മയിലിന് യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാന യാത്ര നിഷേധിച്ചു
ന്യൂയോര്‍ക്ക്: വിമാനയാത്രക്കെത്തിയ മയിലിന് യാത്ര നിഷേധിച്ച് എയര്‍ലൈന്‍സ് അധികൃതര്‍. അമേരിക്കയിലെ ന്യൂജഴ്‌സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തിലാണ് സംഭവം. യു.എസിലെ പ്രമുഖ ടി.വി ഷോയുടെ തിരക്കഥാകൃത്താണ് മയിലുമായി വിമാനത്താവളത്തിലെത്തിയത്. യുണൈറ്റഡ് എയര്‍ലൈന്‍സാണ് യാത്ര നിഷേധിച്ചത്. മയിലിന് സ്വന്തമായി ടിക്കറ്റ് ഉണ്ടായിരുന്നെങ്കിലും പക്ഷിയുടെ അമിതഭാരവും വലിപ്പവും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. വിമാന സര്‍വിസ് ചട്ടപ്രകാരം മയിലിന് യാത്ര അനുവദിക്കില്ലെന്നാണ് എയര്‍ലൈന്‍സ് അധികൃതരുടെ വിശദീകരണം. മയില്‍ വിമാനത്തിനുള്ളില്‍ പറന്നാല്‍ അത് മറ്റു യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടാകുമെന്നും അവര്‍ പറഞ്ഞു. തന്റെ മയിലിന് യാത്ര നിഷേധിച്ചതിനെ തുടര്‍ന്ന് ഉടമയും വിമാനത്തില്‍ കയറിയില്ല.
ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ഇമോഷണല്‍ സപ്പോര്‍ട്ട് ആനിമല്‍സിനെ നിര്‍ദേശിക്കാറുണ്ട്. ഇത് കണക്കിലെടുത്ത് വൈകാരിക പിന്തുണ നല്‍കാന്‍ മൃഗങ്ങളുമായി യാത്ര ചെയ്യാമെന്നും നിയമമുണ്ട്. യു.കെ, യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തരം സേവനം ലഭ്യാമാകുക. ആന, കുതിര, പന്നി ഉള്‍പ്പടെയുള്ള മൃഗങ്ങളും പട്ടികയിലുണ്ടെങ്കിലും യാത്രക്കാര്‍ക്ക് വൈകാരിക പിന്തുണ നല്‍കാനായി പലപ്പോഴും ഇത്തരം യാത്രകളിലുണ്ടാകുക പൂച്ചയോ പട്ടിയോ ആയിരിക്കും. ജെറ്റ് സെറ്റ് എന്ന യാത്ര അടിസ്ഥാനമാക്കിയുള്ള ടോക്ക് ഷോയിലൂടെയാണ് മയിലിന്റെയും ഉടമയുടെയും ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."