ഡൊണാള്‍ഡ് ട്രംപ്: വ്യാജ വാര്‍ത്ത പുരസ്‌കാരം ഗോസ് റ്റു...
വാഷിങ്ടണ്‍: മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യാജ വാര്‍ത്താ അവാര്‍ഡ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിനെ വിമര്‍ശിക്കുന്ന ന്യൂയോര്‍ക്ക് ടൈംസ്, സി.എന്‍.എന്‍, വാഷിങ്ടണ്‍ പോസ്റ്റ്, എ.ബി.സി ന്യൂസ് എന്നീ മാധ്യമങ്ങള്‍ക്കാണ് വ്യാജ വാര്‍ത്തകളുടെ പേരില്‍ പ്രത്യേക പുരസ്‌കാരങ്ങളുള്ളതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പുരസ്‌കാരം നേടിയ മാധ്യമങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട ലിങ്കും ട്രംപ് പങ്കുവച്ചിട്ടുണ്ട്. 2017 വ്യാജ വാര്‍ത്തകളുടെയും വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ടുകളുടെയും വര്‍ഷമായിരുന്നു. 90 ശതമാനം വാര്‍ത്തകളും ട്രംപിനെതിരേയുള്ളതായിരുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് ലേഖനത്തിന്റെ തുടക്കത്തില്‍ പറയുന്നുണ്ട്.
മികച്ച മാധ്യമപ്രവര്‍ത്തകര്‍ യു.എസിലുണ്ടെന്നും അഴിമതി നിറഞ്ഞതും പക്ഷപാതവുമായ മാധ്യമ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപ് യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദിവസം സാമ്പത്തിക മേഖലയിലെ തിരിച്ചുവരവ് അസാധ്യമാണെന്ന് ലേഖനം പ്രസിദ്ധീകരിച്ചതിനാണ് ന്യൂയോര്‍ക്ക് ടൈംസിന് അവാര്‍ഡ് പ്രഖ്യാപിച്ചത്.
നൊബേല്‍ പുരസ്‌കാര ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പോള്‍ കുഗ്മാനാണ് ലേഖനം എഴുതിയിരുന്നത്. സാമ്പത്തിക നയങ്ങളില്‍ ട്രംപിന് പരിചയക്കുറവും സ്ഥിരതയില്ലാത്ത സ്വഭാവവും ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് അദ്ദേഹം എഴുതിയിരുന്നു. എ.ബി.സി ന്യൂസാണ് രണ്ടാം സ്ഥാനം നേടിയത്. ട്രംപ് ഭരണത്തില്‍ യു.എസ് വിപണിയില്‍ ഇടിവുണ്ടായി എന്ന വാര്‍ത്ത നല്‍കിയതിനാണ് പുരസ്‌കാരം.
വിക്കിലീക്‌സ് രേഖകള്‍ കാണാന്‍ ട്രംപിന്റെ മകനും അനുവാദമുണ്ടെന്ന വാര്‍ത്ത നല്‍കിയതിന് സി.എന്‍.എന്നിനാണ് മൂന്നാം സ്ഥാനം. വാഷിങ്ടണ്‍ പോസ്റ്റ് നാലാം സ്ഥാനവും നല്‍കി.
ഓരോ മാധ്യമങ്ങളും നല്‍കിയ വ്യാജ വാര്‍ത്തയുടെ വിവരങ്ങളും ട്രംപ് പുറത്തുവിട്ടു.
മികച്ച മാധ്യമപ്രവര്‍ത്തകര്‍ യു.എസിലുണ്ടെന്നും പക്ഷപാതികളായ, അഴിമതി നിറഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണിത്. യു.എസ് ജനത അഭിമാനിക്കുന്ന വാര്‍ത്തകളാണ് ഇവര്‍ നല്‍കിയതെന്ന് ട്രംപ് പരിഹാസ സ്വരത്തില്‍ ട്വീറ്റ് ചെയ്തു. വ്യാജ വാര്‍ത്ത പുരസ്‌കാരം ലഭിച്ച മാധ്യമങ്ങളുമായി ട്രംപ് ഏറെ നാളായി ഉടക്കിലാണ്.
വ്യാജ വാര്‍ത്തകള്‍ പുറത്തുവിടുന്ന മാധ്യമങ്ങള്‍ എന്നാണ് ഈ സ്ഥാപനങ്ങളെ ട്രംപ് വിശേഷിപ്പിക്കാറുള്ളത്. തന്റെ ഭരണത്തിന് കീഴിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ മാധ്യമങ്ങള്‍ തയാറാകുന്നില്ലെന്ന് ട്രംപ് മറ്റൊരു ട്വീറ്റിലൂടെ പറഞ്ഞു.
ഐ.എസിന്റെ പിന്‍വാങ്ങല്‍, യു.എസിലെ തൊഴിലവസരങ്ങള്‍ കൂടുന്നതുള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ക്കാകുന്നില്ലെന്നും തന്റെ കീഴില്‍ യു.എസ് ഉന്നതങ്ങളിലേക്ക് നീങ്ങുകയാണെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."