പണം ഏര്‍പ്പാടാക്കിയ താന്‍ കുടുക്കില്പ്പെട്ടുവെന്ന് രാഹുല്‍കൃഷ്ണ
തിരുവനന്തപുരം: ബിനോയ് കോടിയേരിയും ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന് ശ്രീജിത്തും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കേസിലെ പരാതിക്കാരന് രാഹുല്‍ കൃഷ്ണ.
കച്ചവട ആവശ്യത്തിനായി ബിനോയിക്കും ശ്രീജിത്തിനും പണം ഏര്‍പ്പാടാക്കിക്കൊടുത്ത താന്‍ ഒടുവില്‍ കുടുക്കില്‍ അകപ്പെടുകയായിരുന്നുവെന്നും രാഹുല്‍ പറയുന്നു.
ബിനോയ് കോടിയേരി തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും താനും യു.എ.ഇ സ്വദേശിയും കൂടിയാണ് പണം നല്‍കിയതെന്നും രാഹുല്‍ പറയുന്നു. കേസിലെ മറ്റൊരു പരാതിക്കാരനായ യു.എ.ഇ സ്വദേശിയും താനും ചേര്‍ന്ന് നടത്തുന്ന കമ്പനിയാണ് ജാസ് ട്രാവല്‍സ്. ഈ കമ്പനി ഈടുവച്ചാണ് ബിനോയിക്കും ശ്രീജിത്തിനും പണം കൊടുത്തത്.
എന്നാല്‍, പണം തിരിച്ചടയ്ക്കുന്നതില്‍ ഇവര്‍ വീഴ്ച വരുത്തിയതോടെ താന്‍ കേസിന് പോകാന്‍ നിര്‍ബന്ധിതനായെന്നും രാഹുല്‍ പറയുന്നു. ശ്രീജിത്ത് തന്നെ ചതിച്ചെന്നും പതിനേഴ് തവണ വീട്ടില്‍ പോയിട്ടും പണം കിട്ടിയില്ലെന്നും അവസാന തവണ പോയപ്പോള്‍ തന്നെ കാണാന്‍ പോലും ഇയാള്‍ കൂട്ടാക്കിയില്ലെന്നും രാഹുല്‍ വെളിപ്പെടുത്തുന്നു.
ബിനോയിയും രാഹുലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കോടിയേരിക്ക് അറിയാമെന്ന് രാഹുലിന്റെ ഭാര്യാ പിതാവ് രാജേന്ദ്രന് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്കൃഷ്ണയുമായി മാസങ്ങള്‍ക്കുമുന്‍പ് തിരുവനന്തപുരത്തെത്തിയാണ് കോടിയേരിയെ കണ്ടത്. അദ്ദേഹം നോക്കാമെന്നാണ് അന്ന് മറുപടി പറഞ്ഞത്. കൂടാതെ കേസ് അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
എന്‍. വിജയന്‍പിള്ള എം.എല്‍.എയെയും ചവറയിലെത്തി നേരില്‍ക്കണ്ടിരുന്നു. അദ്ദേഹവും ഇക്കാര്യത്തില്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. അതാണ് കേസുമായി മുന്നോട്ട് പോകാന്‍ കാരണം. രാഹുല്കൃഷ്ണയും ബിനോയിയുമായി ഇടപാടില്ലെന്നും പണം ലഭിക്കാനുള്ളത് കമ്പനിക്കാണെന്നും രാജേന്ദ്രന് നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."