മണ്ണില്‍ പൊന്ന് വിളയിച്ച് ജൈവപച്ചക്കറി കൃഷിയില്‍ ശ്യാമളയുടെ ജൈത്രയാത്ര
ചേര്‍ത്തല: മണ്ണില്‍ പൊന്ന് വിളയിക്കുകയാണ് ശ്യാമളയെന്ന മാതൃകാ കര്‍ഷക. അടുക്കളത്തോട്ടമായി പച്ചറികൃഷി ആരംഭിച്ച ശ്യാമളയിപ്പോള്‍ 40 സെന്റില്‍ സര്‍വതും കൃഷി ചെയ്യുന്നു.
ഇവിടെ വിളയുന്നത് സര്‍വസാധാരണമായ ഇനങ്ങള്‍ മാത്രമല്ല, ക്യാബേജും ബീറ്റ്റൂട്ടും ക്യാരറ്റും ഉള്‍പ്പെടെയാണ്. മണ്ണും കാലാവസ്ഥയും പ്രതികൂലമായാലും കരുതലോടെയുള്ള ഇടപെടലില്‍ അസാധ്യമെന്ന് കരുതുന്നതും സാധ്യമെന്ന് തെളിയിക്കുകയാണ് ഈ വനിതാ കര്‍ഷക.
ചേര്‍ത്തല നഗരസഭ 18ാം വാര്‍ഡില്‍ ഭാനു നിവാസില്‍ ഭാസ്കരന്റെ ഭാര്യയാണ് ശ്യാമള. ഗള്‍ഫിലെ ഒമ്പതാണ്ട് നീണ്ട പ്രവാസ ജീവിതം കഴിഞ്ഞെത്തിയ ഭാസ്കരന്റെ കുടുംബം ഏഴ് വര്‍ഷം മുമ്പാണ് ജൈവകൃഷി ആരംഭിച്ചത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ അടുക്കളത്തോട്ടത്തില്‍ വിളയിച്ചായിരുന്നു തുടക്കം.
അതിലെ വിജയം വിപുലമായ കൃഷിയിലേക്ക് എത്തിച്ചു. ഇരുനില വീടിന്റെ അങ്കണത്തിലെ പുരയിടം മുഴുവന്‍ പച്ചക്കറിത്തോട്ടമാക്കി. ചീരയും വഴുതനയും മുതല്‍ ക്യാബേജും ക്യാരറ്റും ഉള്‍പ്പെടെയുള്ള സര്‍വതും ഇവിടെ വിളയുന്നു.
ഗ്രോബാഗിലാണ് എല്ലായിനങ്ങളും നട്ടുവളര്‍ത്തുന്നത്. നാലുവശവും മതില്ക്കെട്ടോടെയുള്ള വീട്ടുവളപ്പില്‍ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതാണ് ഗ്രോബാഗില്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. 1500ല്‍പരം ബാഗുകളിലാണ് വിവിധയിനങ്ങളുടെ കൃഷി. ശ്യാമളയും ഭര്‍ത്താവും ചേര്‍ന്നാണ് കാര്‍ഷികവൃത്തി പൂര്‍ണമായും നിര്‍വഹിക്കുന്നത്.
എല്ലുപൊടിയും ചാണകവും കോഴിവളവും ഉള്‍പ്പെടെ ജൈവവളം മാത്രമാണ് ഉപയോഗിക്കുക. ദിവസേന രണ്ടുനേരം വെള്ളമൊഴിക്കും. വീട്ടുപയോഗത്തിന് ശേഷമുള്ള വിളകള്‍ കഞ്ഞിക്കുഴി പിഡിഎസിനാണ് നല്‍കുക.
ഇതിനകം മികച്ച കൃഷിക്കാരിക്കുള്ള നിരവധി പുരസ്കാരങ്ങള്‍ ശ്യാമളയ്ക്ക് ലഭിച്ചു.നാട്ടില്‍ അധികമായി കാണാത്ത ക്യാബേജ് തോട്ടം കാണാനും കൃഷിരീതി അറിയാനും നിരവധി പേര് ഇവിടെയെത്താറുണ്ട്. തികഞ്ഞ മനസന്തോഷമാണ് പച്ചക്കറികൃഷിയിലൂടെ ലഭിക്കുന്നതെന്ന് ശ്യാമളയും ഭാസ്കരനും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."