മസ്ജിദ് നിര്‍മാണത്തിന്റെ പേരില്‍ പണപ്പിരിവ്; അഭിഭാഷകന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി
കോട്ടയം: മസ്ജിദും മദ്‌റസയും നിര്‍മിക്കാനെന്ന പേരില്‍ സംസ്ഥാനത്തിനകത്തും വിദേശത്തും നിന്നുമായി പണപ്പിരിവ് നടത്തിയ അഭിഭാഷകന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് കോട്ടയം ജില്ലാ പോലിസ് മേധാവിക്ക് ഇവര്‍ പരാതി നല്‍കി. ചങ്ങനാശ്ശേരി ബാറിലെ അഭിഭാഷകനും മാടപ്പള്ളി വെങ്കോട്ടയില്‍ താമസക്കാരനുമായ അഡ്വ. സക്കീര്‍ ഹുസൈനെതിരേയാണ് കോട്ടമുറി നിവാസികള്‍ പരാതിയുമായി രംഗത്തെത്തിയത്.
ഭാര്യയുടെയും പേരില്‍ മുസ്‌ലിം എജ്യൂക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ നിലവില്‍ ഒരു ട്രസ്റ്റ് ഉണ്ടെന്നും ഇതിന്റെ പേരില്‍ സ്ഥലം വാങ്ങിയാല്‍ ചങ്ങനാശ്ശേരി കോട്ടമുറിയില്‍ പള്ളി നിര്‍മിക്കാന്‍ സഹായങ്ങള്‍ ലഭിക്കുമെന്നും പ്രദേശവാസികളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. പിന്നീട് കോട്ടമുറി ജമാഅത്ത് എന്ന പേരില്‍ കമ്മിറ്റിയും രൂപീകരിച്ചു. ലഭിക്കുന്ന പണം ജമാഅത്ത് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ട്രസ്റ്റിന്റെ പേരിലാവണം എന്നും ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. ഇതിനിടെ സ്ഥലവാസിയായ ബഷീര്‍ എന്നയാളുടെ വീട്ടില്‍ മതപഠനക്ലാസ് ആരംഭിക്കുകയും ഇതിന്റെ ഫോട്ടോയെടുത്ത് സ്വദേശത്തും വിദേശത്തും അയച്ചു കൊടുത്ത് വ്യാപകമായ പണപ്പിരിവും നടത്തി. വിവിധ സ്ഥലങ്ങളില്‍ നിന്നായി 45 ലക്ഷം രൂപ പിരിച്ചെടുത്തതായി സമ്മതിച്ച അഭിഭാഷകന്‍ ജമാഅത്തിന്റെ പേരില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ നടന്ന പൊതുയോഗത്തില്‍ കണക്ക് ആവശ്യപ്പെട്ടപ്പോള്‍ 45 ലക്ഷം എന്നത് 25 ലക്ഷം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നു പറഞ്ഞു. ഇതില്‍ എട്ട് ലക്ഷം ചെലവായെന്നും ബാക്കി 17 ലക്ഷം ഖജാഞ്ചിയെ ഏല്‍പ്പിക്കാമെന്നും പറഞ്ഞെങ്കിലും നാളിതുവരെ തുക ഏല്‍പ്പിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. കോട്ടമുറി മുസ്‌ലിം ജമാഅത്തിനു വേണ്ടി ആരെങ്കിലും പിരിവു നല്‍കിയിട്ടുണ്ടെങ്കില്‍ കമ്മിറ്റി പ്രസിഡന്റ് പി. എ ബഷീറുമായി 9746949560 എന്ന നമ്പരില്‍ ബന്ധപ്പെടാനും അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ ബഷീര്‍, സെക്രട്ടറി ഷെരീഫ്, ട്രഷറര്‍ കെ.അശ്‌റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."