ചെമ്പരിക്ക ഖാസി വധം: കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ നീതിപീഠത്തിനു മുന്നില്‍ കൊണ്ട് വരുന്നതില്‍ കേസന്വേഷണ സംഘം കാണിക്കുന്ന അനാസ്ഥക്കെതിരേ കാസര്‍കോട് കലക്ടറേറ്റിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തി. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ ജാതി മത ഭേദമന്യേ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്താന്‍ കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തുന്ന അന്വേഷണമെന്ന പ്രഹസന നാടകം ഒഴിവാക്കണമെന്നും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി കൊലയാളികളെ നീതി പീഠത്തിനു മുന്നിലെത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ സമര മുറകള്‍ ഇനിയും ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് മാര്‍ച്ചില്‍ ഉയര്‍ന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടാലും അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തുന്നത് വരെ പൊതു സമൂഹം കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരിക്കുകയാണെന്ന ശക്തമായ സൂചനകളാണ് ഇന്നലെ കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് കാണാനായത്. കൊലയാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവും കലക്ടര്‍ക്ക് കൈമാറി.
മാര്‍ച്ച് ഖാസി ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി, സിദ്ദീഖ് നദ്‌വി ചേരൂര്‍, സയ്യിദ് എം.എസ് തങ്ങള്‍ മദനി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."