ഇന്ധന വില നിയന്ത്രണമില്ലാതെ കുതിക്കുന്നു: ദിനംപ്രതി വില നിശ്ചയിക്കുന്നത് മരവിപ്പിച്ചേക്കും
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതിനനുസരിച്ച് രാജ്യത്ത് എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എണ്ണ വില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരായ ജനവികാരം ആളിക്കത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിവസവും ഇന്ധന വില പുതുക്കുന്ന രീതി താല്‍ക്കാലികമായി മരവിപ്പിച്ചേക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍ നേരത്തെയുണ്ടായിരുന്ന പോലെ 15 ദിവസം കൂടുമ്പോള്‍ എണ്ണ വില വര്‍ധിപ്പിക്കുന്ന രീതിയിലേക്ക് സര്‍ക്കാര്‍ മാറിയേക്കുമെന്നും സൂചനയുണ്ട്.
ദിവസവും ഇന്ധന വില പുതുക്കുന്ന രീതി തുടര്‍ന്നാല്‍ ഇപ്പോഴത്തെ വിലനിലവാരം 100 രൂപയിലെത്താന്‍ അധികം താമസമുണ്ടാകില്ല. ഇതാണ് സര്‍ക്കാരിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില 70 ഡോളറിന് അടുത്ത് എത്തിയിട്ടുണ്ട്. ഒപെക് രാജ്യങ്ങളും റഷ്യയും ഉല്‍പാദനം കുറച്ചതാണ് ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ കാരണമായത്. ഈ വര്‍ഷം എണ്ണ വില ഉയര്‍ത്താന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ തയാറായേക്കില്ലെന്നാണ് വിവരം.
എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയില്‍ വലിയ ചലനമായിരിക്കും ഉണ്ടാക്കുക. ഇന്നലെ മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 80 രൂപയുടെ അടുത്തായിട്ടുണ്ട്. കേരളത്തില്‍ 74 രൂപക്കുമുകളിലേക്ക് കടന്നിട്ടുണ്ട്.
തുടര്‍ച്ചയായ വിലക്കയറ്റത്തെ തുടര്‍ന്ന് പെട്രോളിനും ഡീസലിനും തമ്മില്‍ 10 രൂപയുടെ വില വ്യത്യാസമാണ് ഇപ്പോഴുള്ളത്. ഇന്ധന വില ഉയരുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇടയാക്കിയിട്ടുണ്ട്.
വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള ഒരു നടപടിയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെല്ലാം പ്രധാനമന്ത്രിയെ മാത്രം കേന്ദ്രീകരിച്ചായതിനാല്‍ മറ്റുമന്ത്രിമാരെല്ലാം നിശബ്ദരാണെന്ന ആരോപണവും ഉയരുന്നുണ്ട്. '
ഇന്ധന വില ഉയരുന്നത് സര്‍ക്കാര്‍ വിരുദ്ധ സമീപനത്തിലേക്ക് ജനങ്ങളെ എത്തിച്ചിട്ടുണ്ട്. അടുത്തു നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഇത് പ്രതിഫലിക്കുമെന്ന ആശങ്ക ബി.ജെ.പിയെ അലട്ടുന്നുണ്ട്. മോദി അധികാരത്തില്‍ വന്നശേഷം 11 തവണയാണ് ഇന്ധനത്തിനുള്ള നികുതി വര്‍ധിപ്പിച്ചത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രണ്ടു രൂപ കുറച്ച് സര്‍ക്കാര്‍ മുഖം രക്ഷിച്ചിരുന്നെങ്കിലും പിന്നീട് രാജ്യാന്തര വിപണിയില്‍ എണ്ണ വിലകുറഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് നല്‍കാതെ നികുതി വര്‍ധനയിലൂടെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 17ന് ഡല്‍ഹിയില്‍ പെട്രോള്‍ വില 62.2 രൂപയായിരുന്നു. ഈ വര്‍ഷം ജനുവരി 17ന് 75.57 രൂപയായിട്ടാണ് വര്‍ധിച്ചത്. 185 ദിവസംകൊണ്ട് 9ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഏറ്റവും പുതിയ ഡാറ്റപ്രകാരം മെട്രോ നഗരങ്ങളില്‍ ഇന്ധന വില മൂന്നുരൂപ നിരക്കില്‍ വര്‍ധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."