ജനറല്‍ ആശുപത്രിക്ക് തുക വകയിരുത്തണം: നഗരസഭാധ്യക്ഷ ലീന സണ്ണി
പാലാ: സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്ന ജനറല്‍ ആശുപത്രികളുടെ നിയന്ത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൈമാറി ഉത്തരവ് ഇറക്കിയതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താറുമാറായതായി പാലാ നഗരസഭാധ്യക്ഷയും ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ലീന സണ്ണി .
സര്‍ക്കാര്‍ ഉത്തരവോടെ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണികളില്‍ നിന്നും ഒഴിവായതായും ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. നഗരസഭകളെ ഭരണനിയന്ത്രണം ഏല്‍പിച്ചതുമാത്രമാണ് നടന്നതെന്നും പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപണികള്‍ക്കും ഉള്ള ഫണ്ടുകള്‍ വകയിരുത്തുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.
ജില്ലാ കലക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ജനറല്‍ ആശുപത്രികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം.
നഗരസഭാ പ്രദേശത്തെ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തുവാന്‍ കഴിയാത്ത നഗരസഭയ്ക്ക് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണംകൂടി കണ്ടെത്തുവാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ഭരണനിയന്ത്രണം മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും അറ്റകുറ്റപണികള്‍ പൊതുമരാമത്ത് വകുപ്പുതന്നെ നടത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച് ആവശ്യമായ ബജറ്റ് വിഹിതം ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ധനകാര്യ ആരോഗ്യവകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."