കെ.എസ്.ആര്.ടി.സിക്ക് വായ്പ: മന്ത്രിസഭ തീരുമാനിക്കേണ്ടിവരും
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് നട്ടംതിരിയുന്ന കെ.എസ്.ആര്.ടി.സിയെ കരകയറ്റുന്നതിന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പയെടുക്കാന്‍ കൈക്കൊണ്ട തീരുമാനം എങ്ങുമെത്തിയില്ല. മന്ത്രിസഭ കൂടി തീരുമാനമെടുത്താല്‍ മാത്രമേ വായ്പയെടുക്കാനാകൂ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
വായ്പ അനുവദിക്കണമെങ്കില്‍ പെന്ഷന് ബാധ്യതയില്‍ കുറവു വരുത്തണമെന്ന നിര്‍ദേശം എസ്.ബി.ഐ ഉള്‍പ്പെടുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുന്നോട്ടുവച്ചിട്ടുണ്ട്.
അതിനുവേണ്ടി പരമാവധി പെന്ഷന് 25000 രൂപയായി നിജപ്പെടുത്തണമെന്നും ബാങ്കുകള്‍ കെ.എസ്.ആര്.ടി.സിയോട് നിര്‍ദേശിച്ചു. ഇതോടെ വായ്പ സംബന്ധിച്ച നടപടികള്‍ താല്‍ക്കാലികമായി മുടങ്ങുകയും ചെയ്തു.
പെന്ഷന് കുറയ്ക്കുന്നതിനെ കെ.എസ്.ആര്.ടി.സിയിലെ എല്ലാ ട്രേഡ് യൂനിയനുകള്ക്കുമൊപ്പം സര്‍ക്കാരും എതിര്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇതില്‍ ഒരു പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.
അങ്ങനെയെങ്കില്‍ 25000 രൂപയ്ക്ക് മുകളില്‍ വരുന്ന പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. അതിന് മന്ത്രിസഭയുടെ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. അത്തരത്തിലൊരു തീരുമാനം ഉണ്ടായാല്‍ മാത്രമേ വായ്പ സംബന്ധിച്ച നടപടികളുമായി കെ.എസ്.ആര്.ടി.സിക്ക് മുന്നോട്ടുപോകാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."