നോട്ട് നിരോധനത്തിന്റെ പേരില്‍ തന്നെ വിലയിരുത്തരുതെന്ന് മോദി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും അടിസ്ഥാനത്തില്‍ തന്നെ വിലയിരുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ മാത്രമല്ല ലോകം തന്നെ നിരീക്ഷിച്ചതാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഉന്നമനത്തിനായിട്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്തെ സാമ്പത്തിക രംഗം പിന്നോട്ടടിച്ച സാഹചര്യത്തില്‍ ഉണ്ടായ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ നോട്ടുനിരോധനത്തിന്റെയും ജി.എസ്.ടിയുടെയും മാത്രം അടിസ്ഥാനത്തിലാണ് പലരും വിലയിരുത്തുന്നത്.
സാമ്പത്തിക പരിഷ്‌കരണത്തിന് പുറമെ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, രാജ്യത്തെ 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചത് എല്ലാം തന്നെ രാജ്യത്തിന്റെ വികസനം മുന്‍നിര്‍ത്തിയുള്ളതാണ്. ഈ സര്‍ക്കാര്‍ 70 ലക്ഷം പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. പ്രധാനമന്ത്രി മുദ്രാ ലോണ്‍ യോജനയില്‍ ഉപഭോക്താക്കളായത് 10 കോടി ജനങ്ങളാണ്.
രാജ്യത്തെ സാമ്പത്തിക രംഗം നേരായ വഴിയിലൂടെയാണ് മുന്നോട്ടുപോകുന്നത്. യുവാക്കളെ നിര്‍മാണ മേഖലയില്‍ വിദഗ്ധരാക്കി ആഗോളതലത്തില്‍ ആവശ്യക്കാരാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തെ മാനിക്കുന്നുവെന്നതുകൊണ്ടാണ് സംസ്ഥാനങ്ങളുടെ വികസനത്തിന് അമിത താല്‍പര്യം നല്‍കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."