ജിത്തു കൊലക്കേസ്: മാതാവിന്റെ മാനസികനില പരിശോധിക്കും
കൊല്ലം: കുണ്ടറ കുരീപ്പള്ളിയില്‍ മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ പ്രതിയായ മാതാവ് ജയമോളുടെ മൊഴി പൂര്‍ണമായി വിശ്വസനീയമല്ലാത്തതിനാല്‍ അവരുടെ മാനസിക നില വീണ്ടും പരിശോധിക്കാനും ഭര്‍ത്താവ്, മകള്‍, കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാനും പൊലിസ് തീരുമാനിച്ചു. കൂടാതെ, കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി ജയമോളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലിസ് നാളെ പരവൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. പ്രതിയുടെ മൊഴി രേഖപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നതിലും അന്വേഷണമുണ്ടാകും. ജയമോള്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്ന് ഭര്‍ത്താവും മകളും പറയുന്ന സാഹചര്യത്തിലാണ് മാനസിക നില വീണ്ടും പരിശോധിക്കുന്നത്. ഓഹരി തര്‍ക്കത്തിന്റെ പേരിലാണ് കൊല ചെയ്തതെന്ന മൊഴി വിശ്വസിക്കുന്നില്ലെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ എ. ശ്രീനിവാസന്‍ പറഞ്ഞു. ജയമോള്‍ക്ക് മാനസികപ്രശ്‌നമുണ്ടന്നും തങ്ങള്‍ ചികിത്സിക്കാതിരുന്നതാണെന്നുമുള്ള മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഭര്‍ത്താവ് ജോബും മകളും. എന്നാല്‍, ഈ വാദം മുത്തച്ഛന്‍ ജോണിക്കുട്ടി തള്ളിപ്പറയുന്നു. ഈ സാഹചര്യത്തിലാണ് വ്യക്തത വരുത്താന്‍ ജയമോളുടെ മാനസികാരോഗ്യം വിശദമായി പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം പരവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴും ജയമോള്‍ പൊലിസിന് നല്‍കിയ മൊഴി ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജയമോളെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ചോദ്യംചെയ്യലിനിടയില്‍ പൊലിസ് തന്നെ മര്‍ദിച്ചെന്നും ഇതില്‍ പരാതിയില്ലെന്നും ജയമോള്‍ പറഞ്ഞതില്‍ കോടതി പൊലിസിനെ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."