സഊദി വേതന സുരക്ഷാ പദ്ധതി പതിമൂന്നാം ഘട്ടം അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും
റിയാദ്: സഊദിയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്ന വേതന സുരക്ഷാ നിയമത്തിന്റെ പതിമൂന്നാം ഘട്ടം അടുത്ത മാസം മുതല്‍ നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. കരാര്‍ പ്രകാരമുള്ള വേതനം ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുന്ന വേതന സുരക്ഷാ പദ്ധതിയുടെ പുതിയ ഘട്ടമാണ് ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരുന്നത്.
30 മുതല്‍ 39 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് 13-ാം ഘട്ടത്തില്‍ ഉള്‍പ്പെടുകയെന്നു തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ പതിനാലായിരത്തോളം സ്ഥാപനങ്ങളില്‍നിന്നായി ഏകദേശം 4,02,447 തൊഴിലാളികളാണു 'വേതന സുരക്ഷാ പദ്ധതി'യില്‍ ഉള്‍പ്പെടുക. സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും വേതന നിയമം നടപ്പാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നു തൊഴില്‍ സാമൂഹ്യ വികസന മന്ത്രി ഖാലിദ് ആബേല്‍ ഖൈല്‍ പറഞ്ഞു.
തൊഴിലാളികള്‍ക്കു നിശ്ചിതസമയത്ത് ശമ്പളം നല്‍കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്ന പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടം നവംബര്‍ ഒന്നുമുതല്‍ നിലവില്‍വന്നിരുന്നു.
കൃത്യസമയത്ത് തൊഴിലാളികള്‍ക്കു വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഓരോ തൊഴില്‍ മേഖലയിലെയും വേതന നിലവാരം നിര്‍ണയിക്കുന്നതിനും തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനുമാണു പദ്ധതി ലക്ഷ്യമിടുന്നത്. നിശ്ചിതസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് ഒരു തൊഴിലാളിക്ക് 3,000 റിയാല്‍ വരെ പിഴ ഈടാക്കും.
പദ്ധതി നടപ്പായി രണ്ടുമാസം കാലതാമസം വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഒഴികെയുള്ള സേവനങ്ങള്‍ നിര്‍ത്തിവയ്ക്കും. മൂന്നും മാസം കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് തടയുകയും ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് അവസാനിച്ചിട്ടില്ലെങ്കില്‍ മറ്റു സ്ഥാപനങ്ങളിലേക്കു തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതിയും നല്‍കുന്നുണ്ട്.
സഊദി വിഷന്‍ 2030ന്റെ ഭാഗമായുള്ള ദേശീയ പരിവര്‍ത്തന പദ്ധതി 2020യുടെ ഭാഗമായാണു രാജ്യത്ത് വേതന സുരക്ഷാ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങളും മൂല്യങ്ങളും സംരക്ഷിക്കുകയാണ് ഇതിലൂടെ തൊഴില്‍ സാമൂഹിക മന്ത്രാലയം ലക്ഷ്യമിടുന്നത്. പതിനാറ് ഘട്ടങ്ങളാണ് വേതന സുരക്ഷയ്ക്കു നിശ്ചയിച്ചിരിക്കുന്നത്. 11 മുതല്‍ 14 വരെയുള്ള തൊഴിലാളികള്‍ക്കുള്ള സ്ഥാപനങ്ങളാണു പതിനാറാം ഘട്ടത്തില്‍ ഉണ്ടാവുക. ഈ വര്‍ഷം നവംബറിലാണ് അവസാനഘട്ടം നിലവില്‍ വരിക. 11ല്‍ കുറവ് ജീവനക്കാരുടെ വേതന സുരക്ഷാ പദ്ധതി പിന്നീട് മന്ത്രാലയം പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."