ശൈത്യകാല ഒളിംപിക്‌സ് ദക്ഷിണ കൊറിയയില്‍ കിമ്മിന്റെ ചിത്രം കീറി പ്രതിഷേധം
സിയൂള്‍: ശൈത്യകാല ഒളിംപിക്‌സില്‍ ഉത്തരകൊറിയ പങ്കെടുക്കുന്നതിനെതിരേ ദക്ഷിണ കൊറിയയില്‍ പ്രതിഷേധം ശക്തമാവുന്നു. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയൂളില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രം കത്തിച്ച് ആക്ടിവിസ്റ്റുകള്‍ പ്രതിഷേധിച്ചു. ഇരു കൊറിയകള്‍ക്കിടയിലെയും ബന്ധം ശക്തിപ്പെടുത്താനുള്ള അവസരമായിട്ടാണ് അടുത്ത മാസം നടക്കുന്ന ഒളിംപിക്‌സിനെ കാണുന്നതെങ്കിലും ദക്ഷിണകൊറിയയില്‍ പ്രതിഷേധം ശക്തമാണ്.
സിയൂള്‍ നാഷനല്‍ അസംബ്ലിയില്‍ നടന്ന പ്രതിഷേധത്തില്‍ ഉത്തരകൊറിയന്‍ വംശജനായ ആക്ടിവിസ്റ്റ് പാര്‍ക്ക് സാങ് ഹാക് നേതൃത്വം നല്‍കി. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട് ദക്ഷിണകൊറിയയില്‍ ജീവിക്കുന്ന ആക്ടിവിസ്റ്റാണ് ഇദ്ദേഹം. ഉ.കൊറിയയില്‍ നിന്ന് ജീവിതം പണയം വച്ച് ദ.കൊറിയയിലേക്ക് എത്തിച്ചേര്‍ന്ന 32,000 പേരുടെ ഐക്യപ്രതിഷേധമാണിതെന്ന് പാര്‍ക്ക് സാങ് ഹാക് പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം മറ്റു രണ്ട് ആക്ടിവിസ്റ്റുകളും ചേര്‍ന്നാണ് കിമ്മിന്റ മൂന്ന് ചിത്രങ്ങള്‍ കീറിയത്. രാജ്യത്തിന്റെ പതാകയും കിമ്മിന്റെ ചിത്രങ്ങളും തിങ്കളാഴ്ച പ്രതിഷേധക്കാര്‍ കത്തിച്ചതിനെതിരേ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. മനുഷ്യ അഴുക്കുകള്‍ എന്നാണ് പ്രതിഷേധക്കാരെ ഉത്തരകൊറിയ വിശേഷിപ്പിച്ചത്. ഇവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉ.കൊറിയ ആവശ്യപ്പെട്ടിരുന്നു.
ഇരു കൊറിയകളുടെയും വനിതകളുടെ സംയുക്ത ഐസ് ഹോക്കി മത്സരത്തിന്റെ ഭാഗമായി ഉത്തരകൊറിയയുടെ 12 കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള 15 അംഗ ടീം ഇന്ന് ദ.കൊറിയയില്‍ എത്തും.
കൂടാതെ ഒളിംപിക്‌സിന്റെ തയാറെടുപ്പുകള്‍ പരിശോധിക്കാനായി ഉ.കൊറിയയുടെ മറ്റൊരു സംഘം ഉടന്‍ ദ.കൊറിയയിലേക്ക് പുറപ്പെടും. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെയും അധികൃതരുടെയും താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവര്‍ വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."