മീറ്റ്‌ന തടയണയോടു ചേര്‍ന്ന് കുട്ടികളുടെ പാര്‍ക്ക് സ്ഥാപിക്കാന്‍ സാധ്യത
ഒറ്റപ്പാലം: ഭാരതപ്പുഴയിലെ മീറ്റ്‌ന തടയണയോടുചേര്‍ന്ന് കുട്ടികളുടെ പാര്‍ക്ക് സ്ഥാപിക്കാനുള്ള സാധ്യതയേറുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ യോഗത്തില്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായി കൗണ്‍സിലര്‍ മനോജ് സ്റ്റീഫന്‍ പറഞ്ഞു.
ഒറ്റപ്പാലം നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിക്ക് ഉപകരിക്കും വിധം തൃശൂര്‍ അഡീഷണല്‍ ഇറിഗേഷന്‍ ഡിവിഷന് കീഴില്‍ നിര്‍മിച്ച തടയണയും പ്രകൃതി മനോഹാരിതയും ആസ്വദിക്കുന്നതിന് നിലവില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സായാഹ്നങ്ങളില്‍ മീറ്റ്‌നയിലെ നിളയോരത്ത് എത്തുന്നത്. ജലാശയത്തില്‍ ബോട്ടിങ്, പുഴയോരത്ത് കുട്ടികളുടെ പാര്‍ക്ക്, മുതിര്‍ന്ന പൗരന്മാര്‍ക്കും മറ്റും സായാഹ്നങ്ങള്‍ ചെലവിടുന്നതിന് വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.
ഇത് സംബന്ധിച്ച പദ്ധതിരേഖ തയ്യാറാക്കുന്നതിന് വിഷയം വികസന സെമിനാറില്‍ അവതരിപ്പിക്കും. ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനും സ്വാമി വിവേകാനന്ദന്റെ സതീര്‍ഥ്യനുമായ സ്വാമി നിര്‍മ്മലാനന്ദയുടെ സമാധി തടയണയോട് ചേര്‍ന്നുള്ള പുഴയോരത്താണ് സ്ഥിതി ചെയ്യുന്നത്. പാര്‍ക്കിലെത്തുന്നവര്‍ക്ക് സമീപത്തെ തന്നെ ശ്രീരാമകൃഷ്ണ ആശ്രമവും ഇവിടുത്തെ അപൂര്‍വമായ പഞ്ചമുഖ ശിവപ്രതിഷ്ഠയുള്ള ക്ഷേത്രവും ശാരദാശ്രമവും സന്ദര്‍ശിക്കാം.
സംവിധായകന്‍ ലാല്‍ജോസ് അടുത്തിടെ തടയണ പ്രദേശം സന്ദര്‍ശിച്ചിരുന്നു. പാര്‍ക്കില്‍ എത്തിച്ചേരുന്നതിന് ഗതാഗത സൗകര്യവും വേണ്ടുവോളമുണ്ട്. തീവണ്ടിയിലാണെങ്കില്‍ പാലപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങാം. റോഡ് മാര്‍ഗമാണെങ്കില്‍ സംസ്ഥാന പാതയിലെ കയറംപാറയില്‍ നിന്ന് ഉള്ളിലേക്ക് ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മതി. പാളം മുറിച്ചുകടക്കാതെ റെയില്‍പ്പാലത്തിനടിയിലൂടെ ഇവിടെയെത്താം. ഒറ്റപ്പാലത്തോ നഗരസഭാ പ്രദേശത്തോ കുട്ടികള്‍ക്കായി പാര്‍ക്ക് സ്ഥാപിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. നഗരസഭാ ബജറ്റുകളില്‍ ഇതിനായി തുക വകയിരുത്താറുണ്ടെങ്കിലും സ്ഥലം ലഭ്യമാകാത്തതിനെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."