പ്രവാസികളെ രണ്ടായി തിരിക്കാമോ
ഇന്ത്യയിലെ 134 കോടിയോളം വരുന്ന ജനസംഖ്യയില്‍ മൂന്നു കോടിയിലേറെ ജീവിക്കുന്നതു ലോകത്തിന്റെ പല കോണുകളിലാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു ശക്തി പകരുന്നതില്‍ ഇവരുടെ പങ്കു നിസ്സാരമല്ല. ബില്യന്‍ കണക്കിനു ഡോളറാണു പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്നത്. എന്നാല്‍, സര്‍ക്കാരില്‍നിന്ന് ഒരു പരിഗണനയും ലഭിക്കുന്നില്ല.
എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ തന്നെ പകല്‍ കൊള്ളയാണ്. എയര്‍ ഇന്ത്യ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കൊള്ളയ്ക്കു തുടക്കമിടുന്നു. പിന്നീട് പലതരം ചൂഷണങ്ങള്‍. ഇതെല്ലാം ജീവിതത്തിലുടനീളം സഹിക്കേണ്ടിവരുന്നു.
മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ പ്രവാസികളുടെ തലക്കിട്ടു കാരണമില്ലാതെ പ്രഹരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്കു രണ്ടു നിറങ്ങളിലുള്ള പാസ്‌പോര്‍ട്ട് അനുവദിക്കാനുള്ള തീരുമാനമാണ് അവസാനത്തേത്. പത്താംക്ലാസ് വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് ഓറഞ്ച് പാസ്‌പോര്‍ട്ടും അതിനു മുകളില്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് നീലയും. ഇന്ത്യയിലെ തൊഴിലാളികള്‍ പുറം നാടുകളില്‍ ചൂഷണത്തിന് വിധേയരാവുന്നുണ്ടെന്നും ഇതു തടയാനും അവരെ പ്രത്യേകം തിരിച്ചറിയാനുമാണ് ഓറഞ്ച് പാസ്‌പോര്‍ട്ടെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ ന്യായം.
ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍ 'ബ്ലൂകോളര്‍-വൈറ്റ്‌കോളര്‍ മനഃസ്ഥിതി ഏറെയുണ്ട്. തൊഴിലിന്റെ പേരിലുള്ള വരേണ്യത ഏറെ നിലനില്‍ക്കുന്ന സമൂഹമാണിവിടെ. തൊഴിലിന്റെ പേരില്‍ ജാതിയും ഉപജാതിയുമാക്കി മനുഷ്യനെ കള്ളികളിലാക്കിയ നാടാണല്ലോ ഇത്. വിയര്‍ത്തു ജോലി ചെയ്യുന്നവനോട് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കു പുച്ഛമാണ്. ഇത്തരമൊരു സമൂഹത്തെയാണ് ഓറഞ്ചും നീലയും പാസ്‌പോര്‍ട്ടുകളുള്ളവരാക്കി വിഭജിക്കുന്നത്.
വിദേശത്തും ഓറഞ്ചു പാസ്‌പോര്‍ട്ടുള്ളവനെ രണ്ടാം കിടക്കാരനായി കണക്കാക്കാനേ ഈ തീരുമാനം വഴിവയ്ക്കൂ. ഓറഞ്ചു പാസ്‌പോര്‍ട്ടുള്ളവന്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടും. നമ്മുടെ ഉദ്യോഗസ്ഥര്‍ തന്നെ ചൂഷണത്തിനു നേതൃത്വം നല്‍കും. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്കു വ്യത്യസ്ത തരത്തിലുള്ള പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ തീരുമാനമെടുത്ത ലോകത്തെ ഏക രാജ്യമാണ് ഇന്ത്യ.
അത് അനിവാര്യമാണെങ്കില്‍ എന്തുകൊണ്ടു ലോകത്തെ മറ്റു രാജ്യങ്ങളൊന്നും ഇത്തരമൊരു തീരുമാനം കൈകൊള്ളുന്നില്ല. ബ്രിട്ടനില്‍ ജിബ്രാള്‍ട്ടര്‍ പോലെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു പ്രത്യേക തരത്തിലുള്ള പാസ്‌പോര്‍ട്ട് അനുവദിക്കുന്നുണ്ട്. അവിടെയും വിദ്യാഭ്യാസത്തിന്റെയും സാമ്പത്തികാവസ്ഥയുടെയും അടിസ്ഥാനത്തിലല്ല അത്.
സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി വിദേശത്തു പോകുന്നവര്‍ക്കു വെള്ളനിറത്തിലുളളതും ഒഫീഷ്യല്‍ ഡിപ്ലോമസിയുടെ ഭാഗമായി പോകുന്നവര്‍ക്കു മെറൂണ്‍ നിറത്തിലുള്ളതും സാധാരണ പൗരന്മാര്‍ക്കു നേവി ബ്ലൂ നിറത്തിലുമുള്ള പാസ്‌പോര്‍ട്ടാണ് ഏറെക്കാലമായി ഇന്ത്യയില്‍ അനുവദിക്കുന്നത്. അതാണ് അട്ടിമറിക്കുന്നത്.
പാസ്‌പോര്‍ട്ടിലെ വ്യക്തിപരമായ വിവരങ്ങളടങ്ങിയ അവസാന പേജ് ഒഴിവാക്കുമെന്ന പരിഷ്‌കാരം കൂടി ജനുവരി 12ലെ തീരുമാനത്തിലുണ്ട്. പിതാവ്, ഭാര്യ, പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളടങ്ങിയതാണ് അവസാന പേജ്. അവസാനപേജ് കാലിയായി വിടുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ നിന്ന് ആ വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. ബാര്‍കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ വായിച്ചെടുക്കാം.
പക്ഷേ, വ്യക്തി അപകടത്തില്‍ പെടുമ്പോഴും മറ്റും പാസ്‌പോര്‍ട്ടില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കല്ലാതെ സാധാരണക്കാര്‍ക്കു മനസ്സിലാക്കാന്‍ കഴിയില്ല. വിദേശങ്ങളില്‍ ജീവ കാരുണ്യ-സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത്തരമൊരു സാഹചര്യം പ്രയാസം സൃഷ്ടിക്കും.
അന്താരാഷ്ട്രനിലവാരത്തിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരമെന്നാണു വിശദീകരണം. മറ്റു രാജ്യങ്ങളെ അന്തമായി അനുകരിക്കുന്നത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഗുണമാണോ എന്നു പരിശോധിക്കപ്പെടുന്നില്ല.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കിയ തീരുമാനം പച്ചയായ ന്യൂനപക്ഷ വിരുദ്ധതയുടെ അടയാളമാണ്. പതിറ്റാണ്ടുകളായി മുസ്‌ലിംകള്‍ക്കു ലഭിച്ച ആനുകൂല്യം നിര്‍ത്തലാക്കിയതിനെക്കുറിച്ചു കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അശേഷം ലജ്ജയില്ലാതെ പറഞ്ഞത് മുസ്‌ലിംകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് അതെന്നാണ്.
നേപ്പാളിലെ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്കായി കോടികള്‍ സബ്‌സിഡി അനുവദിക്കുന്നതിനും കുംഭമേളക്കു കോടികളെറിയുന്നതിനും മാനസസരോവറിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് സകല സഹായവും ചെയ്യുന്നതിനും ഒരു മുടക്കവും വരുത്താതിരിക്കുമ്പോഴാണിത്.
കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിര്‍ത്തലാക്കിയതും തീര്‍ത്ഥാടകരെ പൊതുവില്‍ ദ്രോഹിക്കുന്ന തീരുമാനമായിരുന്നു. ജനങ്ങള്‍ കൂടുതലായി ഹജ്ജിനു പോകുന്ന സ്ഥലത്താണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് വേണ്ടത്. കേരളത്തില്‍നിന്ന് ഹജ്ജിനു പോകുന്നവരില്‍ എഴുപതു ശതമാനവും മലബാര്‍ പ്രദേശങ്ങളിലുള്ളവരാണ്.
പാസ്‌പോര്‍ട്ടിന്റെ പേരില്‍ രാജ്യത്തെ പൗരന്മാരെ വേര്‍തിരിക്കുന്നതിനെതിരേ ജനുവരി 31 ന് (ബുധനാഴ്ച) ഇരട്ട സമരത്തിനു പ്രവാസി ലീഗ് നേതൃത്വം നല്‍കുകയാണ്.
കാലത്തു 10 മണിക്ക് പാസ്‌പോര്‍ട്ട് ഓഫീസിനു സമീപം പ്രതിഷേധ സമ്മേളനം നടത്തും. വൈകുന്നേരം 4 മണിക്ക് മാനാഞ്ചിറ സ്‌ക്വയറില്‍ സായാഹ്ന ധര്‍ണയും നടത്തും.
(പ്രവാസി ലീഗ്, കോഴിക്കോട് ജില്ലാ
പ്രസിഡന്റ്ാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."