മദനി വിഭാഗം ഐ.എസ്.എം യൂത്ത് അസംബ്ലിക്കു തുടക്കം
കോഴിക്കോട്: ഭരണഘടന അനുവദിക്കുന്ന പൗരാവകാശങ്ങള്‍ റദ്ദാക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഫാസിസ്റ്റ് ഗൂഢാലോചനക്കെതിരേ സമൂഹ മനഃസാക്ഷിയെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ മദനി വിഭാഗം ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യൂത്ത് അസംബ്ലിക്കു കോഴിക്കോട്ട് തുടക്കമായി. 29 വരെയാണ് ജില്ലാ കേന്ദ്രങ്ങളിലും പ്രധാന നഗരങ്ങളിലും യൂത്ത് അസംബ്ലി ഒരുക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷനായി. ജനാധിപത്യത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനുള്ള ക്രിയാത്മക ഇടപെടലുകള്‍ക്ക് യുവാക്കള്‍ നേതൃപരമായ പങ്കുവഹിക്കണമെന്ന് യൂത്ത് അസംബ്ലി ആവശ്യപ്പെട്ടു.
ജനാധിപത്യവും മതനിരപേക്ഷതയും പരുക്കേല്‍ക്കാതെ നിലനില്‍ക്കണം. ഇതിനു ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ സജീവമായ നേതൃത്വം വഹിക്കണം. ഭരണഘടന അനുവദിക്കുന്ന പൗരാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന സാഹചര്യം ഭയപ്പെടുത്തുന്നതാണ്. ജുഡീഷ്യറിയെ തന്നെ നിരാകരിക്കുന്ന തീവ്ര സമീപനങ്ങള്‍ മുളയില്‍ നിന്നുതന്നെ നുള്ളണം. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരത രാജ്യത്ത് പുലര്‍ന്ന് കാണാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടല്‍ അനിവാര്യമാണെന്നും യൂത്ത് അസംബ്ലി അഭിപ്രായപ്പെട്ടു.
മുന്‍മന്ത്രി അഡ്വ. പി. ശങ്കരന്‍, എ. അസ്ഗറലി, എം. മുഹമ്മദ് മദനി, എ. സജീവന്‍, കെ. ബൈജു, ഡോ. എ.ഐ അബ്ദുല്‍മജീദ് സ്വലാഹി, നിസാര്‍ ഒളവണ്ണ, സി.എന്‍. ചേന്ദമംഗലം, എം.കെ. ബീരാന്‍, സി. മരക്കാരുട്ടി, കെ.എം.എ. അസീസ്, എ. അഹമ്മദ് നിസാര്‍, റഹ്മത്തുല്ല പുത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."