സി.പി.എമ്മിന്റെ 'ഫഌറ്റ് ബ്രാഞ്ചു'കള്‍ വരുന്നു
കണ്ണൂര്‍: ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി ഘടകങ്ങള്‍ രൂപീകരിക്കാന്‍ സി.പി.എം ഒരുങ്ങുന്നു. നഗരങ്ങളില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാനും കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുമാണ് ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. അടുത്ത മാസം നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഇതു സംബന്ധിച്ചുള്ള നിര്‍ദേശമുണ്ടാകും. ഇതിന്റെ ഭാഗമായി ഫ്ളാറ്റു ജീവിതത്തില്‍ കൂടുതല്‍ ഇടപെടാന്‍ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഫ്ളാറ്റുകളിലെ താമസക്കാരുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് റസിഡന്‍സ് അസോസിയേഷനുകളാണ്. ഓരോ ഫ്ളാറ്റുകളിലും നൂറിനടുത്ത് കുടുംബങ്ങള്‍ വരെ താമസിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവരുടെ മേല്‍ രാഷ്ട്രീയമായ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞാല്‍ അതുവഴി പാര്‍ട്ടിക്ക് നഗരങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, നഗരത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ വിജയിപ്പിക്കാനും ഇത്തരം ആള്‍ക്കാരെക്കൊണ്ട് കഴിയും.
ഫ്ളാറ്റുകളില്‍ താമസിക്കുന്ന, സര്‍ക്കാര്‍ സര്‍വിസില്‍ നിന്നും മറ്റും വിരമിച്ചവരെ കണ്ടെത്തി ഇവരെ പാര്‍ട്ടിയോട് അടുപ്പിച്ച് ഇവിടെ ബ്രാഞ്ചുകള്‍ രൂപീകരിക്കുകയോ ഇവരെ റസിഡന്‍സ് അസോസിയേഷനുകളുടെ തലപ്പത്ത് എത്തിക്കാനോ ആണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."