ശബരിമല മാസ്റ്റര്‍ പ്ലാന്‍ മെമ്പര്‍സെക്രട്ടറി നിയമനം ഉന്നതാധികാര സമിതിയും സര്‍ക്കാരും രണ്ടുതട്ടില്‍
തിരുവനന്തപുരം: ശബരിമലയിലെ മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കേണ്ട ഉന്നതാധികാര സമിതിയുടെ മെമ്പര്‍സെക്രട്ടറിയായി സ്ഥാനമൊഴിയുന്ന ദേവസ്വം കമ്മിഷണറെ നിയമിക്കാനുള്ള നീക്കത്തില്‍ ഭിന്നത. ശബരിമല ഉന്നതാധികാര സമിതിയും സര്‍ക്കാരുമാണ് ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായവുമായി നില്‍ക്കുന്നത്.
അഴിമതി ആരോപണ വിധേയനായ ദേവസ്വം കമ്മിഷണര്‍ സി.പി രാമരാജ പ്രേമ പ്രസാദിനെയാണ് മെമ്പര്‍സെക്രട്ടറിയാക്കാന്‍ സമിതി ചെയര്‍മാന്‍ നീക്കം നടത്തുന്നത്. ഈമാസം 31ന് കാലാവധി അവസാനിക്കുന്ന കമ്മിഷണറെ മെമ്പര്‍സെക്രട്ടറിയാക്കണമെന്നാണ് സമിതി ചെയര്‍മാര്‍ റിട്ട. ജസ്റ്റിസ് എസ്. സിരിജഗന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ ദലിത് ശാന്തി നിയമനം റദ്ദാക്കിയ ഇതേ കമ്മിഷണര്‍ക്കെതിരേ സര്‍ക്കാര്‍ തുടര്‍ നടപടികളിലാണ്. കൂടാതെ കഴിഞ്ഞ ദേവസ്വം ഭരണസമിതി കാലത്ത് ഉള്‍പ്പെട്ട നിരവധി അഴിമതി ആരോപണ കേസുകള്‍ ഇദ്ദേഹത്തിനെതിരേ വിജിലന്‍സ് കോടതിയിലുണ്ട്. അങ്ങനെയുള്ളയാളെ ഉന്നതാധികാര സമിതി ചെയര്‍മാന്‍ ഏകപക്ഷീയമായി മെമ്പര്‍സെക്രട്ടറിയായി തീരുമാനിച്ചതില്‍ ദേവസ്വം ബോര്‍ഡും രോഷത്തിലാണ്.
2007ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ദേവസ്വം കമ്മിഷണറാണ് ഉന്നതാധികാര സമിതി മെമ്പര്‍സെക്രട്ടറിയാകേണ്ടത്.
അതിനാല്‍ സ്ഥാനം ഒഴിയുന്ന സി.പി രാമരാജപ്രേമ പ്രസാദിനെ പുതിയ മെമ്പര്‍സെക്രട്ടറിയായി നിയമിക്കാനാകില്ലെന്നാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."