പൊതുവിദ്യാഭ്യാസം: സര്‍ക്കാര്‍ അത്യാഗ്രഹം ഉപേക്ഷിക്കണം
കേരളത്തില്‍ പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അധികപങ്കും നടക്കുന്നത് എയ്ഡഡ് സ്‌കൂളുകളിലാണ്. എണ്ണത്തിലും ഗുണനിലവാരത്തിലും സര്‍ക്കാര്‍ സ്‌കൂളുകളേക്കാള്‍ മുന്‍പിലാണ് എയ്ഡഡ് സ്‌കൂളുകള്‍. എന്നിട്ടും വേണ്ടത്ര പരിഗണനയോ സംരക്ഷണമോ എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്കു ലഭിക്കുന്നില്ല.
എയ്ഡഡ് മേഖലയിലെ അധ്യാപക നിയമന പ്രശ്‌നങ്ങള്‍ക്കുള്ള കാരണം വിദ്യാഭ്യാസവകുപ്പിന്റെ വീഴ്ചയാണ്. വര്‍ഷാവര്‍ഷങ്ങളില്‍ തസ്തിക നിര്‍ണയം നടത്തുന്നതില്‍ വകുപ്പും സര്‍ക്കാരും വീഴ്ച വരുത്തി. യുഐഡിയുടെ പേരില്‍ 2010 മുതല്‍ 2014 വരെ തസ്തിക നിര്‍ണയം നടന്നില്ല. തസ്തിക നിര്‍ണയം നടക്കാത്തതുകൊണ്ട്, നഷ്ടപ്പെടുന്നതോ അധികമായി ഉണ്ടാകുന്നതോ ആയ തസ്തികകള്‍ കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിന്റെ ഫലമായി സംരക്ഷിതാധ്യാപകരുടെ എണ്ണം അറിയാനോ അധ്യാപക സംരക്ഷണത്തിനെന്നു പറഞ്ഞ് ആരംഭിച്ച അധ്യാപക ബാങ്ക് ശരിയായി പ്രവര്‍ത്തിപ്പിക്കാനോ കഴിഞ്ഞില്ല. സര്‍ക്കാര്‍ നയങ്ങളിലെ അവ്യക്തതയും മെല്ലെപ്പോക്കും ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും കൂടിച്ചേര്‍ന്നപ്പോള്‍ എയ്ഡഡ് വിദ്യാഭ്യാസമേഖല കടുത്ത പ്രതിസന്ധിയിലായി.
തങ്ങളുടേതല്ലാത്ത സംരക്ഷിതാധ്യാപകരെ നിര്‍ബന്ധമായും എയ്ഡഡ് സ്‌കൂളുകളില്‍ സ്വീകരിക്കണമെന്നു സര്‍ക്കാര്‍ ശാഠ്യം പിടിക്കുന്നത് മാനേജ്‌മെന്റുകളുടെ നിയമനാധികാരത്തിന്മേലുള്ള കടന്നുകയറ്റവും ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനവുമാണ്. 1979നു ശേഷം ആരംഭിക്കുകയോ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്ത സ്‌കൂളുകളെ ന്യൂ സ്‌കൂള്‍ എന്ന പ്രത്യേക ഗണത്തില്‍പ്പെടുത്തി, അവിടെയുണ്ടാകുന്ന തസ്തികകളില്‍ 1ഃ1 അനുപാതത്തില്‍ അധ്യാപക നിയമനം നടത്താനുള്ള നയം സര്‍ക്കാര്‍ കൊണ്ടുവന്നു. പിന്നീടത് ന്യൂ സ്‌കൂള്‍ പരിഗണനയില്ലാതെ അധികമായി ഉണ്ടാകുന്ന എല്ലാ തസ്തികകളിലേക്കും ബാധകമാക്കി. ഇപ്പോള്‍ എല്ലാ സ്‌കൂളുകളിലെയും എല്ലാ ഒഴിവുകളിലേക്കും 1ഃ1 അനുപാതത്തില്‍ അധ്യാപക നിയമനം വേണമെന്നു നിര്‍ദേശിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഗുഢതന്ത്രമാണ് ഇതിനു പിന്നിലുള്ളതെന്നു മാനേജ്‌മെന്റുകള്‍ സംശയിക്കുന്നു.പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെഎയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ വിന്യസിച്ച് അവരെ സന്തോഷിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അതിനെ അത്യാഗ്രഹം എന്നുതന്നെ വിളിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."