യശ്വന്ത് സിന്‍ഹയുടെ 'രാഷ്ട്ര മഞ്ചില്‍' ശത്രുഘ്‌നന്‍ സിന്‍ഹയും
ന്യൂഡല്‍ഹി: യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോമായ 'രാഷ്ട്ര മഞ്ചില്‍' ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയും ചേര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ രാഷ്ട്രീയ നയങ്ങള്‍ക്കെതിരേയുള്ള മുന്നേറ്റങ്ങള്‍ക്കാണ് 'രാഷ്ട്രീയ മഞ്ച്' രൂപീകരിച്ചതെന്നാണ് യശ്വന്ത് സിന്‍ഹ പറയുന്നത്. സ്വന്തം അഭിപ്രായ പ്രകടനത്തിനുള്ള അവസരം പാര്‍ട്ടി നല്‍കുന്നില്ലെന്നും അതിനാലാണ് പുതിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോമില്‍ ചേര്‍ന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. രാജ്യതാല്‍പര്യത്തിനുള്ള നീക്കമാണിതെന്നും അല്ലാതെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ദിനേഷ് ത്രിവേദി, കോണ്‍ഗ്രസ് എം.പി രേണുക ചൗധരി, എന്‍.സി.പി എം.പി മജീദ് മേമന്‍, ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മെഹ്ത്ത, ജെ.ഡി.യു നേതാവ് പവന്‍ വര്‍മ എന്നിവര്‍ രാഷ്ട്രീയ മഞ്ചിന്റെ രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.
മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട 70 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളതെന്ന് രാഷ്ട്രീയ രൂപീകരണ യോഗത്തില്‍ യശ്വന്ത് സിന്‍ഹ പറഞ്ഞു. ജനാധിപത്യവും അതിന്റെ സ്ഥാപനങ്ങളും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണിന്നുള്ളത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരെ യാചകരുടെ അവസ്ഥയിലേക്ക് എത്തിച്ച് സ്വന്തം താല്‍പര്യത്തിനനുസരിച്ചുള്ള സര്‍വേകള്‍ പുറത്തുവിടുകയാണെന്ന് യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി. രാഷ്ട്രീയ മഞ്ച് ഒരു സംഘടനയല്ല, ദേശീയ മുന്നേറ്റമാണ്. ബി.ജെ.പിയിലെ എല്ലാവരും ഭയത്തോടെയാണ് ജീവിക്കുന്നത്. സംവാദങ്ങളും സംഭാഷണങ്ങളും ഏകപക്ഷീയവും അപകടകരവുമായ അവസ്ഥയിലാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
രാഷ്ട്രീയ മഞ്ച് എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളതാവില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയമില്ലാതെ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."