കരീമിന്റെ രണ്ടാം ജീവിതം
വയലിന്‍ കമ്പികളില്‍ സംഗീതമുണരുമ്പോള്‍ കൂരിരുട്ടുള്ള കരീമിന്റെ കണ്ണുകളില്‍ നേര്‍ത്ത വെളിച്ചം. പച്ചപ്പാടത്തിനക്കരെ ഓടിട്ട വീട്. സാരിയുടുത്ത് പ്രിയ ഉമ്മ. മണ്ണപ്പം ചുട്ടും കളിപ്പന്തലൊരുക്കിയും തിമര്‍ത്തുനടന്ന കളിമുറ്റം. ഇല്ല അതിനപ്പുറത്തേക്ക് ആ വെളിച്ചമെത്തുന്നില്ല. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പാലക്കാട്ടെ ഏതോ ഒരു ഗ്രാമത്തില്‍നിന്നു ഭിക്ഷാടകര്‍ തട്ടിക്കൊണ്ടുപോയി കണ്ണുപൊട്ടിച്ച് അന്ധനും അനാഥനുമാക്കിയ അബ്ദുല്‍ കരീമിന്റെ കഥയാണിത്. കോഴിക്കോട്ടെ കൊളത്തറ വികലാംഗ വിദ്യാലയത്തിലെ സംഗീതാധ്യാപകന്‍ അബ്ദുല്‍കരീമിനെ കുറിച്ച്.
വിധി തനിക്കേകിയ വഴിത്താരയിലൂടെ വിശ്വാസവും വിനയവും വഴിയടയാളമാക്കി കരീം യാത്ര തുടരുകയാണിപ്പോള്‍. പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് കരീം കാലിക്കറ്റ് ഇസ്‌ലാമിക് കള്‍ചറല്‍ സൊസൈറ്റിക്കു കീഴിലുള്ള കൊളത്തറ വികലാംഗ വിദ്യാലയത്തിലെത്തുന്നത്. അതിനു മുന്‍പുള്ള ചരിത്രം നടുക്കുന്ന ഓര്‍മകള്‍ മാത്രം. മനസിന്റെ കാന്‍വാസില്‍ ഇരുളും വെളിച്ചവും ഇടകലര്‍ന്നെത്തുന്ന ചിത്രങ്ങള്‍ അകക്കണ്ണിലൂടെ കരീം കാണുകയാണ്.
അകക്കണ്ണിലെ കഥ
ഏതാണ്ട് നാലഞ്ചു വയസ് പ്രായമുള്ളപ്പോള്‍ വീടിനടുത്ത് കൂട്ടുകാരോടൊത്ത് കളിക്കുകയായിരുന്നു. മണ്ണപ്പം ചുട്ടും കച്ചവടം നടത്തിയും കളി ഉഷാര്‍. കളിക്കിടെ ഒരു ഭിക്ഷാടകന്‍ അവിടെയെത്തുന്നു. മറ്റു കുട്ടികള്‍ ഭിക്ഷക്കാരനെ കണ്ടതോടെ ഓടിയൊളിച്ചു. ജന്മനാ ഒരു കണ്ണിനു കാഴ്ച കുറഞ്ഞ ദുര്‍ബലനായ കരീമിന് ഓടാന്‍ കഴിഞ്ഞില്ല. ഭിക്ഷാടകന്‍ അവനെ സ്‌നേഹപൂര്‍വം അടുത്തേക്കു വിളിച്ചു. ഭയന്നു വിറച്ചു നില്‍ക്കുന്ന ആ കൊച്ചുപയ്യനു നേരെ അയാള്‍ നടന്നടുത്തു. തന്റെ ഭാണ്ഡത്തില്‍നിന്ന്് ഒരു മിഠായിയെടുത്ത് കരീമിനു നല്‍കി. തിന്നാന്‍ മടിച്ചപ്പോള്‍ നിര്‍ബന്ധിച്ചു തീറ്റിച്ചു. മിഠായി തിന്നതേ ഓര്‍മയുള്ളൂ. ദിവസങ്ങള്‍ കഴിഞ്ഞു ബോധം തെളിഞ്ഞപ്പോള്‍ തമിഴ്‌നാട്ടിലെ ഏതോ സ്ഥലത്തായിരുന്നു അവന്‍.
ഗുഹാജീവിതം
ഉമ്മയെയും ബാപ്പയെയും വിളിച്ചു കരഞ്ഞ പിഞ്ചുബാലനെ ഭിക്ഷക്കാരന്‍ ക്രൂരമായി ദ്രോഹിച്ചു. അനുസരണയോടെ നിന്നില്ലെങ്കില്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. കാട്ടിലെ ഒരു ഗുഹയിലായിരുന്നു ഭിക്ഷക്കാരന്റെ താമസം. പുറംലോകത്തെപ്പറ്റി ഒരു വിവരവും ലഭിക്കാത്ത കൊടും കാട്. കരീമിന്റെ വിലാപങ്ങള്‍ക്ക് ഒരു പ്രതികരണവുമുണ്ടായില്ല.
വിശന്നു കരയുന്ന കരീമിനെ ഗുഹയില്‍ തനിച്ചാക്കി പലപ്പോഴും ഭിക്ഷക്കാരന്‍ പുറത്തേക്കു പോകും. ഇരുട്ടുമ്പോഴേക്കും മദ്യപിച്ചെത്തുന്ന അയാള്‍ തിന്നാനായി എന്തെങ്കിലുമൊക്കെ കൊണ്ടുവരും. പലപ്പോഴും കൂടെ വേറെയും ചില ആളുകളുമുണ്ടാകും. കറുത്തുതടിച്ചു മല്ലനായ ഭിക്ഷക്കാരനെ ലക്ഷ്മണന്‍ എന്നായിരുന്നു കൂട്ടുകാര്‍ വിളിച്ചത്. പാട്ടും കൂത്തും മദ്യപാനവുമെല്ലാമായി പാതിരാവുവരെ അവരെല്ലാം അവിടെയുണ്ടാവും. എല്ലാവരും കള്ളന്മാരായിരുന്നുവെന്നാണ് കരീം മനസിലാക്കിയത്.
ഒരു ദിവസം ലക്ഷ്മണന്‍ കരീമിനെ ഗുഹയ്ക്കു വെളിയിലേക്കു കൂട്ടിക്കൊണ്ടുപോയി. കാഴ്ചയുണ്ടായിരുന്ന വലതുകണ്ണില്‍ എന്തോ ദ്രാവകം ഒഴിച്ചു. വേദനകൊണ്ടു പുളഞ്ഞ ആ ബാലന്റെ ആര്‍ത്തനാദം കാടുമുഴുക്കെ അലയൊലിയായി. പക്ഷെ ആരു കേള്‍ക്കാന്‍. നിത്യനിതാന്തമായ അന്ധകാരക്കയത്തിലേക്ക് അയാള്‍ തന്നെ തള്ളിവിടുകയായിരുന്നുവെന്ന് കരീമിന് അപ്പോഴറിയുമായിരുന്നില്ല. ദിവസങ്ങളോളം കടുത്ത വേദനയുമായി അവന്‍ കഴിഞ്ഞു. കണ്ണുനീര്‍ വറ്റിയ വിതുമ്പലുകളായി അവ മാറി. അധികം താമസിയാതെ വലതു കണ്ണിന്റെ കാഴ്ച മങ്ങിവന്നു. ഉണ്ടായിരുന്ന വെളിച്ചവും കെട്ടുപോയി
ഉള്ള വെളിച്ചവും അണച്ച ക്രൂരത
ഒരു ദിവസം ലക്ഷ്മണന്‍ കരീമിനെ ഗുഹയ്ക്കു വെളിയിലേക്കു കൂട്ടിക്കൊണ്ടുപോയി. കാഴ്ചയുണ്ടായിരുന്ന വലതുകണ്ണില്‍ എന്തോ ദ്രാവകം ഒഴിച്ചു. വേദനകൊണ്ടു പുളഞ്ഞ ആ ബാലന്റെ ആര്‍ത്തനാദം കാടുമുഴുക്കെ അലയൊലിയായി. പക്ഷെ ആരു കേള്‍ക്കാന്‍. നിത്യനിതാന്തമായ അന്ധകാരക്കയത്തിലേക്ക് അയാള്‍ തന്നെ തള്ളിവിടുകയായിരുന്നുവെന്ന് കരീമിന് അപ്പോഴറിയുമായിരുന്നില്ല. ദിവസങ്ങളോളം കടുത്ത വേദനയുമായി അവന്‍ കഴിഞ്ഞു. കണ്ണുനീര്‍ വറ്റിയ വിതുമ്പലുകളായി അവ മാറി. അധികം താമസിയാതെ വലതു കണ്ണിന്റെ കാഴ്ച മങ്ങിവന്നു. ഇരുട്ടിനു കട്ടിയേറിത്തുടങ്ങി. ഉണ്ടായിരുന്ന വെളിച്ചവും കെട്ടുപോയി.
പാട്ടുകാരന്‍ അന്ധബാലന്‍
തീര്‍ത്തും അന്ധനായ കരീമിനെയും കൂട്ടി ലക്ഷ്മണന്‍ ഭിക്ഷാടനത്തിനിറങ്ങി. ഇവന്‍ തന്റെ കണ്ണുകാണാത്ത അനുജനാണെന്നും വല്ലതും തരണേ എന്നും പറഞ്ഞ് ലക്ഷ്മണന്‍ ഊരു ചുറ്റി. ഒരു സ്ഥലത്തും ബാലനെ മിണ്ടാനനുവദിച്ചില്ല. പകല്‍ നാട്ടിലിറങ്ങി ഭിക്ഷാടനവും രാത്രി കാട്ടില്‍ താമസവും.
ഏറെ വര്‍ഷങ്ങള്‍ അങ്ങനെ കഴിഞ്ഞുപോയി. അതിനിടെ കരീം തമിഴ് പഠിച്ചു. ലക്ഷ്മണന്റെ കൈയില്‍ ഒരു റേഡിയോ ഉണ്ടായിരുന്നു. രാത്രി അയാള്‍ സിനിമാപാട്ടുകള്‍ കേള്‍ക്കും. കരീം ചില പാട്ടുകള്‍ കേട്ടു പഠിച്ചു. ബാലന് ഈണത്തില്‍ പാടാന്‍ കഴിവുണ്ടെന്നു മനസിലാക്കിയ ലക്ഷ്മണന്‍ ഭിക്ഷാടനത്തിന്റെ രീതി തന്നെ മാറ്റി. ബാലനെ അതുവരെ മിണ്ടാനനുവദിക്കാതിരുന്ന അയാള്‍ അവനെക്കൊണ്ട് പാട്ടുകള്‍ പാടിച്ചു. അന്ധബാലന്റെ മനോഹരഗാനങ്ങള്‍ ആളുകള്‍ക്ക് ഇഷ്ടമായി. ലക്ഷ്മണന്റെ വരുമാനത്തില്‍ നല്ല വര്‍ധനവും. രക്ഷിതാക്കളെക്കുറിച്ചും വീടിനെക്കുറിച്ചും നിരന്തരം ചോദിച്ചുകൊണ്ടിരുന്ന കരീമിന് അയാള്‍ നല്‍കിയതു കൊടിയ മര്‍ദനങ്ങളായിരുന്നു.
സന്ന്യാസിക്കൊപ്പം
കാലങ്ങള്‍ക്കുശേഷം ലക്ഷ്മണന്‍ കരീമിനെ ഒരു സന്ന്യാസിക്കു വിറ്റു. സൗമ്യനായി പെരുമാറിയ അദ്ദേഹത്തില്‍നിന്നാണു തന്നെ കേരളത്തില്‍നിന്ന് ഭിക്ഷാടകന്‍ തമിഴ്‌നാട്ടിലേക്കു തട്ടിക്കൊണ്ടു വന്നതാണെന്നുള്ള വിവരം കരീം മനസിലാക്കുന്നത്. വര്‍ഷങ്ങളോളം സന്ന്യാസിയുടെ കൂടെ നാടുചുറ്റി. ഊരുചുറ്റലിനിടെ ഒരിക്കല്‍ കേരളത്തിലുമെത്തി. പിന്നീടുള്ള സംഭവങ്ങള്‍ ജീവിതത്തിലേക്കുള്ള തിരിച്ചുവരവായിരുന്നെന്ന് കരീം ഓര്‍ക്കുന്നു.
വഴിത്തിരിവുണ്ടാകുന്നു
പാലക്കാട് വരെ ട്രെയിനിലും തുടര്‍ന്ന് ബസിലും യാത്ര ചെയ്ത് മലപ്പുറം ജില്ലയിലെ കാളികാവിലാണ് കരീമും സന്ന്യാസിയും എത്തിച്ചേര്‍ന്നത്. അവിടെവച്ച് സന്ന്യാസി കരീമിനു ചായവാങ്ങിക്കൊടുത്തു. അപ്പോഴെക്കും അപരിചിതനായ സ്വാമിയെയും അന്ധനായ ബാലനെയും കണ്ട് ആളുകള്‍ ചുറ്റും കൂടി. അവര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. കരീം അവര്‍ക്കുമുന്നില്‍ മനസു തുറന്നു.
ബാലന്റെ കദനകഥ കേട്ട നാട്ടുകാര്‍ ഇരുവരെയും പൊലിസ് സ്റ്റേഷനില്‍ ഏല്‍പിച്ചു. സന്ന്യാസിയെ ചോദ്യം ചെയ്ത പൊലിസിനു കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. അനാഥനായ കരീമിനെ നാട്ടിലെ ചില ചെറുപ്പക്കാര്‍ തിരൂര്‍ക്കാട് ഇലാഹിയ അനാഥാലയത്തിലാക്കി.
സ്‌നേഹനഗറില്‍
ഇലാഹിയ അനാഥാലയം നല്‍കിയ പത്രപരസ്യത്തിനു മറുപടിയായി ലഭിച്ച ബാലന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചുകൊണ്ടുള്ള കത്താണ് കരീമിനെ കൊളത്തറയില്‍ എത്തിച്ചത്. അനാഥനായ ബാലനെ സംരക്ഷിക്കാനും പഠിപ്പിക്കാനും നല്ലവരായ കാലിക്കറ്റ് ഓര്‍ഫനേജ് സാരഥികള്‍ തീരുമാനിച്ചു. ജനനതിയതിയോ കുടുംബവിവരങ്ങളോ അറിയാത്തതിനാല്‍ സ്‌കൂള്‍രേഖകളിലെല്ലാം അനാഥാലയത്തിന്റെ പേരു നല്‍കി. സ്‌കൂളില്‍ മറ്റു കുട്ടികള്‍ ഒഴിവുകാലങ്ങളില്‍ രക്ഷിതാക്കള്‍ക്കൊപ്പം വീടുകളിലേക്കു പോകുമ്പോള്‍ കരീം നൊമ്പരസ്മരണകളുമായി അനാഥാലയത്തില്‍ തന്നെ കഴിഞ്ഞു.
പഠിക്കാന്‍ മിടുക്കന്‍
കരീം ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അഹമ്മദ് കുട്ടിയുടെയും ശരീഫ ടീച്ചറുടെയും സഹായത്തോടെ അന്ധരുടെ ലിപിയായ ബ്രെയിലി എഴുതാനും വായിക്കാനും പഠിച്ചു. പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ ഉടന്‍ ഇരട്ടപ്രമോഷനോടെ നാലാം ക്ലാസിലെത്തി. തുടര്‍ന്ന് കലാരംഗത്തും കഴിവ് തെളിയിക്കാന്‍ തുടങ്ങി. സാഹിത്യ സമാജങ്ങളിലും കലാമേളകളിലും പാട്ടും മിമിക്രിയും അവതരിപ്പിച്ചു സമ്മാനങ്ങള്‍ വാങ്ങി. യു.പി സ്‌കൂള്‍ പഠനത്തിനുശേഷം ചെറുവണ്ണൂര്‍ ഹൈസ്‌കൂളിലെത്തി. അവിടെനിന്ന് ഫസ്റ്റ് ക്ലാസോടെ എസ്.എസ്.എല്‍.സി പാസായ കരീമിനു സംഗീതം പഠിക്കാനായിരുന്നു താല്‍പര്യം.
ഉപകരണസംഗീതത്തോടുള്ള ഇഷ്ടം തബലവായനയില്‍ എത്തിച്ചു. ഗുരുനാഥനില്ലാതെ തന്നെ അതു സ്വായത്തമാക്കാനായി. പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ ചേര്‍ന്ന കരീം അവിടെ നാലു വര്‍ഷം ഉപകരണസംഗീതത്തില്‍ പഠനം നടത്തി. വയലിനായിരുന്നു മുഖ്യ വിഷയം. കാഴ്ചയുള്ളവരെപ്പോലും പ്രയാസത്തിലാക്കുന്ന വയലിന്‍ പഠനം കരീമിനെ തെല്ലൊന്നുമല്ല കുഴക്കിയത്. വായ്പ്പാട്ടില്‍ മദ്രാസ് അക്കാദമിയില്‍നിന്ന് ഡിപ്ലോമ നേടി. ദൈവകാരുണ്യത്താല്‍ നിശ്ചയദാര്‍ഢ്യവും ഏകാഗ്രതയും കൊണ്ട് ജീവിതവിധികളെ മാറ്റിയെഴുതാന്‍ കരീമിനു സാധിച്ചു.
സംഗീതാധ്യാപകന്‍
2003ല്‍ കൊളത്തറ വികലാംഗ വിദ്യാലയത്തിലെ സംഗീതാധ്യാപകനായി പ്രവേശിക്കുമ്പോള്‍ കരീമിന്റെ അകക്കണ്ണില്‍ പാലക്കാട്ടെ പച്ചപുതച്ച ഗ്രാമവും വീടും ഉമ്മയുമെല്ലാം തെളിഞ്ഞുവന്നു. കണ്ണുനീരിനും കാഴ്ചകള്‍ക്കും ഹൃദയവേപഥുകള്‍ക്കുമെല്ലാം അപ്പുറത്ത് ഓര്‍മയുടെ മൂടല്‍മഞ്ഞില്‍ തെളിഞ്ഞുവന്നു ആ അവ്യക്ത ചിത്രം.
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ വാടകവീട്ടിലാണ് ഇപ്പോള്‍ കരീം താമസിക്കുന്നത്. ജീവിതവഴിയില്‍ താങ്ങായി വന്ന റംല കൂടെയുണ്ട്. ഭാഗികമായ കാഴ്ചയേ അവര്‍ക്കുമുള്ളൂ. പ്രിയമക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം കരീമിപ്പോള്‍ സംതൃപ്തനാണ്. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി പദവി വഹിക്കുന്നു. തനിക്കാവും വിധം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാവാറുള്ള കരീമിനെ തേടി ഗാനമേള സംഘങ്ങളും എത്താറുണ്ട്.
പൂക്കോട്ടൂരിലെ അഹ്മദ്ക്കയെന്ന വ്യക്തി തന്റെ മാതാവിന്റെ സ്മരണാര്‍ഥം കരീമിനു വീടുവയ്ക്കാന്‍ സ്ഥലം നല്‍കിയിട്ടുണ്ട്. അവിടെ വീടുപണിക്കുള്ള ശ്രമങ്ങള്‍ നടക്കുന്നു. ദിനംപ്രതി വീടുകളില്‍നിന്നു കാണാതാകുന്ന കുഞ്ഞുങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കരീം ഇപ്പോഴും തന്റെ ബാല്യകാലത്തെക്കുറിച്ച് ഉള്‍ക്കിടിലത്തോടെ ഓര്‍ക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."