണാകുളം കലക്ടറേറ്റിലെ ഫിനാന്‍സ് ഓഫിസര്‍ അജി ഫ്രാന്‍സിസ് കൊള്ളന്നൂര്‍, ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് പി.ജി അനില്‍കുമാര്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം ഡിവിഷണല്‍ അക്കൗണ്ടന്റ് വിന് ഗായത്രി, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.ടി ബിന്ദു, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍. റെജീന ബീവി, സൂപ്രണ്ടിങ് എന്‍ജിനിയര്‍ കെ.ആര് മധുമതി, ഡെപ്യൂട്ടി സൂപ്രണ്ട് എന്‍ജിനിയര്‍ പി.വി ബിജി, സീനിയര്‍ ക്ലര്‍ക്ക് അശോകന്, ക്ലര്‍ക്ക് വി.ജെ ആന്റണി എന്നിവര്‍ക്കെതിരേയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കരാറുകാരനായ പി.കെ രാമചന്ദ്രനെതിരേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയില്‍ 350 കിടക്കകളുള്ള കെട്ടിടം നിര്‍മിക്കാന്‍ 5.79 കോടി രൂപക്ക് കരാര്‍ നല്‍കിയിരുന്നു. അധികതുക അനുവദിക്കില്ലെന്നും രണ്ടുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നുമുള്ള നിബന്ധനകളോടെ 1997 സെപ്റ്റംബര്‍ ഒന്‍പതിനാണ് കരാര്‍ ഒപ്പുവച്ചത്.
എന്നാല്‍, നിര്‍മാണം പൂര്‍ത്തിയാക്കിയത് 2005 സെപ്റ്റംബര്‍ പതിനാലിനാണ്. ഇതിനുശേഷം കൂടുതല്‍ തുക ചെലവായെന്ന പരാതിയുമായി കരാറുകാരന് കോടതിയെ സമീപിച്ചു. കരാറുകാരന് നല്കിയ ഹരജിക്കെതിരേ ഉദ്യോഗസ്ഥന് എതിര് സത്യവാങ്മൂലം നല്‍കിയില്ല. മാത്രമല്ല, കരാറുകാരനും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കരാര്‍തുക 9.29 കോടിയായി ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് അപ്പീല്‍ നല്കിയ കരാറുകാരന് 4.17 കോടി നല്കാന് കോടതി ഉത്തരവിട്ടിരുന്നു.
അപ്പീല്‍ നല്കാന് കാലതാമസം വരുത്തിയതിനാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹോക്കോടതി തള്ളിയതോടെ കരാറുകാരന് 13 കോടി 46 ലക്ഷം രൂപ നല്‍കേണ്ടിവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."