കാണാതായ കുട്ടികളെ എങ്ങനെ കണ്ടെത്താം
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനും കണ്ടെത്തിയ കുട്ടികളെ തിരിച്ചറിയുന്നതിനുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഓപറേഷന്‍ സ്‌മൈല്‍, ഓപറേഷന്‍ വാത്സല്യ, ഓപറേഷന്‍ മുസ്‌കാന്‍ തുടങ്ങിയവ അതില്‍ പ്രധാനമാണ്. കാണാതായ കുട്ടികളുടെ വിവരങ്ങളും ഫോട്ടോയും പങ്കുവയ്ക്കുന്നതിനായി 'ഖോയ പായ' എന്ന പേരില്‍ ഒരു വെബ്‌സൈറ്റും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനു പുറമെ കുട്ടികളെ കണ്ടെത്താനുള്ള ദൗത്യത്തില്‍ ഇന്ത്യയിലെ 482 ജില്ലകളും അലര്‍ട്ട് ആണെന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.
ഖോയ പായ, ട്രാക്ക് ദ മിസ്സിങ് ചൈല്‍ഡ്
2015 ലാണു ശിശുക്ഷേമ മന്ത്രാലയം ഖോയ പായ വെബ്‌സൈറ്റ് ആരംഭിക്കുന്നത്. കാണാതാകുന്ന കുട്ടികളെക്കുറിച്ചും കണ്ടുകിട്ടുന്ന കുട്ടികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പൊതുജനങ്ങളുടെ സഹായത്തോടെ പങ്കുവയ്ക്കാനുള്ള പോര്‍ട്ടലാണിത്. കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും KHOYAPAYA.GOV.IN എന്ന വെബ്‌പോര്‍ട്ടലിലോ മൊബൈല്‍ ആപ്പിലോ ലിങ്ക് ചെയ്യാവുന്നതാണ്. കണ്ടുകിട്ടുന്ന കുട്ടികളെക്കുറിച്ചും ഇതേ രീതിയില്‍ വിവരങ്ങള്‍ പങ്കുവയ്ക്കാം. 2016 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മാത്രം ഇതിലൂടെ 500 കുട്ടികളെ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി പറഞ്ഞിരുന്നു.
2011-12 ലാണു ശിശുക്ഷേമ മന്ത്രാലയം ട്രാക് ദ മിസ്സിങ് ചൈല്‍ഡ് എന്ന വെബ്‌സൈറ്റ് ആരംഭിച്ചത്.trackthemissingchild.gov.in എന്നതാണു വെബ്‌സൈറ്റിന്റെ വിലാസം. ഖോയ പായ പ്രവര്‍ത്തിക്കുന്ന അതേ രീതിയിലാണു ട്രാക് ദ മിസ്സിങ് ചൈല്‍ഡിന്റെയും പ്രവര്‍ത്തനം. ഇതിനായി 2.50 കോടി രൂപയാണു കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം ബജറ്റില്‍ വകയിരുത്തുന്നത്.
ഓപറേഷന്‍ സ്‌മൈല്‍
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുന്‍കൈയെടുത്തു വിവിധ സംസ്ഥാനങ്ങളിലെ പൊലിസും വനിതാ, ശിശുസംരക്ഷണവകുപ്പുകളും ചേര്‍ന്നു നടപ്പാക്കിയ പ്രത്യേകപദ്ധതിയായിരുന്നു 'ഓപറേഷന്‍ സ്‌മൈല്‍'. ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് ഇതു വിജയിപ്പിക്കുന്നതില്‍ മുന്നിലെത്തിയത്. വീണ്ടെടുക്കുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതും ഓപറേഷന്‍ സ്‌മൈലിന്റെ ഭാഗമാണ്.
ഇതിന്റെ ഭാഗമായി 2016 ഏപ്രില്‍ വരെ നാലുമാസത്തിനിടെ 86 കുട്ടികളെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഷെല്‍ട്ടര്‍ ഹോമുകള്‍ പ്ലാറ്റ്‌ഫോമുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, റോഡുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന എല്ലാ കുട്ടികളെയും പരിശീലനം നേടിയ പൊലിസുകാര്‍ പരിശോധിക്കും. ഓപറേഷന്റെ ഭാഗമായി ലഭിക്കുന്ന വിവരങ്ങള്‍ അപ്പോള്‍ത്തന്നെ അതത് സംസ്ഥാന പൊലിസ് വകുപ്പുകള്‍ കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ 'കാണാതായ കുട്ടികളെ'ക്കുറിച്ചുള്ള പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യും. ബന്ധപ്പെട്ട വകുപ്പുകള്‍ക്കു തുടര്‍നടപടി കൈക്കൊള്ളുന്നതിനു വേണ്ടിയാണിത്.
ഓപറേഷന്‍ വാത്സല്യ
ഓപറേഷന്‍ സ്‌മൈല്‍ വിജയമെന്നു കണ്ടതോടെ എല്ലാ സംസ്ഥാനങ്ങളും സമാനമായ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു കേരളത്തില്‍ ഓപറേഷന്‍ വാത്സല്യ വരുന്നത്. സാമൂഹ്യനീതിവകുപ്പും ആഭ്യന്തരവകുപ്പും സംയുക്തമായി നടത്തുന്ന സംരംഭമാണ് ഓപറേഷന്‍ വാത്സല്യ. പൊലിസ്, റെയില്‍വേ , കെ.എസ്.ആര്‍.ടി.സി എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
വീടുവിട്ടിറങ്ങിയ കുട്ടികളെ കണ്ടെത്തുക, അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ തിരികെയേല്‍പ്പിക്കുക എന്നിവയാണു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കാണാതായ കുട്ടികള്‍ തമ്പടിക്കാന്‍ സാധ്യതയുളള റെയില്‍വേ പ്ലാറ്റ്‌ഫോമുകള്‍, ബസ്സ്റ്റാന്‍ഡ്, മേല്‍പ്പാലങ്ങള്‍, ഹോട്ടലുകള്‍, കല്യാണമണ്ഡപങ്ങള്‍, ആരാധനാലയങ്ങള്‍, തെരുവോരങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, നഗരഗ്രാമപ്രദേശങ്ങളിലെ സാധ്യതയുളള മറ്റു പ്രദേശങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ പൊലിസിന്റെയും സാമൂഹ്യനീതി വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂനിറ്റ്, ജില്ലാഭരണകൂടം എന്നിവയുടെ സഹകരണത്തോടെ കാണാതായ കുട്ടികളെ കണ്ടെത്തുകയാണ് ഓപറേഷന്‍ വാത്സല്യയുടെ പ്രവര്‍ത്തനം.
ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികളുടെ ഫോട്ടോയും വിവരങ്ങളും ഓപറേഷന്‍ വാത്സല്യയുടെ പ്രത്യേക സൈറ്റില്‍ അപ്‌ലോഡ് ചെയ്തു വിവരങ്ങള്‍ കൈമാറുന്നു. ഓരോ യൂനിറ്റിലും ലഭിക്കുന്ന വിവരങ്ങള്‍ താരതമ്യം ചെയ്ത ശേഷം കാണാതായ കുട്ടികളാണെന്ന് ഉറപ്പുവരുത്തി രക്ഷിതാക്കളെ ഏല്‍പ്പിക്കുകയാണു ചെയ്യുന്നത്. ഇതരസംസ്ഥാനങ്ങളുമായി യോജിച്ചാവും ഈ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിക്കുകയെന്നതിനാല്‍ രക്ഷിതാക്കളെ കണ്ടെത്താനും എളുപ്പമാകും. അതേസമയം ഓപറേഷന്‍ വാത്സല്യയുടെ പ്രവര്‍ത്തനം നിലവില്‍ കാര്യക്ഷമമല്ല എന്ന ആരോപണവുമുണ്ട്.
ഓപറേഷന്‍ മുസ്‌കാന്‍
കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് ഓപറേഷന്‍ മുസ്‌കാന്‍. മൂന്നു വര്‍ഷമായി ഓപറേഷന്‍ മുസ്‌കാന്‍ രാജ്യത്തു നടപ്പാക്കുന്നുണ്ട്. ഇതില്‍ റൂറല്‍ ജില്ലാ പൊലിസ്, ജില്ലാ ശിശുസംരക്ഷണ യൂനിറ്റ്, തൊഴില്‍വകുപ്പ്, ചൈല്‍ഡ്‌ലൈന്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നിവ സംയുക്തമായാണു പ്രവര്‍ത്തിക്കുന്നത്. 2016 ജൂലൈ വരെ 4804 കുട്ടികളെ ഇതുവഴി കണ്ടെത്തിയിരുന്നു.
2016 ഓഗസ്റ്റില്‍ പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന പെണ്‍കുട്ടികളെ കേരളത്തിലെ മത്സ്യസംസ്‌കരണശാലകളിലെത്തിച്ച് ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടുന്നതായി ഒഡിഷ പൊലിസ് കണ്ടെത്തിയിരുന്നു. ഒഡിഷയില്‍ നടപ്പാക്കുന്ന ഓപറേഷന്‍ മുസ്‌കാന്‍ പദ്ധതിയിലൂടയൊയിരുന്നു കുട്ടികള്‍ ഇവിടെയുണ്ടെന്ന് കണ്ടെത്തിയത്. കൊച്ചിയിലെത്തിയ ഒഡിഷ പൊലിസ് തോപ്പുംപടിയിലെ മത്സ്യസംസ്‌കരണശാലയുടെ ലേബര്‍ ക്യാംപില്‍നിന്നു 44 പേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരില്‍ 23 പേര്‍ ഒഡിഷക്കാരും ബാക്കിയുള്ളവര്‍ ആന്ധ്രക്കാരുമായിരുന്നു.
ചില്‍ഡ്രന്‍ ആന്‍ഡ് പൊലിസ് (ക്യാപ്), കിഡ്‌ഗ്ലോവ്
ശിശുദിനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ നവംബറില്‍ ആരംഭിച്ച പദ്ധതിയാണ് ക്യാപ്. സംസ്ഥാനത്തു ബാലസൗഹൃദ പൊലിസ് സ്റ്റേഷനുകളാണു പദ്ധതിയുടെ ലക്ഷ്യം. ചില്‍ഡ്രന്‍ ആന്‍ഡ് പൊലിസ് (ക്യാപ്) പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആറു പൊലിസ് സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നായിരുന്നു തീരുമാനം. തിരുവനന്തപുരം ഫോര്‍ട്ട്, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശ്ശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ എന്നിവിടങ്ങളിലാണ് ആദ്യം നടപ്പാക്കുന്നത്.
കുട്ടികളുടെ ശ്രദ്ധയും പരിചരണവും ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികളെയും പൊതുജനങ്ങളെയും ഏകോപിപ്പിക്കുക, കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, കുട്ടികള്‍ക്കുനേരേ നടക്കുന്ന കുറ്റകൃത്യങ്ങള്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യാനും നടപടി ഉറപ്പാക്കാനും മുന്‍കൈയെടുക്കുക, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചു സമൂഹത്തെ ബോധവല്‍ക്കരിക്കുക, കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കുക, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്തുക, ബാലവേല, ബാലഭിക്ഷാടനം എന്നിവ ഇല്ലാതാക്കുക തുടങ്ങിയവയാണ് ക്യാപിന്റെ ലക്ഷ്യങ്ങള്‍. സൈബര്‍ ലോകത്തു കുട്ടികള്‍ക്കു സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പൊലിസ് നടപ്പാക്കുന്ന കിഡ് ഗ്ലോവ് പരിപാടിക്കും നവംബറില്‍ തുടക്കമായിട്ടുണ്ട്.
സി.പി.റ്റി കേരളയും സി.കെ നാസറും
കാഞ്ഞങ്ങാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ സി.കെ നാസര്‍ രൂപം കൊടുത്ത ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ടെത്തിയത് ഇരുന്നൂറോളം കുട്ടികളെയാണ്. സോഷ്യല്‍ മീഡിയയുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടു കാണാതാകുന്ന കുട്ടികളെ കണ്ടെത്താനായി വിദേശരാജ്യങ്ങളിലുള്‍പ്പെടെ മലയാളികള്‍ അംഗങ്ങളായ 110 വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണ് ഈ ദൗത്യത്തിനായി പ്രവര്‍ത്തിക്കുന്നത്. 2016 നവംബര്‍ 25ന് സുഹൃത്ത് വാട്‌സ് ആപ്പ് വഴി അയച്ചുതന്ന വിഡിയോ ആണ് തന്നെ ഇതിലേക്കിറങ്ങിത്തിരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് നാസര്‍ പറയുന്നു.
''ഭയാനകമായ വിഡിയോ ആയിരുന്നു അത്. പാതിമറഞ്ഞ ഒരു വ്യക്തി, അയാളുടെ മുഖം കാണാനാകില്ല, കൈയിലിരിക്കുന്ന വലിയ വടി കൊണ്ട് ഒരു കൊച്ചുകുട്ടിയുടെ കാലില്‍ അടിക്കുന്നു. നിലവിളിക്കുന്ന കുട്ടിക്കരികെ മറ്റൊരു പെണ്‍കുഞ്ഞുമുണ്ട്. അംഗവൈകല്യം വരുത്തി ഭിക്ഷാടനത്തിനുപയോഗിക്കുന്ന മാഫിയയുടേതായിരുന്നു ആ ദൃശ്യങ്ങള്‍. രാത്രി ആ ദൃശ്യങ്ങള്‍ മനസിനെ വല്ലാതെ അലട്ടി. അന്ന് ഉറങ്ങാനായില്ല. പിറ്റേന്നു രാവിലെത്തന്നെ വാട്‌സ് ആപ്പില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു. അതിനു ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയെന്ന് പേരുമിട്ടു. 256 അംഗങ്ങളുള്ള 15 ഗ്രൂപ്പുകളായതോടെ വാട്‌സാപ്പിലൂടെ സംഘടന കൊണ്ടുനടക്കാനാകില്ലെന്ന് ബോധ്യമായി. ഇതോടെ 2017 ജനുവരി അഞ്ചിന് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു.''
കുട്ടിയെ കാണാനില്ലെന്നു വിവരം ലഭിച്ചാല്‍ 24 മണിക്കൂറിനകം ഒരു മിസ്സിങ് പോസ്റ്റ് തയാറാക്കുകയാണു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കേരള ചെയ്യുന്നത്. ഇവര്‍ക്കു വിദേശത്തുള്‍പ്പെടെ 110 വാട്‌സ് ആപ്പ് കൂട്ടായ്മയുണ്ട്. അതിലെ അംഗങ്ങള്‍ അവര്‍ അംഗങ്ങളായ മറ്റു വാട്‌സ് ആപ്പ് കൂട്ടായ്മകളിലേയ്ക്കും ഇതയക്കും. ഫേസ്ബുക്ക് വഴിയും വിവരം കൈമാറും. പൊലിസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായും വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ട്. ഇത്രമാത്രം ആളുകളിലേക്ക് വിവരങ്ങള്‍ എത്തുന്നതിനാല്‍ കുട്ടികള്‍ക്ക് എവിടെയും ഒളിക്കുക സാധ്യമല്ല. കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ ക്യാന്‍സല്‍ പോസ്റ്റും ചെയ്യുന്നുണ്ട്.
രാജ്യത്തെ 412 ജില്ലകളും അലര്‍ട്ട് ആണ്
ഇന്ത്യയില്‍ എവിടെയെങ്കിലും ഒരു കുട്ടിയെ ട്രെയിനിലോ മറ്റോ കണ്ടുകിട്ടിയാല്‍ ചൈല്‍ഡ് ലൈന്റെ മിസ്സിങ് ചൈല്‍ഡ് ഫോം പൂരിപ്പിച്ചു ഫോട്ടോയുള്‍പ്പെടെ പതിച്ചശേഷം ഇന്ത്യയിലെ 412 ജില്ലയിലെ ചൈല്‍ഡ് ലൈനിലേക്കും മെസേജയക്കും. ഓരോ ജില്ലയുടെയും ചുമതലയുള്ള ആളുകള്‍ ഈ ഫോട്ടോയും മിസ്സിങ് ആയ കുട്ടികളുടേതുമായി ചേരുന്നുണ്ടോയെന്നു നോക്കും.
പൊലിസിനു പുറമെ സാമ്യം തോന്നുന്ന കുട്ടിയുടെ മാതാപിതാക്കളെ കൊണ്ടുവന്നു പരിശോധിപ്പിക്കും. ഇതര സംസ്ഥാനങ്ങളില്‍ ഈ രീതിയില്‍ മൂന്ന് വര്‍ഷത്തിനു ശേഷം കണ്ടെത്തിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുള്ളതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."