ചെന്നിത്തലയെ ചോദ്യംചെയ്ത യുവാവിന് യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരമര്‍ദനം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരസ്യമായി ചോദ്യംചെയ്ത യുവാവിന് യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരമര്‍ദനം. കൊല്ലം സ്വദേശി ആന്‍ഡേഴ്‌സനെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍വച്ച് പൊലിസും മാധ്യമപ്രവര്‍ത്തകരും മറ്റുസമരക്കാരും നോക്കിനില്‍ക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്.
അടിവയറ്റിലും നെഞ്ചിലും തലയിലും പരുക്കേറ്റ ആന്‍ഡേഴ്‌സനെ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് അക്രമികളില്‍നിന്ന് രക്ഷിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ വാരിയെല്ലിന് പൊട്ടലുണ്ടെന്നും തലയുടെ പിന്‍വശത്ത് ക്ഷതങ്ങളുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിനടുത്തുവച്ചായിരുന്നു സംഭവം. ഹോട്ടലില്‍നിന്ന് ഭക്ഷണംകഴിച്ച് വരികയായിരുന്ന ആന്‍ഡേഴ്‌സനെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു.
കഴിഞ്ഞദിവസം കൊല്ലത്തെ ഇയാളുടെ വീടിനുനേരെയും ആക്രമണം നടന്നിരുന്നു. ഫോണില്‍ വധഭീഷണിയുമുണ്ടായി. പൊലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മാവേലിക്കരയിലെ ഒരു ഫോണ്‍ നമ്പറില്‍ നിന്നാണ് ഭീഷണി വന്നത്.
സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന പാറശ്ശാല സ്വദേശി ശ്രീജിത്തിനെ കാണാന്‍ ചെന്നിത്തല എത്തിയപ്പോഴാണ് ആന്‍ഡേഴ്‌സണ്‍ ചെന്നിത്തലയെ ചോദ്യംചെയ്തത്.
ശ്രീജിത്തിന് നിയമസഹായം ചെയ്യുമെന്നും അക്രമികളെ പിടികൂടാന്‍ സഹായിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ 'അങ്ങ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താനും ശ്രീജിത്തും കാണാന്‍ വന്നിരുന്നുവെന്നും സമരമൊന്നും ചെയ്യേണ്ട, സെക്രട്ടേറിയറ്റ് നടയില്‍ കിടന്നാല്‍ ഭയങ്കര കൊതുകുകടി കൊള്ളേണ്ടിവരുമെന്നുംപറഞ്ഞ് പരിഹസിച്ചുവിട്ടു'വെന്ന് ആന്‍ഡേഴ്‌സണ്‍ ചെന്നിത്തലയോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."