ഡിജിറ്റല്‍ സംസ്ഥാനമായി മാറാന്‍ കേരളത്തിന് അനുകൂല സാഹചര്യം: കേന്ദ്രമന്ത്രി
തിരുവനന്തപുരം: ഡിജിറ്റല്‍ സംസ്ഥാനമായി മാറാന്‍ കേരളത്തിന് അനുകൂല സാഹചര്യമുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. ഡിജിറ്റല്‍ പെയ്‌മെന്റിന്റെ സാധ്യതകള്‍ വിശദമാക്കുന്നതിന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച ഡിജിധന്‍ കേരള മേള കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോടൊപ്പം ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രയവിക്രയങ്ങള്‍ ഡിജിറ്റലൈസ് ആകുന്നതിന്റെ ഗുണം എല്ലാവര്‍ക്കും ലഭിക്കും. കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഇത് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് യന്ത്രങ്ങള്‍ തകര്‍ത്തും മറ്റും സാങ്കേതിക മുന്നേറ്റത്തിനെതിരേ സമരം ചെയ്ത രാഷ്ട്രീയ കക്ഷികള്‍ ഇപ്പോള്‍ അതില്‍ ഖേദിക്കുകയാണെന്ന് എം.ജെ അക്ബര്‍ പറഞ്ഞു. രാജ്യത്ത് വലിയൊരു സാങ്കേതിക വിപ്ലവം നടക്കുകയാണ്. ഈ വിപ്ലവം രാജ്യത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിനു വഴിയൊരുക്കും. ഉല്‍പാദന മേഖലയില്‍ വലിയ തോതില്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐ.ടി വകുപ്പും കേന്ദ്ര ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച മേളയില്‍ ബാങ്കുകള്‍, പൊതുമേഖലാ എണ്ണക്കമ്പനികള്‍, വിവിധ ഐ.ടി സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഐ.ടി സെക്രട്ടറി എം.ശിവശങ്കരന്‍, ജില്ലാ കലക്ടര്‍ വെങ്കിടേസപതി, വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."