ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍
ചങ്ങനാശ്ശേരി: കൊല്ലം കേന്ദ്രീകരിച്ചു ഓണ്‍ ലൈന്‍ ലോട്ടറി നടത്തിവന്നിരുന്ന മൂന്നുപേര്‍ ചങ്ങനാശ്ശേരിയില്‍ അറസ്റ്റിലായി. ചങ്ങനാശ്ശേരി ഫാത്തിമാപുരം തയ്യില്‍ യാസീന്‍(27), കാക്കാംതോട് മഠത്തിപ്പറമ്പില്‍ സനല്‍കുമാര്‍(39), പുഴവാത് കാലായില്‍ സെബാസ്റ്റ്യന്‍(കുഞ്ഞുമോന്‍-60) എന്നിവരാണ് അറസ്റ്റിലായത്.
ഓണ്‍ലൈന്‍ ലോട്ടറി നടത്തിപ്പുകാരെ കണ്ടെത്താന്‍ സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞദിവസം പൊലിസ് പരിശോധന നടത്തിയിരുന്നു. കോട്ടയം ജില്ലാ പൊലിസ് മേധാവി മുഹമ്മദ് റഫീഖിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലിസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നലെയാണ് പ്രതികളെ പിടികൂടിയത്.
കേരള ലോട്ടറി ടിക്കറ്റിന്റെ ഒടുവിലത്തെ മൂന്നക്കം വരുന്ന നമ്പരുകള്‍ക്കു ഒരു ലക്ഷംരൂപവരെ സമ്മാനം നല്‍കിവരുന്ന സംവിധാനമായിരുന്നു ഇവരുടെ ലോട്ടറി. ഇതിനായി പ്രത്യേക ലോട്ടറി ടിക്കറ്റുകള്‍ ഇല്ലായിരുന്നു.
സംസ്ഥാന ലോട്ടറിടിക്കറ്റ് എടുത്തവരില്‍ നിന്ന് പത്തുരൂപ നിരക്കില്‍ ഓരോ ടിക്കറ്റിനും ഈടാക്കി ഒടുവിലത്തെ നമ്പരും മേല്‍വിലാസവും എഴുതിവയ്ക്കും. പിന്നീട് ഇവര്‍ നറുക്കെടുപ്പ് നടത്തും. ടിക്കറ്റിലെ ഒടുവിലത്തെ അക്കങ്ങള്‍ ഇവരുടെ നറുക്കെടുപ്പില്‍ വിജയിച്ച നമ്പറുകളില്‍ ഉള്‍പ്പെട്ടാല്‍ ആയിരം മുതല്‍ ഒരു ലക്ഷം രൂപാ വരെ നല്‍കുകയായിരുന്നു പതിവ്.
ആളുകളെ വലയിലാക്കാന്‍ ലോട്ടറി വില്‍പനക്കാരുടെയും സഹായം ഇവര്‍ക്കുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. ഇത്തരം വില്‍പ്പനക്കാര്‍ വഴിയായിരുന്നു ആവശ്യക്കാരില്‍ നിന്ന് പണം കൈപ്പറ്റി നമ്പരുകള്‍ എഴുതി വാങ്ങിയിരുന്നത്. കൊല്ലം കേന്ദ്രീകരിച്ച് ഇത്തരത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തിരുന്നവര്‍ക്കു നേതൃത്വം നല്‍കി വന്നിരുന്നത് റാഫി എന്നയാളാണെന്നും പൊലിസ് പറഞ്ഞു. കേരളത്തില്‍ വലിയ ശൃംഖല തന്നെയുള്ള ഇവര്‍ വന്‍തുകയാണ് ഇത്തരത്തില്‍ നേടിയിരുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇങ്ങനെ ലഭിക്കുന്ന പണം കൊല്ലത്ത് എത്തിക്കുകയും സമ്മാനത്തുക വിതരണം ചെയ്യുകയുമായിരുന്നു പതിവ്. നിരവധിപേരാണ് ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുള്ളത്. മൂന്നു മാസത്തോളമായി ഇവര്‍ സമാന്തര ലോട്ടറി നടത്തിവരികയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, സി.ഐ കെ.പി വിനോദ്, ജില്ലാ പൊലിസ് മേധാവിയുടെ ആന്റി ഗുണ്ടാ വിഭാഗത്തിലെ പൊലിസ് ഓഫിസര്‍മാരായ കെ.കെ റെജി, അന്‍സാരി, രാജേഷ്, മണികണ്ഠന്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."