ജില്ലക്ക് ഹരിതകേരളം മിഷന്റെ അഭിനന്ദനം
കൊല്ലം: ഹരിതകേരളം പദ്ധതിയുടെ ജില്ലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകേരളം മിഷന്റെ അഭിനന്ദനം. ആസൂത്രണ മികവ്, വകുപ്പുകളുടെ ഏകോപനം, നവീന ആശയങ്ങളുടെ സന്നിവേശം, കൃത്യതയാര്‍ന്ന സംഘടനാ സംവിധാനം എന്നിവയില്‍ കൊല്ലം ജില്ല മികവുകാട്ടിയെന്ന് വൈസ്‌ചെയര്‍പേഴ്‌സണ്‍ ടി എന്‍ സീമപറഞ്ഞു. കലക്‌ട്രേറ്റില്‍ ചേര്‍ന്ന ഹരിതകേരളം പദ്ധതിയുടെ അവലോകന യോഗത്തിലായിരുന്നു അഭിനന്ദനം.
നടത്തിപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഹരിത കേരളത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ പദ്ധതികളും ഏകോപിപ്പിക്കേണ്ടതുണ്ട്. വിവിധ വകുപ്പുകള്‍ നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ നടപടികള്‍ കൃത്യമായി പരിശോധിക്കണം. കൃഷിയോഗ്യമാക്കിയ തരിശു നിലങ്ങളില്‍ തുടര്‍ന്നും കൃഷിചെയ്യുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ജലസ്രോതസുകളുടെ സംരക്ഷണത്തിന് പ്രധാന്യം നല്‍കണം. കുളങ്ങള്‍, തോടുകള്‍, കനാലുകള്‍ എന്നിവുടെ പരിപാലനത്തിന് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 2723 ഹെക്ടര്‍ തരിശ് ഭൂമി യില്‍ കൃഷി ആരംഭിച്ചു. 200 ഹെക്ടര്‍ സ്ഥലത്ത് അധികമായി നെല്‍കൃഷി തുടങ്ങി. ജലസംരക്ഷണവുമായി ബന്ധപ്പെട്ട് 276 കിലോമീറ്റര്‍ വിസ്തൃതിയില്‍ ജലസ്രോതസ്സുകളുടെ നവീകരണം സാധ്യമാക്കി. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് 699 പ്രവര്‍ത്തികള്‍ ചെയ്തു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷയായി.
ജില്ലാ കലക്ടര്‍ മിത്ര റ്റി ആമുഖ പ്രഭാഷണം നടത്തി. സബ് കലക്ടര്‍ ഡോ എസ് ചിത്ര, ഹരിതകേരളം സാങ്കേതിക ഉപദേശകന്‍ ഡോ ആര്‍ അജയകുമാര്‍ വര്‍മ, എ ഡി സി ജനറല്‍ വി സുദേശന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ മണിലാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."