ജയരാജന്റെ സെക്രട്ടറി സ്ഥാനം: അന്ന് അംഗീകാരം; ഇന്ന് വഴിപ്പെടല്‍
കണ്ണൂര്‍: വര്‍ഗശത്രുക്കളുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ പി ജയരാജന്‍ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ കണ്ണൂരില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായിരുന്നു മൂന്നു വര്‍ഷം മുന്‍പ് രണ്ടാം തവണയും പാര്‍ട്ടി നല്‍കിയ ജില്ലാ സെക്രട്ടറി സ്ഥാനം.
എന്നാല്‍ ഇ.കെ നായനാര്‍ അക്കാദമിയില്‍ ഇന്ന് മറ്റൊരു ജില്ലാ സമ്മേളനത്തിനു കൊടി താഴ്ന്നപ്പോള്‍ വീണ്ടും ജയരാജനു തന്നെ നല്‍കിയ സെക്രട്ടറി സ്ഥാനം അംഗീകാരത്തിനു പകരം വഴിപ്പെടലാകുന്നുവെന്നതാണ് കണ്ണൂരിലെ സി.പി.എം രാഷ്ട്രീയം നല്‍കുന്ന സൂചന. അതിനാല്‍ തന്നെ ഈ നിയോഗം എത്രനാള്‍ എന്നതും ഉയരുന്ന ചോദ്യമാണ്.
സ്വയം മഹത്വവല്‍ക്കരണവും അതിലൂടെയുള്ള വ്യക്തിപൂജയുമെന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനത്തിനും നടപടിക്കും വിധേയനായ ജയരാജനെ ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയേക്കുമെന്ന ആശങ്കയോടെയാണ് ജില്ലാ സമ്മേളനത്തിന് കൊടിയേറിയത്.
സമ്മേളനത്തിലും വിമര്‍ശിച്ചും അനുകൂലിച്ചും ചര്‍ച്ച നടന്നു. കമ്മ്യൂണിസ്റ്റു നേതാക്കള്‍ പിന്‍തുടരേണ്ട മാതൃകയല്ലെന്നു സംസ്ഥാന നേതൃത്വവും വിധിയെഴുതി. എന്നിട്ടും ജയരാജന് അണികള്‍ക്കിടയിലുള്ള സ്വാധീനത്തിന് വഴിപ്പെട്ട നേതൃത്വം ഒരു അവസരം കൂടി നല്‍കുകയായിരുന്നുവെന്നു വേണം വിലയിരുത്താന്‍. ജില്ലാ കമ്മിറ്റിയിലുള്ള ജയരാജന്റെ മേധാവിത്വവും അണികള്‍ക്കിടയിലുള്ള സ്വീകാര്യതയും മറിച്ചൊരു തീരുമാനത്തിലേക്കെത്താന്‍ നേതൃത്വത്തിനായില്ല.
മൂന്നു വര്‍ഷം മുന്‍പ് കൂത്തുപറമ്പില്‍ നടന്ന കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പി ജയരാജന്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അനുകൂല ഘടകമായതും ഇപ്പോള്‍ പ്രതികൂലമായതും കണ്ണൂരില്‍ പരീക്ഷിച്ച് പാര്‍ട്ടിക്ക് മാതൃക കാട്ടിയ പ്രവര്‍ത്തനങ്ങളായിരുന്നു.
ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മുസ്‌ലിം ലീഗില്‍ നിന്നും നേതാക്കളെയും പ്രവര്‍ത്തകരേയും അടര്‍ത്തിമാറ്റി സി.പി.എമ്മില്‍ എത്തിച്ചു. വര്‍ഗശത്രുക്കളുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി പാര്‍ട്ടിയെ ഇന്ത്യയിലെ ഏറ്റവും ശക്തമായ ജില്ലകളിലൊന്നാക്കി. അതിനായി അദ്ദേഹം തിരഞ്ഞെടുത്ത മാര്‍ഗങ്ങളും രീതികളും പി ജയരാജന്റെ ശരികളായിരുന്നു. ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയെ തന്നെ അപകടത്തിലാക്കുമെന്ന സ്ഥിതി വന്നപ്പോള്‍ ഭരണനേതൃത്വത്തിലുള്ളവര്‍ തന്നെ നീരസം പ്രകടിപ്പിച്ചു.
അതേസമയം സേവന പ്രവര്‍ത്തനങ്ങളിലൂടെയും മാതൃക കാട്ടി. സാന്ത്വന പരിചരണ രംഗത്ത് പുതിയ മാതൃക കാട്ടി കണ്ണൂര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഐ.ആര്‍.പി.സി. ഇതെല്ലാം പാര്‍ട്ടിക്കുമേല്‍ പി ജയരാജന്‍ വളരുമെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ടായപ്പോഴാണ് സ്വയം മഹത്വവല്‍ക്കരണം എന്ന ആയുധം പിടിവള്ളിയായത്.
പിണറായി വിജയന്റെ വിശ്വസ്തനായി അറിയപ്പെട്ടയാളായിരുന്നു പി ജയരാജന്‍. വി.എസിന്റെ വിമര്‍ശകന്‍ എന്ന ലേബലായിരുന്നു പിണറായി പക്ഷത്തിന് അദ്ദേഹത്തെ പ്രിയങ്കരനാക്കിയിരുന്നത്. അതിനാല്‍ തന്നെ വി.എസ് അച്യുതാനന്ദന്റെ കടുത്ത എതിര്‍പ്പും പലപ്പോഴും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ വി.എസ് ശക്തനല്ലാത്ത സി.പി.എം രാഷ്ട്രീയത്തിലാണ് വ്യക്തിപൂജയുടെ പേരില്‍ ജയരാജന്‍ ക്രൂശിക്കപ്പെടുന്നതെന്നാണ് ഏറെ ശ്രദ്ധേയം.
പ്രതിസന്ധികളുടെ ഘട്ടമായിരുന്നു ജയരാജന്റെ സമീപകാല രാഷ്ട്രീയ ജീവിതം. ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ പ്രതിയാക്കപ്പെട്ടു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം. ഇതിനെയെല്ലാം പ്രതിരോധം തീര്‍ത്ത് മുന്നേറുമ്പോഴാണ് പാര്‍ട്ടിയില്‍ നിന്നുള്ള തിരിച്ചടി. സ്വയം മഹത്വവല്‍ക്കരിക്കുന്നുവെന്ന ആരോപണം സംസ്ഥാന കമ്മിറ്റിക്ക് മുന്‍പാകെ എത്തി. ഇതില്‍ ശിക്ഷാനടപടിയായി. ഇക്കാര്യം ബ്രാഞ്ച് തലം മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി പത്തു വര്‍ഷം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായിരുന്ന ജയരാജന്‍ മൂന്നു തവണ നിയമസഭയിലെത്തി. പാട്യം കിഴക്കേകതിരൂരിലെ പരേതനായ കാരായി കുഞ്ഞിരാമന്റെയും പാറായി ദേവിയുടെയും മകനായി 1953ല്‍ ജനിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായി. 1972 ലാണ് സി.പി.എം അംഗമാകുന്നത്.
പാലക്കാട് സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയിലെത്തി. പി ശശിക്കെതിരേ നടപടിയെടുത്തപ്പോള്‍ ആ ഒഴിവില്‍ ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് മൂന്നു ജില്ലാ സമ്മേളനങ്ങളിലും പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടു.
1999 ലെ തിരുവോണ നാളില്‍ ആര്‍.എസ്.എസിന്റെ ക്രൂരമായ ആക്രമത്തിന് വിധേയനായ ജയരാജന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഈ അക്രമത്തിന്റെ ഫലമായി വലതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."