അഴിമതിക്കെതിരേ മലപ്പുറത്തിന്റെ കൂട്ട വിസില്‍!
മലപ്പുറം: അഴിമതിക്കെതിരായ വിജിലന്‍സ് വകുപ്പിന്റെ 'വിസില്‍ നൗ' മൊബൈല്‍ ആപ്ലിക്കേഷന്‍വഴി ലഭിച്ച പരാതികളില്‍ കൂടുതലും ജില്ലയില്‍നിന്ന്. ആപ്ലിക്കേഷന്‍വഴി പരാതി സ്വീകരിക്കുന്ന പദ്ധതി തുടങ്ങി രണ്ടു മാസത്തോളമായപ്പോള്‍ ജില്ലയില്‍നിന്നു ലഭിച്ചത് 106 പരാതികളാണ്.
സംസ്ഥാനത്താകെ ഇതുവരെ 500 പരാതികളാണ് ലഭിച്ചത്. ആദ്യഘട്ടത്തില്‍ പാലക്കാട് ജില്ലയായിരുന്നു പരാതികളുടെ എണ്ണത്തില്‍ മുന്നിലുണ്ടായിരുന്നത്. പിന്നീട് വിജിലന്‍സ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കിയ ബോധവല്‍ക്കരണത്തെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ ആപ്ലിക്കേഷന്‍വഴി പരാതി നല്‍കിയത്.
വനംവകുപ്പില്‍ ജീവനക്കാരെനിയമിക്കുന്നതിലെ അഴിമതി, മാംസ മാര്‍ക്കറ്റിലെ കൃത്യതയില്ലാത്ത തുലാസ്, മഞ്ചേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജിസ്റ്റിന്റ അനധികൃത ലീവ്, വൈദ്യുതി വകുപ്പിന്റെ അനാസ്ഥ, സര്‍ക്കാര്‍ അധ്യാപകന്‍ തൊഴിലുറപ്പ് കൂലി വാങ്ങിയത്, സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പന, റോഡരികിലെ അനധികൃത പരസ്യബോര്‍ഡുകള്‍, ലേല പരസ്യത്തിലെ അപാകത തുടങ്ങിയ പരാതികളാണ് ജില്ലയില്‍നിന്നു ലഭിച്ചിട്ടുള്ളത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നുമുണ്ടാകുന്ന അഴിമതി സംബന്ധിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍വഴി പരാതിപ്പെടാന്‍ സൗകര്യമൊരുക്കുന്ന സംവിധാനമാണ് വിസില്‍ നൗ. നേരില്‍ക്കാണുന്ന അഴിമതിയെക്കുറിച്ചുള്ള തെളിവുകള്‍ ഇതില്‍ അപ്‌ലോഡ് ചെയ്യാനാകും. ചിത്രവും വീഡിയോയും ഉള്‍പ്പെടെ ചേര്‍ക്കാനാകും. ആപ്ലിക്കേഷന്‍വഴി ലഭിക്കുന്ന പരാതികള്‍ വിജിലന്‍സ് ഓഫിസില്‍ പരിശോധിച്ച് തരംതിരിക്കും. സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലാ തലവന്മാര്‍ക്കാണ് ഈ പരാതികള്‍ കൈമാറുക. ഇവ പരിശോധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നുള്‍പ്പെടെയുള്ള വിശദീകരണങ്ങള്‍ വകുപ്പ് തലവന്‍മാര്‍ തിരികെ ഇതില്‍ രേഖപ്പെടുത്തണം. ഇതു നടക്കുന്നില്ലെങ്കില്‍ വിജിലന്‍സ് ഇടപെട്ട് നടപടി ഉറപ്പാക്കും.
പ്ലേസ്റ്റോറില്‍നിന്ന് എറൈസിങ് കേരള, അല്ലെങ്കില്‍ വിസില്‍ നൗ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ആര്‍ക്കും ഇതുപയോഗിക്കാനാകും. പരാതി അയയ്ക്കുന്ന ആളെക്കുറിച്ചുള്ള വിവരം രഹസ്യമാക്കി വയ്ക്കാനുള്ള അവസരവും ആപ്ലിക്കേഷനിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."