മരാമത്ത് പ്രവൃത്തി: കരാറുകാര്‍ക്ക് ടാര്‍ വാങ്ങി നല്‍കേണ്ട ചുമതല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്
ചെറുവത്തൂര്‍: തദ്ദേശഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പ്രവൃത്തികള്‍ക്കു അതത് സ്ഥാപനങ്ങള്‍ തന്നെ ടാര്‍ വാങ്ങി നല്‍കണമെന്ന് തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി നിര്‍ദേശിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളില്‍ നിന്നു മാത്രമേ ടാര്‍ വാങ്ങാവൂ എന്ന നിര്‍ദേശത്തിനെതിരെ ടെന്‍ഡര്‍ ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രതിഷേധവുമായി കരാറുകാര്‍ മുന്നോട്ട് പോവുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.
കേരള ചെറുകിട വികസന കോര്‍പറേഷനില്‍ (സിഡ്‌കോ) നിന്നുമാണ് ഭൂരിപക്ഷം കരാറുകാരും ടാര്‍ വാങ്ങിയിരുന്നത്. 30 ലക്ഷം വരെ അടങ്കല്‍ തുകയുള്ള പ്രവൃത്തികള്‍ക്കു തദ്ദേശഭരണ സ്ഥാപനങ്ങള്‍ ടാര്‍ വാങ്ങി നല്‍കുന്ന രീതിയും നിലവിലുണ്ടായിരുന്നു. എന്നാല്‍ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം സിഡ്‌കോയില്‍ നിന്നു ടാര്‍ വാങ്ങുന്നത് അവസാനിപ്പിച്ചു.
കൊച്ചി-മംഗളുരു എന്നിവിടങ്ങളിലെ പൊതുമേഖലാ എണ്ണക്കമ്പനികളില്‍ ഏറ്റവും അടുത്തുള്ള സ്ഥലത്തു നിന്നും ടാര്‍ വാങ്ങണമെന്നതായിരുന്നു നിര്‍ദേശം. എന്നാല്‍ ടാര്‍ എത്തിക്കുന്നതിനു തങ്ങള്‍ക്ക് വലിയ ബാധ്യത വന്നു ചേരുമെന്ന പരാതിയുമായി കരാറുകാര്‍ പ്രതിഷേധിച്ചതോടെ റോഡ് നിര്‍മാണമുള്‍പ്പെടെ പശ്ചാത്തല മേഖലയിലെ പ്രവൃത്തികള്‍ പ്രതിസന്ധിയിലായി.
2016-17 വര്‍ഷത്തെ പദ്ധതി നിര്‍വഹണം പൂര്‍ത്തീകരിക്കാന്‍ രണ്ടു മാസം പോലും ബാക്കിയില്ലെന്നിരിക്കെയായിരുന്നു കരാറുകാരുടെ പ്രതിഷേധം.
പ്രവൃത്തികള്‍ പ്രതിസന്ധിയിലായതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടി സിഡ്‌കോയില്‍ നിന്നു ടാര്‍ വാങ്ങാന്‍ അനുമതി തരണമെന്ന ആവശ്യവുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വകുപ്പ് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ ടാര്‍ അതതു തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന ലഭ്യമാക്കണമെന്ന നിര്‍ദേശമാണ് തദ്ദേശ സ്ഥാപന മേധാവികള്‍ക്കു ലഭിച്ചത്.
വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന മരാമത്ത് പ്രവൃത്തികള്‍ക്കു ആവശ്യമായ ടാര്‍ എത്രയെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ കണക്കാക്കണം.
എസ്റ്റിമേറ്റില്‍ പറയും പ്രകാരം ടാര്‍ കരാറുകാരന് നല്‍കണം. ഇതില്‍ വീഴ്ച വന്നാല്‍ അത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിയുടെ വീഴ്ചയായി കണ്ട് നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍, ടാര്‍ എത്തിക്കല്‍, അതിന്റെ സംരക്ഷണം എന്നിവ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തലവേദനയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."