വഴിക്കടവില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു
വഴിക്കടവ്: എം.എല്‍.എയുടെ നേതൃത്വത്തില്‍ കാട്ടാനശല്യം തടയുന്നതിനു കര്‍ഷകര്‍ കൂട്ടായ്മയ്ക്കു രൂപംനല്‍കിയതിന്റെ പിറ്റേ ദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വിതച്ചു. വഴിക്കടവ് പൂവ്വത്തിപൊയില്‍ ആനമറി പ്രദേശത്താണ് കഴിഞ്ഞദിവസം രാത്രി കൃഷി നശിപ്പിച്ചത്.
ആനമറിയിലെ ഈന്തന്‍കുഴിയന്‍ മുഹമ്മദാലിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ സുല്‍ത്താന്‍ സംഘകൃഷിയിലെ വാഴത്തോട്ടത്തിലാണ് കാട്ടാന ആദ്യമിറങ്ങിയത്. കൃഷിയിടത്തിലിറങ്ങിയപാടെ കാവല്‍കാര്‍ അറിഞ്ഞതുമൂലം കൂടുതല്‍ നാശനഷ്ടം ഉണ്ടായില്ല. അരമണിക്കൂറോളം ബഹളംവച്ചതിന് ശേഷമാണ് വനാതിര്‍ത്തിയില്‍നിന്നു കൊമ്പന്‍ പിന്‍മാറിയത്. പുലര്‍ച്ചെ രണ്ടരയോടെ പൂവ്വത്തിപൊയില്‍ ഡീസന്റ്കുന്ന് കോളനിക്ക് സമീപമുള്ള മാമ്പ്ര സേവ്യറുടെ വാഴത്തോട്ടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വാഴത്തോട്ടം പൂര്‍ണമായും നശിപ്പിച്ചു. കുലച്ച 150ലേറെ നേന്ത്രവാഴകളാണ് നശിപ്പിച്ചത്. ഇവിടെ വനാതിര്‍ത്തിയില്‍ വനംവകുപ്പ് ട്രഞ്ചും സോളാര്‍ ഫെന്‍സിങ്ങും സ്ഥാപിച്ചിരുന്നെങ്കിലും ഇവ രണ്ടും തകര്‍ന്നുകിടക്കുകയാണ്.
കാട്ടാനശല്യം രൂക്ഷമായതോടെ ഇതിന് പ്രതിവിധി കണ്ടെത്താന്‍ കഴിഞ്ഞ ചൊവാഴ്ചയാണ് പൂവ്വത്തിപൊയില്‍ കര്‍ഷകര്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. കൃഷിയിടത്തിലെ വന്യജീവികളുടെ ആക്രമണം തടയുന്നതിനുള്ള പോംവഴി ആസൂത്രണം ചെയ്യുന്നതിനും അധികൃതരുടെ സഹായം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് കൂട്ടായ്മ രൂപീകരിച്ചത്. കര്‍ഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത പി.വി അന്‍വര്‍ എം.എല്‍.എ ഫെന്‍സിങ് നന്നാക്കാന്‍ ഒരു ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്ന. കാട്ടാനശല്യമുണ്ടായ സ്ഥലങ്ങള്‍ വഴിക്കടവ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ അരുണേശും സംഘവും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."