ജെഫ് സെഷന്‍സ് യു.എസ് അറ്റോര്‍ണി ജനറല്‍
വാഷിങ്ടണ്‍: അമേരിക്കയുടെ അറ്റോര്‍ണി ജനറലായി കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ പ്രവര്ത്തകന് ജെഫ് സെഷന്‍സിനെ സെനറ്റ് തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നോമിനിയായ സെഷന്‍സ് 47നെതിരേ 52 വോട്ടാണ് സെനറ്റില്‍ നേടിയത്.
രണ്ടു ദശകത്തോളം അലബാമയില്‍നിന്നുള്ള സെനറ്റ് അംഗമായ 70കാരനായ സെഷന്‍സ് വംശീയ, കുടിയേറ്റ, ക്രിമിനല്‍ നിയമ പരിഷ്കരണ വിഷയങ്ങളില്‍ വിവാദമായ ഇടപെടലുകള്‍ കൊണ്ട് ഏറെ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. അദ്ദേഹത്തെ സ്ഥാനത്തേക്കു തെരഞ്ഞെടുക്കുന്നതിനെതിരേ ഡെമോക്രാറ്റ് അംഗങ്ങള്‍ സെനറ്റില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
അറ്റോര്‍ണി ജനറല്‍ പദവിയിലേക്കു തന്നെ തെരഞ്ഞെടുക്കാന്‍ ആത്മവിശ്വാസം കാണിച്ച അംഗങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് തെരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം പ്രതികരിച്ചു.
സാമൂഹികാവകാശ വിഷയങ്ങളില്‍ സെഷന്‍സിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് 1986ല്‍ മാര്ട്ടിന് ലൂതര്‍ കിങ്ങിന്റെ വിധവ കൊരേട്ട കിങ് എഴുതിയ കത്ത് കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് അംഗം എലിസബത്ത് വാരന്‍ സെനറ്റില്‍ വായിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഡെമോക്രാറ്റുകള്‍ക്കു പുറമെ സാമൂഹിക പ്രവര്‍ത്തകരും കുടിയേറ്റ സംഘടനകളും സെഷന്‍സിനെ പദവിയിലേക്കു തെരഞ്ഞെടുക്കുന്നതിനെതിരേ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വിസ് ഡിപാര്‍ട്ട്മെന്റ് തലവനായി ടോം പ്രൈസിനെയാണ് റിപബ്ലിക്കന്‍ അംഗങ്ങള്‍ പിന്തുണച്ചത്. ഇതില്‍ വെള്ളിയാഴ്ച സെനറ്റില്‍ വോട്ടെടുപ്പ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."