മലമ്പുഴയില്‍ സ്ത്രീ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു
പാലക്കാട്: മലമ്പുഴയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഒരാള്‍ക്ക് പരുക്ക്. തമിഴ്‌നാട് സേലം കള്ളകുര്‍ശി ആത്തൂര്‍ ഷെയ്ക് ഷെരീഫിന്റെ ഭാര്യ ബീവിജാന്‍ (60) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 3.30ന് ആറങ്ങോട്ടുകുളമ്പ് കോരയാര്‍ പുഴയോടു ചേര്‍ന്ന ഇഷ്ടിക കളത്തിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇഷ്ടിക കളത്തിലെ മേസ്തിരി തമിഴ്‌നാട് ചിദംബരം ജില്ലയിലെ ശീര്‍കാഴി സ്വദേശി ബാലുവി(45)നാണ് സാരമായി പരുക്കേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ച ബീവിജാനും കുടുംബവും ഇഷ്ടിക കളത്തിലെ തൊഴിലാളികളാണ്. മകള്‍ അസ്മത്ത്, മരുമകന്‍ മാലിക് ബാഷ, ഇവരുടെ നാലു മക്കള്‍ ഉള്‍പ്പെടെ മൂന്നു ഷെഡ്ഡുകളിലായാണ് കുടുംബം താമസിച്ചിരുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബീവിജാന്റെ മൃതദേഹം ജില്ലാ ആശുപത്രിക്കു പിറകിലെ പള്ളിത്തെരുവ് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. അകത്തേത്തറ നടക്കാവ് അങ്കവാല്‍പറമ്പ് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇഷ്ടിക കളം.
പുലര്‍ച്ചെ കുടുംബം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ഷെഡ്ഡു പൊളിക്കുന്ന ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്ന ബീവിജാന്‍ ആനയെക്കണ്ട് പുറത്തേക്കോടി. ഇതിനിടെ ഉണങ്ങാനിട്ടിരിക്കുന്ന ഇഷ്ടികയില്‍തട്ടി വീണു. ഓടിയടുത്ത കാട്ടാന ഇവരെ ചവിട്ടിക്കൊല്ലുകയായിരുന്നു. ശബ്ദംകേട്ട് പുറത്തിറങ്ങിയ ബാലുവിനേയും കാട്ടാന ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ബീവിജാന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. നിലവിളിയും ബഹളവും കേട്ടെത്തിയ നാട്ടുകാര്‍ പടക്കംപൊട്ടിച്ചും പന്തംകൊളുത്തിയും കാട്ടാനയെ തുരത്തുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ആറങ്ങോട്ടുകുളമ്പ് പ്രദേശം.
വിവരമറിഞ്ഞ പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കാട്ടാനകളുടെ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പ്രതിഷേധിച്ചു. കാട്ടാനശല്യം ഈ മേഖലയില്‍ സ്ഥിരമായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം മലമ്പുഴകഞ്ചിക്കോട് റോഡില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഒറ്റയാന്‍ മറ്റൊരു ജീവനുംകൂടി എടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."