പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകള്‍ അടിമുടി മാറുന്നു;
കോട്ടയം: നഷ്ടത്തിലോടിയിരുന്ന പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ ലാഭത്തിലാക്കുന്നതിന്റെ ഭാഗമായി തുടങ്ങിവച്ച പരിപാടികള്‍ ഒന്നൊന്നായി വിജയം കാണുന്നു.
ജീവനക്കാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കിയതാണ് റസ്റ്റ് ഹൗസുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി അവസാനം കൈക്കൊണ്ട നടപടി. ജനുവരി ഒന്ന് മുതലാണ് റസ്റ്റ് ഹൗസ് ജീവനക്കാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കിയത്.
കറുത്ത പാന്റും ലൈറ്റ് ആഷ് കളര്‍ ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത ഷൂവും മുകളില്‍ കറുത്ത കോട്ടുമാണ് റസ്റ്റ് ഹൗസ് മാനേജരുടെ യൂനിഫോം. മാനേജര്‍ സ്ത്രീകളാണെങ്കില്‍ ലൈറ്റ് ആഷ് കളര്‍ സാരിയും ബ്ലൗസും കറുത്ത കോട്ടും ആണ് വേഷം. അല്ലെങ്കില്‍ ലൈറ്റ് ആഷ് കളര്‍ ടോപ്പും പാന്റ്ും ഷാളും കറുത്ത കോട്ടും ഉപയോഗിക്കാം. കെയര്‍ടേക്കര്‍മാര്‍ക്ക് ഇളംനീല ഷര്‍ട്ടും കറുപ്പ് പാന്റുമാണ് വേഷം.
സ്ത്രീകളാണെങ്കില്‍ ഇളം നീല സാരിയും ബ്ലൗസും അല്ലെങ്കില്‍ ഇളംനീല ടോപ്പും പാന്റും നീല ഷാളും. ബട്‌ലര്‍, വാച്ച്മാന്‍, വര്‍ക്കര്‍ എന്നിവരുടെ യൂനിഫോം വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ്. കുക്കിന് വെള്ള യൂനിഫോമിനോടൊപ്പം അപ്രണ്‍ ക്ലോത്തും നിര്‍ബന്ധമാക്കി. ഫുള്‍ടൈം പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ വേഷം വെള്ളയാണ്.
പുരുഷനായാലും സ്ത്രീയായാലും ഏത് തസ്തികയ്ക്കും കറുത്ത ഷൂ നിര്‍ബന്ധമാണ്. മാനേജര്‍ ഒഴികെ ആരും കോട്ട് ധരിക്കേണ്ടതില്ല. പലയിടത്തും ജീവനക്കാരല്ലാത്തവര്‍ റസ്റ്റ് ഹൗസുകളില്‍ ഭരണം നടത്തുന്നത് യൂനിഫോം ഏര്‍പ്പെടുത്തുന്നതിലൂടെ തടയിടാനാകുമെന്നാണ് കരുതുന്നത്.
നഷ്ടത്തിലോടിയിരുന്ന റസ്റ്റ് ഹൗസുകളെ ലാഭത്തിലാക്കുക എന്ന മന്ത്രി ജി.സുധാകരന്റെ തീരുമാനമാണ് ഇപ്പോള്‍ റസ്റ്റ് ഹൗസുകളില്‍ കാണുന്ന മാറ്റങ്ങള്‍.
മുറികള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താതെ അനാവശ്യമായി നല്‍കുന്നത് മൂലം മദ്യപാനവും അനാശാസ്യപ്രവര്‍ത്തനങ്ങളും അനിയന്ത്രിതമായി ഉയര്‍ന്നത് ഏറെ പരാതികള്‍ക്കിടയാക്കിയിരുന്നു.
ഇതിനെല്ലാം അറുതി വരുത്തി റസ്റ്റ് ഹൗസുകളുടെ തുച്ഛമായ വാടക പുറത്തെ ലോഡ്ജുകളോടും ഹോട്ടലുകളോടും സമാനമായ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടും വിജിലന്‍സ് പരിശോധന ശക്തമാക്കിക്കൊണ്ടുമായിരുന്നു തുടക്കം. രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും മറ്റും മുറികള്‍ ദുരുപയോഗം ചെയ്യുന്ന നടപടിക്ക് കടിഞ്ഞാണിടാന്‍ ഇത് സഹായമാകുകയും ചെയ്തു.
സംസ്ഥാനത്തെ ഉയര്‍ന്ന ക്ലാസുകളിലുള്ള എല്ലാ റസ്റ്റ് ഹൗസുകളിലും കാറ്ററിങ് വിജയകരമായി നടന്നിരുന്നുവെങ്കിലും സര്‍ക്കാരിന് പത്ത് പൈസയുടെ ഗുണം ലഭിച്ചിരുന്നില്ല. വെള്ളക്കരവും കറന്റ് ചാര്‍ജും എല്ലാം ഖജനാവില്‍ നിന്ന് അടക്കുന്ന രീതി വര്‍ഷങ്ങളായി തുടരവെയാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം കാറ്ററിങ് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചത്. ഇതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന റസ്റ്റ് ഹൗസുകള്‍ ലാഭത്തിലേക്ക് മാറി. കാറ്ററിങ് സംവിധാനം കരാര്‍ ഏല്‍പ്പിച്ചതോടെ കേരളത്തിലെ റസ്റ്റ് ഹൗസുകളില്‍ നിന്നുമുള്ള വാര്‍ഷിക വരുമാനം കോടികളിലെത്തുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."