പൊലിസ് കസ്റ്റഡിയില്‍ മൂന്നാംമുറ; നടപടിയെടുക്കണമെന്ന് ജയില്‍ ഡി.ജി.പി
തിരുവനന്തപുരം: പൊലിസ് കസ്റ്റഡിയില്‍ കൊലക്കേസ് പ്രതിക്ക് ക്രൂര മര്‍ദനം. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അക്ഷയ്ക്കാണ് മര്‍ദനമേറ്റത്.
ഈ മാസം ഏഴിന് തിരുവനന്തപുരം ജില്ലാ ജയിലില്‍ തടവുകാരുടെ പരാതി കേള്‍ക്കാനെത്തിയ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ അക്ഷയിനെ കണ്ടിരുന്നു. ശരീരമാകെ നീരുവന്ന് നടക്കാന്‍ കഴിയാതിരുന്ന അക്ഷയിനെ കണ്ട ഡി.ജി.പി ജയിലുകളില്‍ ഇപ്പോഴും നടയടിയുണ്ടോ എന്ന് ചോദിച്ച് സൂപ്രണ്ടിനോട് ക്ഷുഭിതയായിരുന്നു. തന്റെ സര്‍ക്കുലറുകള്‍ കണ്ടിട്ടില്ലേയെന്നും അവര്‍ ചോദിച്ചു. ജില്ലാ ജയിലില്‍ നടയടി ഇല്ലെന്നും പൊലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതാവാമെന്നും സൂപ്രണ്ട് ജയില്‍ ഡി.ജി.പിയെ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് ആരാണ് മര്‍ദിച്ചതെന്ന് ഡി.ജി.പി യുവാവിനോട് ചോദിക്കുകയായിരുന്നു.
ജയിലില്‍ ആരും മര്‍ദിച്ചിട്ടില്ലെന്നും പേരൂര്‍ക്കട പൊലിസാണ് മര്‍ദിച്ചതെന്നും ശരീരത്തിലെ ചതവുകളും മുറിവും കാണിച്ച് യുവാവ് പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ 30 വരെ കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ പേരൂര്‍ക്കട പൊലിസ് 16 മണിക്കൂര്‍ തലകീഴായി കെട്ടിത്തൂക്കി പീഡിപ്പിച്ചു. കൈകാലുകളില്‍ ലാത്തികൊണ്ടും ബൂട്ട് കൊണ്ടും ചവിട്ടി. കാലിന്റെയും കൈകളുടെയും നഖങ്ങള്‍ക്കിടയില്‍ ഈര്‍ക്കില്‍ കയറ്റി. വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചു. ഇരുട്ടുമുറിയിലാണ് പാര്‍പ്പിച്ചിരുന്നത്. ശരീരം മുഴുവനും ചതവും മുറിവുമായപ്പോള്‍ വേദനസംഹാരി സ്‌പ്രേ അടിക്കുകയായിരുന്നുവെന്നും അക്ഷയ് ശ്രീലേഖയോട് പറഞ്ഞു. ക്രൂരമായി മര്‍ദനമേറ്റ് നടക്കാന്‍പോലും കഴിയാതിരുന്ന അക്ഷയിനെ ഈ മാസം രണ്ടു മുതല്‍ ആറുവരെ വീണ്ടും പേരൂര്‍ക്കട പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. അപ്പോഴും മര്‍ദനം ആവര്‍ത്തിച്ചെന്നും അക്ഷയ് ശ്രീലേഖയോട് പറഞ്ഞു. തനിക്ക് പരാതി നല്‍കണമെന്നും ആവശ്യപ്പെട്ടു. ജയിലില്‍ എത്തിയപ്പോള്‍ ഈ വിവരം പുറത്തുപറയാത്തത് ഇവിടെനിന്ന് പീഡനം ഉണ്ടാകുമെന്ന് ഭയന്നാണെന്നും അക്ഷയ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ജയില്‍ ഡോക്ടര്‍ യുവാവിനെ പരിശോധിച്ചു. ഡോക്ടറുടെ റിപ്പോര്‍ട്ടും അക്ഷയിന്റെ ശരീരത്തിലെ മുറിവിന്റെ ചിത്രങ്ങളുംസഹിതം ജയില്‍ ഡി.ജി.പി ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസിന് റിപ്പോര്‍ട്ട് നല്‍കി. കുറ്റസമ്മതം നടത്തിയ യുവാവിനെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി തല്ലിച്ചതച്ചത് ശരിയല്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് ശ്രീലേഖ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."