പെറ്റിക്കേസ്, അപകട വാഹനങ്ങള്‍ കസ്റ്റഡിയില്‍ കൂട്ടിയിടേണ്ട; നടപടി വേഗത്തിലാക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം
തിരുവനന്തപുരം: പൊലിസിന് പുതിയ നിര്‍ദേശങ്ങളുമായി സംസ്ഥാന പൊലിസ് മേധാവി രംഗത്ത്. പെറ്റിക്കേസുകളിലും അപകട കേസുകളിലും കസ്റ്റഡിയില്‍ എടുക്കുന്ന വാഹനങ്ങള്‍ കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടു നല്‍കണമെന്നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം.
പെറ്റിക്കേസുകളിലും അപകടങ്ങളിലും പെടുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് അനാവശ്യമായി പൊലിസ് സ്റ്റേഷനില്‍ സൂക്ഷിക്കരുത്. പിടികൂടിയ വാഹനങ്ങള്‍ പൊലിസ് സ്റ്റേഷന്‍ പരിസരത്തും റോഡ് വക്കിലും മാര്‍ഗതടസം സൃഷ്ടിക്കുന്നതും ഒഴിവാക്കണം എന്നിവ നിര്‍ദേശങ്ങളില്‍പെടും.
പെറ്റിക്കേസുകളില്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് പൊലിസ് അനാവശ്യമായി കസ്റ്റഡിയില്‍ സൂക്ഷിച്ച് വാഹന ഉടമകളെ പീഡിപ്പിക്കുന്നതായ പരാതികള്‍ വ്യാപകമായതോടെയാണ് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയത്. പിടിച്ചെടുക്കുന്ന വാഹനത്തിന് പകരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുക്കാനാണ് പൊലിസിന് ഡി.ജി.പി നിര്‍ദേശം നല്‍കിയത്.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്ത് രസീത് നല്‍കി വാഹനം കസ്റ്റഡിയില്‍ എടുക്കാതെ വിട്ടയക്കണം. മോട്ടോര്‍ വാഹന നിയമത്തിലെ 3,4 വകുപ്പുകളില്‍ നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകള്‍ ലംഘിച്ച് ഓടിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ ലൈസന്‍സുള്ള ഉടമക്കോ ചുമതലപ്പെടുത്തിയ ലൈസന്‍സുള്ള ഒരാള്‍ക്കോ പെറ്റിക്കേസ് നടപടി പൂര്‍ത്തിയാക്കി വാഹനം വിട്ടു നല്‍കണം. വാഹനാപകട കേസുകളില്‍ വാഹന ഉടമയ്ക്ക് നോട്ടിസ് നല്‍കിയതിനെ തുടര്‍ന്ന് ഹാജരാക്കുന്ന വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കേണ്ടതില്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്ക് ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യത്തില്‍ വിട്ടുകൊടുക്കേണ്ടതാണ്.
അപകട സ്ഥലത്തു നിന്നു നീക്കം ചെയ്ത് സ്റ്റേഷനില്‍ കൊണ്ടു വരുന്ന വാഹനങ്ങളും കേസ് രജിസ്റ്റര്‍ ചെയ്ത് നിശ്ചിത സമയപരിധിക്കുള്ളില്‍ ജാമ്യത്തില്‍ വിട്ടുകൊടുക്കേണ്ടതാണെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."