എല്ലാം ശരിയാക്കാന്‍ വന്നവര്‍ എല്ലാം തകിടംമറിക്കുന്നു: ദയാഭായ്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സര്‍ക്കാര്‍ കൊല്ലാതെ കൊല്ലുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാഭായ്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച സമരജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എല്ലാം ശരിയാക്കാന്‍ വന്നവര്‍ എല്ലാം തകിടം മറിക്കുകയാണ്.
മാറിമാറി വരുന്ന സര്‍ക്കാരുകളെല്ലാം ദുരിതബാധിതരോട് ഉപേക്ഷാ മനോഭാവം വച്ചുപുലര്‍ത്തുകയാണ്. യാതൊരു മനസ്സാക്ഷിയുമില്ലാതെയാണ് ദുരിതബാധിതരായ പലരെയും സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇവരുടെ പ്രശ്‌നം പരിഹരിക്കാനാവാത്തവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.
ജീവിക്കാന്‍ മറന്നുപോയ ഈ അമ്മമാരോട് സര്‍ക്കാരിന് എങ്ങനെയാണ് മുഖംതിരിക്കാനാവുന്നത്. ബി.പി.എല്ലിനും എ.പി.എല്ലിനും പകരം പുതിയ പാക്കേജ് ഇവര്‍ക്കായി തയാറാക്കണം. ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അമ്മക്കും കുഞ്ഞിനുമായി നല്‍കണം. ജയരാജ് കമ്മിഷന്‍ കൊണ്ടുവന്ന പല നല്ല തീരുമാനങ്ങളും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും ദയാഭായി പറഞ്ഞു.
അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാസര്‍കോട്ട് യോഗം ചേരുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമരവേദിയിലെത്തി അറിയിച്ചു.
ഇനി ഇത്തരമൊരു പ്രക്ഷോഭവും സമരവും ഇല്ലാത്തവിധം പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും റവന്യൂ മന്ത്രി ഉറപ്പുനല്‍കി. എന്നാല്‍, അടുത്തയാഴ്ച യോഗം ചേരാമെന്ന ഉറപ്പ് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും അനുകൂല നടപടി സ്വീകരിക്കാത്തപക്ഷം മാര്‍ച്ച് 15 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."