വീട്ടുജോലിക്കാരിക്ക് സഊദി കുടുംബത്തിന്റെ യാത്രയയപ്പ്; വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു
ജിദ്ദ: പൊതുവെ ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുജോലിക്കായി എത്തുന്നവരെ അതിക്രൂരമായി ആക്രമിക്കുന്ന വാര്‍ത്തകളാണ് നമ്മള്‍ കേട്ടത്. ദാരിദ്രത്തിന്റെ വിലയറിഞ്ഞവര്‍ എല്ലാ പീഡനവും സഹിച്ച് ഗതികെട്ട് നില്‍ക്കുന്ന ഒരവസ്ഥയാണ് കണ്ടുവരുന്നത്.
എന്നാല്‍ സഊദിയിലുണ്ടായ സംഭവം മനുഷ്യത്വം കല്‍പ്പിക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയായിരുന്നു. മനുഷ്യ ജീവനെ ദ്രോഹിക്കുന്നവര്‍ മാത്രമല്ല വീട്ട് ജോലിക്കാരെ തങ്ങളുടെ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെ കരുതുന്നവരുമുണ്ട്.
ഇത്തരത്തില്‍ ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 33 വര്‍ഷം തങ്ങളെ പരിചരിച്ച വീട്ടുജോലിക്കാരിയ്ക്ക് സഊദി കുടുംബം നല്‍കിയത് കണ്ണീരില്‍ കുതിര്‍ന്ന ഒരു യാത്രയയപ്പാണ്. സഊദി കുടുംബത്തിലെ മുന്ന് തലമുറയിലെ ആള്‍ക്കാര്‍ ചേര്‍ന്നാണ് ഹൂരിയ എന്ന ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയെ യാത്രയാക്കിയത്. വീല്‍ചെയറിലായ വേലക്കാരിയെ സഊദി കുടുംബം നിറകണ്ണുകളോടെ കെട്ടിപ്പിടിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്.
സഊദി കുടുംബത്തിന്റെ സ്‌നേഹത്തിന് മുമ്പില്‍ വീട്ടുജോലിക്കാരിയും കീഴടങ്ങുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. 1986ല്‍ വീട്ടുവേലക്കാരിയായി സഊദിയിലെത്തിയ ഹൂരിയയുടെ തണലില്‍ മൂന്നു തലമുറകളാണ് വളര്‍ന്നുവലുതായതെന്ന് കുടുംബാംഗമായ അബ്ദുല്ല അല്‍ അര്‍ഫജ് പറഞ്ഞു. ഒരിക്കലും വേലക്കാരി ആയിരുന്നില്ലെന്നും ഉമ്മയായിരുന്നുവെന്നും ഹൂരിയയെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഫോട്ടോ സഹിതം അര്‍ഫജ് ട്വീറ്റ് ചെയ്തിരുന്നു.
തളര്‍ച്ച കൊണ്ടോ രോഗം കൊണ്ടോ അല്ല ഹൂരിയ മടങ്ങിയതെന്നും അവര്‍ക്ക് വിശ്രമിക്കാനുള്ള അവസരം നല്‍കുകുകയാണെന്നും അര്‍ഫജ് പറഞ്ഞു. ഇന്തോനേഷ്യയില്‍ അവരെ സന്ദര്‍ശിക്കാന്‍ തങ്ങളുടെ കുടുംബം ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടുജോലിക്കാരിയുടെ ബന്ധുവാണ് ഇവരുടെ സ്‌നേഹപ്രകടനം ക്യാമറയില്‍ പകര്‍ത്തിയത്. വിമാനത്താവളത്തില്‍ വീല്‍ചെയറില്‍ ഇരിക്കുന്ന ജോലിക്കാരിയുടെ അടുത്തെത്തി സഊദി കുടുംബത്തിലെ സ്ത്രീകളും പുരുഷന്മാരും ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്. യാത്ര പുറപ്പെടാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് ആരെയും കരയിക്കുന്ന സംഭവം വിമാനത്താവളത്തില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."