9/11 അമേരിക്കയുടെ തെറ്റ്: ഒബാമക്ക് ഭീകരാക്രമണ സൂത്രധാരന്റെ 18 പേജുള്ള കത്ത്
ന്യൂയോര്‍ക്ക്: 2001ലെ 9/11 സംഭവത്തിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ അമേരിക്ക തന്നെയാണെന്ന് ഗ്വാണ്ടനാമോ തടവറയിലുള്ള ഭീകരാക്രമണ സൂത്രധാരന്‍ ഖാലിദ് ശൈഖ് മുഹമ്മദ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്കുള്ള കത്തിലാണ് ഖാലിദ് ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്റ്റംബര്‍ 11ന് നിങ്ങള്‍ക്കെതിരേ യുദ്ധം ആരംഭിച്ചത് തങ്ങളല്ല. താങ്കളും താങ്കളുടെ ഏകാധിപതികളുമാണ് ഞങ്ങളുടെ നാട്ടില്‍ ആക്രമണമാരംഭിച്ചതെന്ന് കത്തില്‍ പറയുന്നു. ഒബാമയെ 'പാമ്പുകളുടെ തലവന്‍' എന്നും 'അതിക്രമങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയും രാഷ്ട്രത്തിന്റെ പ്രസിഡന്റ് ' എന്നും അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.
18 പേജുള്ള കത്തില്‍ 2015 ജനുവരി മാസം എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഒബാമ പദവി ഒഴിയുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പാണു സൈനിക കോടതിയുടെ ഉത്തരവനുസരിച്ച് ഗ്വാണ്ടനാമോ ജയിലധികൃതര്‍ കത്ത് വൈറ്റ് ഹൗസിനു കൈമാറിയത്. ക്യൂബയിലെ ഗ്വാണ്ടനാമോ തടവറയില്‍നിന്നാണ് ഇതെഴുതുന്നതെന്നും കത്തില്‍ പറയുന്നുണ്ട്.
വധശിക്ഷയെയോ ജീവപര്യന്തത്തെയോ തെല്ലും ഭയമില്ലെന്നു പറയുന്ന കത്തിനോടൊപ്പം 'മരണത്തെ കുറിച്ചുള്ള സത്യം' എന്ന പേരില്‍ 50 പേജുള്ള കൈയെഴുത്തുരേഖയും ചേര്‍ത്തിട്ടുണ്ട്.
ഇറാഖ്, ഇറാന്‍, വിയറ്റ്‌നാം, ഹിരോഷിമ എന്നിവിടങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളെയും ഫലസ്തീന്‍ ജനതക്കു നേരെയുള്ള ഇസ്രാഈല്‍ നരഹത്യക്കു നല്‍കുന്ന പിന്തുണയെയും ഖാലിദ് കത്തില്‍ എടുത്തുപറയുന്നുണ്ട്. ഇതിനുള്ള മറുപടിയാണ് ആക്രമണമെന്നും കൂട്ടിച്ചേര്‍ക്കുന്നു.
കുവൈത്തില്‍ ജനിച്ച പാകിസ്താന്‍ പൗരനായ ഖാലിദ് മൂന്നുവര്‍ഷം നോര്‍ത്ത് കരോലിനയില്‍ ജീവിച്ചിട്ടുണ്ട്. 1986ല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."