റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നേതാവ് നവാല്‍നി അറസ്റ്റില്‍
മോസ്കോ: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് നടന്ന റാലിയില്‍ പങ്കെടുത്ത റഷ്യന്‍ പ്രതിപക്ഷ നേതാവ് അറസ്റ്റില്‍. അലെക്സി നവാല്നിയെയാണ് കഴിഞ്ഞ ദിവസം സ്വന്തം വസതിയില്‍വച്ച് അറസ്റ്റ് ചെയ്തത്. നവാല്‍നി തന്നെ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ മോസ്കോയിലെ നവാല്‍നിയുടെ അഴിമതി വിരുദ്ധ സംഘടനയുടെ ഓഫിസില്‍ നടത്തിയ റെയ്ഡില്‍ ചില വസ്തുക്കള്‍ പിടിച്ചെടുത്തതായി പൊലിസ് പറഞ്ഞു. തുടര്‍ന്നായിരുന്നു നവാല്‍നിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പൊലിസ് നിലത്തൂടെ വലിച്ചിഴക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മറ്റ് 180 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാര്‍ച്ച് 18നു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നവാല്‍നിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് അദ്ദേഹം രാജ്യവ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
ഇന്നലെ പൊലിസിന്റെ വിലക്ക് മറികടന്ന് മോസ്കോ, സെന്റ് പീറ്റേഴ്സ്ബര്‍ഗ് എന്നിവിടങ്ങളിലെല്ലാം പ്രതിഷേധ റാലികള്‍ അരങ്ങേറി. ഇതിനു മുന്‍പ് മൂന്നു പ്രാവശ്യം അലെക്സി നവാല്‍നിയെ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് റഷ്യയില്‍ ഉടനീളം കൂടുതല്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ നവാല്‍നി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."