പരവൂര്‍ ദുരന്തം: കേന്ദ്ര കമ്മിഷന്‍ സിറ്റിങ് ഇന്ന് തുടങ്ങും
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച കമ്മിഷന്റെ സിറ്റിങ് ഇന്നാരംഭിക്കും. രാവിലെ അപകടം നടന്ന സ്ഥലം കമ്മിഷന്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് പരവൂര്‍ മുനിസിപ്പല്‍ ഓഫിസിലെ സിറ്റിങ്ങില്‍ പൊതുജനങ്ങളില്‍ നിന്നു തെളിവുകള്‍ സ്വീകരിക്കും.
ചെന്നൈയിലെ എക്‌സ്‌പ്ലോസിവ്‌സ് ജോയന്റ് ചീഫ് കണ്‍ട്രോളര്‍ ഡോ. എ.കെ യാദവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഹൈദരാബാദ് എക്‌സ്‌പ്ലോസിവ്‌സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍. വേണുഗോപാല്‍, റിട്ട. എക്‌സ്‌പ്ലോസിവ്‌സ് ജോയന്റ് ചീഫ് കണ്‍ട്രോളര്‍ ജി.എം. റെഡ്ഡി, കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജ് കെമിക്കല്‍ എഞ്ചിനീയറിങ് വിഭാഗം മേധാവി ഡോ. കെ.ബി രാധാകൃഷ്ണന്‍ എന്നിവര്‍ സാങ്കേതിക ഉപദേഷ്ടാക്കളാണ്.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍, പരുക്കേറ്റവര്‍, അവരുടെ പ്രതിനിധികള്‍, അപകടത്തിന്റെ ദൃക്‌സാക്ഷികള്‍ തുടങ്ങിയവരില്‍നിന്ന് 31നും ജൂണ്‍ ഒന്നിനും കമ്മിഷന്‍ തെളിവെടുക്കും.
ആശ്രാമം ഗസ്റ്റ് ഹൗസില്‍ ജൂണ്‍ രണ്ടിന് വെടിക്കെട്ട് നിര്‍മാതാക്കള്‍, പുറ്റിങ്ങല്‍ക്ഷേത്ര ഭാരവാഹികള്‍ എന്നിവരില്‍നിന്നും മൂന്നിനും നാലിനും അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നും സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും.
ദിവസവും രാവിലെ 9.30ന് തെളിവെടുപ്പ് തുടങ്ങും. വെടിക്കെട്ടപകടത്തില്‍ 111 പേര്‍ മരിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."